
ഭൂമി തരംമാറ്റല്‍: ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നെൽവയൽ തണ്ണീർത്തട നിയമത്തിൽ നടപ്പാക്കിയ ഭേദഗതി പൊതുജനങ്ങളിലേക്ക് എത്തിക്കാൻ സർക്കാർ ഉദ്യോഗസ്ഥർ, പ്രത്യേകിച്ച് തദ്ദേശ ഭരണ വകുപ്പ് ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വീട് വെക്കാൻ ഭൂമിതരംമാറ്റൽ അപേക്ഷകൾ പെരുകുന്നതിലും മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചു.
നെൽവയൽ തണ്ണീർത്തട നിയമം നിലവിൽ വന്ന 2008 ൽ ഉടമസ്ഥാവകാശം ഉണ്ടായിരുന്നതും ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ടിരുന്നതുമായ നെൽവയലിന്റെ ഉടമസ്ഥനോ അയാളുടെ കുടുംബത്തിനോ വീടുവെയ്ക്കാൻ പറ്റിയ സ്ഥലം സ്വന്തം ജില്ലയിൽ ഇല്ലാത്ത പക്ഷം ഗ്രാമപഞ്ചായത്തിൽ പത്ത് സെന്റും നഗരപ്രദേശങ്ങളിൽ അഞ്ച് സെന്റും നിലം വീടുവെക്കാൻ അനുമതി ലഭിക്കും. വേറെ വീടില്ലാത്ത ഒരു കുടുംബത്തിന് സ്വന്തം ആവശ്യത്തിന് വീട് വെക്കാൻ ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ടാലും നെൽവയൽ തണ്ണീർത്തട പരിധിയിൽ പെട്ടാലും ഗ്രാമപഞ്ചായത്തിൽ പത്ത് സെന്റും നഗരത്തിൽ അഞ്ച് സെന്റും സ്ഥലത്ത് വീട് വെക്കാൻ പഞ്ചായത്ത് – നഗരസഭ അനുമതി നൽകേണ്ടതാണെന്ന് മുഖ്യമന്ത്രി ചൂണ്ടികാട്ടി. കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥർ ഇത് ശ്രദ്ധിക്കേണ്ടതാണ്.
അപേക്ഷകരെ ഓരോ കാരണങ്ങൾ പറഞ്ഞ് മടക്കി അയക്കലല്ല തങ്ങളുടെ ഉത്തരവാദിത്തമെന്ന് ഉദ്യോഗസ്ഥരോടായി മുഖ്യമന്ത്രി പറഞ്ഞു. വീഴ്ച്ചവരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.
2016 ൽ അധികാരത്തിലെത്തിയ ഇടതു സർക്കാർ ആവിഷ്‌കരിച്ച ലൈഫ് പദ്ധതി രാജ്യത്തിനാകെ മാതൃകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനകം 4,27,000 വീടുവെച്ച് നൽകി. നെൽവയൽ നികത്തുന്നതിന് തടസ്സമായി നിലനിന്ന 2008 തണ്ണീർത്തട നെൽവയൽ നിയമത്തിലെ വ്യവസ്ഥയിൽ സർക്കാർ 2018 ൽ ഭേദഗതി കൊണ്ടുവന്നു. ഈ ഭേദഗതി പ്രകാരം, ഡേറ്റാ ബാങ്കിൽ ഉൾപ്പെടാത്ത നിലം ഇനത്തിൽ ഭൂമിയുടെ വിസ്തീർണ്മം 10 സെന്റിൽ കവിയാത്ത പക്ഷം, 120 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള വീട് നിർമ്മിക്കുന്നതിന് ഭൂമി തരം മാറ്റം ആവശ്യമാണ്.
ഇത്തരം വീടുകളുടെ നിർമ്മാണത്തിന് തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ഒരു തടസ്സവാദവും ഉന്നയിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. അഞ്ച് സെന്റ് ഭൂമിയിൽ 40 ചതുരശ്ര മീറ്റർ വാണിജ്യ കെട്ടിടം നിർമ്മിക്കുന്നതിന് തരം മാറ്റം ആവശ്യമില്ല. കെട്ടിട നിർമ്മാണ അപേക്ഷയോടൊപ്പം നിർദ്ദിഷ്ട ഭൂമി ഡാറ്റ ബാങ്കിൽ ഉൾപ്പെട്ടത് അല്ലെന്ന് സാക്ഷ്യപത്രം നൽകിയാൽ മതിയാകും. ഇത്തരം ആനുകൂല്യങ്ങളെക്കുറിച്ച് അറിയാതെ ധാരാളം പേർ തരംമാറ്റം അപേക്ഷയുമായി സർക്കാർ ഓഫീസുകളെ സമീപിക്കാറുണ്ടെന്നും ഇത്തരം അപേക്ഷകളിൽ കൃഷി-തദ്ദേശ-റവന്യു ഉദ്യോഗസ്ഥർ കൃത്യമായ വിവരം ജനങ്ങൾക്ക് നൽകണമെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.