
ഗവർണർക്കും സ്റ്റാഫിനും ബജറ്റിൽ 13.94 കോടി! കഴിഞ്ഞ തവണത്തേക്കാൾ 1 കോടി കൂടുതൽ
ശമ്പളവും ക്ഷാമബത്തയും അടക്കമുള്ള ആനുകൂല്യങ്ങൾ
രാജ് ഭവന് ബജറ്റിൽ 13.94 കോടി. 2024- 25 സാമ്പത്തിക വർഷം 12.95 കോടിയായിരുന്നു രാജ് ഭവൻ്റെ ബജറ്റ് എസ്റ്റിമേറ്റ്. ഒരു കോടിയോളം രൂപ അധികമായി രാജ്ഭവന് ബജറ്റ് വിഹിതമായി നൽകും.
ബജറ്റിൽ വകയിരുത്തിയ തുക തീരുന്ന മുറക്ക് അധിക ഫണ്ട് അനുവദിക്കും. ഗവർണർക്ക് വാർഷിക ശമ്പളമായി 42 ലക്ഷം രൂപയാണ് വകയിരുത്തിയത്. 3.50 ലക്ഷം രൂപയാണ് ഗവർണറുടെ പ്രതിമാസ ശമ്പളം.
രാജ്ഭവനിലെ ഉദ്യോഗസ്ഥരുടെ ശമ്പളവും ക്ഷാമബത്തയും അടക്കമുള്ള മറ്റ് ചെലവുകൾക്ക് 8.10 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. ഗവർണർക്ക് ഇഷ്ടാനുസാരദാനം ചെലവഴിക്കാൻ 25 ലക്ഷം, ഗാർഹിക ചെലവിന് 4.37 കോടി, വൈദ്യസഹായം 54.73 ലക്ഷം, മനോരജ്ഞന ചെലവുകൾ 2 ലക്ഷം, സഞ്ചാര ചെലവുകൾ 13 ലക്ഷം, കരാർ നിശ്ചയ പ്രകാരമുള്ള അലവൻസുകൾക്ക് 10.50 ലക്ഷം എന്നിങ്ങനെയാണ് തുക വകയിരുത്തിയിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിന് ബജറ്റിൽ 4.23 കോടി
മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫുകൾക്ക് ബജറ്റിൽ 4.23 കോടി. 2022- 23 ൽ 3.71 കോടിയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ്റെ പേഴ്സണൽ സ്റ്റാഫിൻ്റെ ശമ്പളവും മറ്റ് അലവൻസുകളുമായി ചെലവായത്.
2024-25 ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ഇത് 3.85 കോടിയായി ഉയർന്നു. 2025- 26 ബജറ്റ് എസ്റ്റിമേറ്റ് 4.23 കോടിയും. ബജറ്റിൽ വകയിരുത്തിയിരിക്കുന്ന തുക തീരുന്ന മുറക്ക് അധിക ഫണ്ട് അനുവദിക്കും. 33 പേരാണ് മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ ഉള്ളത്. 12 ഓളം താൽക്കാലിക ജീവനക്കാരും മുഖ്യമന്ത്രിക്കുണ്ട്.
കേരളം ഭരിച്ച മുഖ്യമന്ത്രിമാരിൽ ഏറ്റവും കൂടുതൽ പേഴ്സണൽ സ്റ്റാഫുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൻ്റെ ബജറ്റ് വിഹിതം ഇങ്ങനെ:
ശമ്പളം: 3.25 കോടി, ക്ഷാമബത്ത – 51. 14 ലക്ഷം, വീട്ട് വാടക അലവൻസ്: 13.95 ലക്ഷം, മെഡിക്കൽ റീ ഇമ്പേഴ്സ്മെൻ്റ്: 63,000 , മറ്റ് അലവൻസുകൾ – 4.61 ലക്ഷം, ഓവർ ടൈം അലവൻസ് – 1000 രൂപ, വേതനം – 16.78 ലക്ഷം, യാത്ര ബത്ത 10 ലക്ഷം, സ്ഥലം മാറ്റ ബത്ത: 15,000 രൂപ, അവധി യാത്രാനുകൂല്യം – 16000 രൂപ