ന്യൂഡല്‍ഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം സ്വന്തമാക്കി ബിജെപി. പത്ത് വർഷമായി ഡൽഹി ഭരിക്കുന്ന എഎപിയെ തൂത്തെറിഞ്ഞാണ് ബിജെപിയുടെ ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചു വരവ്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലും വോട്ടെണ്ണി തീര്‍ന്നു. 70ല്‍ 48 സീറ്റുകള്‍ സ്വന്തമാക്കി ബിജെപിയുടെ വമ്പന്‍ തിരിച്ചു വരവാണ് അന്തിമ ഫലം വരുമ്പോള്‍ ഉറപ്പാകുന്നത്. ശേഷിക്കുന്ന 22 സീറ്റുകള്‍ എഎപിയും ജയിച്ചു. കോണ്‍ഗ്രസ് ഇത്തവണയും പൂജ്യം സീറ്റില്‍ തന്നെ.
കാല്‍ നൂറ്റാണ്ട് നീണ്ട കാത്തിരിപ്പിനു ശേഷം ഡല്‍ഹി ബിജെപി ഭരിക്കും. 45.91 ശതമാനം വോട്ട് വിഹിതവുമായാണ് ബിജെപി ഇടവേളയ്ക്ക് ശേഷം ഡല്‍ഹി പിടിച്ചത്. വന്‍ പരാജയം സംഭവിച്ചെങ്കിലും എഎപിയുടെ വോട്ട് വിഹിതം 43.56 ശതമാനമുണ്ട്. ബിജെപിയുമായി 2.35 ശതമാനം മാത്രമാണ് വ്യത്യാസം.
വിജയത്തിനൊപ്പം വോട്ട് വിഹിതത്തില്‍ ഇത്തവണ വലിയ മുന്നേറ്റമുണ്ടാക്കാന്‍ ബിജെപിക്കായി. 38.51 ശതമാനം വോട്ട് വിഹിതമായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അവര്‍ക്കുണ്ടായിരുന്നത്. ഇത്തവണ 7.4 ശതമാനം വോട്ട് വിഹിതം വര്‍ധിച്ചു.
മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവര്‍ പരാജയപ്പെട്ടു. ന്യൂഡല്‍ഹി മണ്ഡലത്തില്‍ മൂവായിരം വോട്ടിനാണ് കെജരിവാള്‍ പരാജയപ്പെട്ടത്. ബിജെപിയുടെ പര്‍വേശ് സിങ് വര്‍മയ്ക്കാണ് വിജയം. മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സന്ദീപ് ദീക്ഷിത് 3873 വോട്ടുകള്‍ നേടി. ആദ്യമായാണ് കെജരിവാള്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്നത്. മുന്‍ ഡല്‍ഹി മുഖ്യമന്ത്രി സാഹിബ് സിങ് വര്‍മയുടെ മകനാണ് പര്‍വേശ് വര്‍മ. പര്‍വേശിന് 25,507 വോട്ടും അരവിന്ദ് കെജരിവാളിന് 22057 വോട്ടുമാണ് ലഭിച്ചത്.
എഎപി സ്ഥാനാര്‍ഥിയും മുന്‍ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ ജങ്പുരയില്‍ തോറ്റു. 636 വോട്ടിനാണ് പരാജയം. ബിജെപിയുടെ സല തര്‍വീന്ദര്‍ സിംഗ് മര്‍വയാണ് ജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ഫര്‍ഹാദ് സൂരി 6551 വോട്ട് നേടി. 2020 ലെ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ടി 15,000 ത്തിലധികം വോട്ടുകള്‍ക്ക് വിജയിച്ച മണ്ഡലമാണ്.
മുന്‍നിര നേതാക്കളെല്ലാം പരാജയപ്പെട്ടപ്പോള്‍ എഎപിയില്‍ ആശ്വസിക്കാന്‍ വക കിട്ടിയത് മുഖ്യമന്ത്രി അതിഷിയ്ക്കു മാത്രം. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ അവര്‍ കല്‍കാജി മണ്ഡലത്തില്‍ നിന്നു വിജയിച്ചു കയറിയത് പാര്‍ട്ടിക്ക് ആശ്വാസമായി. ബിജെപിയുടെ രമേഷ് ബിധുരി, കോണ്‍ഗ്രസിന്റെ അല്‍ക്ക ലാംബ എന്നിവരെയാണ് അതിഷി പരാജയപ്പെടുത്തിയത്.