തിരുവനന്തപുരം: കെ.എൻ. ബാലഗോപാല്‍ അവതരിപ്പിച്ച 2025-26ലേക്കുള്ള സംസ്ഥാന ബജറ്റിനെതിരെ ഭരണാനുകൂല സംഘടനകളും രംഗത്ത്. ബജറ്റ് നിരാശജനകമെന്ന് സിപിഐയുടെ സർവീസ് സംഘടന ജോയിൻ്റ് കൌണ്‍സിലിൻ്റെ നേതൃത്വത്തിലുള്ള അദ്ധ്യാപക – സർവീസ് സംഘടനാ സമരസമിതി പ്രസ്താവനയിലൂടെ അറിയിച്ചു.
കുടിശിക നൽകില്ലെന്നുള്ള നിഷേധാത്മക നിലപാടിൽ മാറ്റം വരുത്തി എന്ന ചെറിയ ആശ്വാസം ഒഴികെ ജീവനക്കാർക്കും അദ്ധ്യാപകർക്കും നിരാശാജനകമായ ബഡ്ജറ്റാണ് ഇന്ന് അവതരിപ്പിക്കപ്പെട്ടതെന്ന് അദ്ധ്യാപക – സർവീസ് സംഘടനാ സമരസമിതി പ്രസ്താവനയിൽ അറിയിച്ചു.
2024 ജൂലൈ ഒന്നു മുതൽ നടപ്പിലാക്കേണ്ട വേതന പരിഷ്‌ക്കരണത്തെ കുറിച്ച് ബജറ്റിൽ മൗനം അവലംബിക്കുകയാണ്. ബജറ്റിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് അഞ്ചുവർഷത്തിലൊരിക്കൽ വേതന പരിഷ്‌ക്കരണമെന്നതിൽ മാറ്റമുണ്ടാകില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പോലും മുഖവിലയ്‌ക്കെടുക്കുവാൻ ബജറ്റ് തയ്യാറായിട്ടില്ല എന്നത് ഖേദകരമാണെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.
മുഖ്യമന്ത്രി ചട്ടം 300 പ്രകാരം നിയമസഭയിൽ നടത്തിയ പ്രസ്താവനയുടെ അന്തഃസത്ത ഉൾക്കൊള്ളാൻ ബഡ്ജറ്റ് തയ്യാറായിട്ടില്ല. പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്ന കാര്യത്തിൽ കഴിഞ്ഞ ബഡ്ജറ്റ് പ്രഖ്യാപനം ആവർത്തിക്കുകയല്ലാതെ ക്രിയാത്മകമായ ഒരു നിർദ്ദേശവും ബഡ്ജറ്റ് മുന്നോട്ടു വയ്ക്കുന്നില്ലെന്നും അദ്ധ്യാപക – സർവീസ് സംഘടനാ സമരസമിതി പറയുന്നു.
ജീവനക്കാരുടെ വിഹിതം ഈടാക്കുന്ന ഒരു പെൻഷൻ പദ്ധതിയെയും അംഗീകരിക്കുവാൻ കഴിയില്ല എന്ന് സംഘടനകൾ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ജീവനക്കാർക്ക് നൽകാനുള്ള കുടിശികകൾ നൽകിയതിലൂടെ വന്ന ബാധ്യതയെ കഴിഞ്ഞ ശമ്പളപരിഷ് ക്കരണത്തിന്റെ ബാധ്യതയായി പ്രഖ്യാപിക്കുന്ന നിലപാട് വീണ്ടും ബഡ്ജറ്റിലൂടെ ആവർത്തിച്ചിരിക്കുകയാണ്.
കാർഷിക- ടൂറിസം മേഖലകളിലും അടിസ്ഥാന സൗകര്യ വികസനങ്ങളിലും ബഡ്ജറ്റ് ശ്രദ്ധിക്കുന്നുണ്ടെങ്കിലും പണിയെടുക്കുന്ന ജനവിഭാഗത്തിന്റെ ആവശ്യങ്ങളെ പരിഗണിക്കുവാൻ ബഡ്ജറ്റിലൂടെ ധനകാര്യവകുപ്പ് മന്ത്രി തയ്യാറായിട്ടില്ല എന്ന് അദ്ധ്യാപക- സർവീസ് സംഘടനാ സമരസമിതി ജനറൽ കൺവീനർ ജയശ്ചന്ദ്രൻ കല്ലിംഗലും ചെയർമാൻ ഒ.കെ.ജയകൃഷ്ണനും പ്രസ്താവനയിൽ അറിയിച്ചു.