നിയമസഭയിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ പോലും പാലിക്കാതെ സംസ്ഥാന സർക്കാർ ജീവനക്കാരെ കേരള ബജറ്റിൽ പറ്റിച്ചുവെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ് ഇർഷാദ് അഭിപ്രായപ്പെട്ടു. 2021 ൽ സർക്കാർ ഉത്തരവിറക്കി അനുവദിച്ച കാര്യങ്ങൾ നിഷേധിച്ച ശേഷം അവയിൽ പാതി മാത്രം ഇപ്പോൾ ബജറ്റ് പ്രസംഗത്തിൽ അനുവദിക്കുന്നുവെന്ന് പ്രഖ്യാപിച്ച് പരിഹാസ്യനാവുകയാണ് ധനമന്ത്രി.
അതിൽ പോലും ശമ്പള പരിഷ്ക്കരണ കുടിശ്ശികയിൽ രണ്ട് ഗഡു മാത്രമേ ലയിപ്പിക്കുകയുള്ളൂ. ജീവനക്കാരുടെ പി എഫിൽ കിടക്കുന്ന 4 ഗഡു ഡി എ കുടിശ്ശികയുടെ രണ്ട് ഗഡു ലോക്ക്-ഇൻ- ഒഴിവാക്കുന്നുവെന്നത് ബജറ്റിൽ എടുത്ത്പറയാവുന്ന നേട്ടമെന്ന് വാഴ്ത്തുന്നത് വല്ലാത്ത തൊലിക്കട്ടിയാണ്. 2023 ഏപ്രിൽ 1, ഒക്ടോബർ 1, 2024 ഏപ്രിൽ 1, ഒക്ടോബർ1 തീയതികളിൽ ലയിപ്പിക്കേണ്ടിയിരുന്ന കുടിശ്ശികയിൽ 2 ഗഡുവാണ് ലയിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. അവശേഷിക്കുന്ന രണ്ട് ഗഡുവിനെ കുറിച്ച് മൗനം പാലിക്കുന്നു.
പുതിയ ശമ്പള പരിഷ്ക്കരണത്തിന് അർഹത നേടിയിട്ടും പൂർവ പരിഷ്ക്കരണത്തിൻ്റെ കുടിശ്ശിക പൂർണമായി അനുവദിക്കാത്തത് അപലപനീയമാണ്. ഡി എ കുടിശ്ശിക ആറു ഗഡുവായിരിക്കെ വെറും ഒരു ഗഡു ഡി എ മാത്രമേ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളൂ.
ജീവനക്കാർക്ക് നിലവിൽ 19% ഡി എ കുടിശ്ശികയുണ്ട് .2025 ജനുവരി മുതൽ 3% ഡി എ ക്കൂ കൂടി ജീവനക്കാർ അർഹരായി. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ഡി എ 3.% ആണ്. ഏപ്രിൽ മാസത്തെ ശമ്പളത്തിൽ ഡി എ അനുവദിക്കുമ്പോൾ കുടിശ്ശിക ഡി എ ഗന്ധുക്കൾ ആറായി തുടരുകയും തുക 19% ആയി ഉയരുകയും ചെയ്യും. ജീവനക്കാരുടെ ആനുകൂല്യങ്ങളുടെ കുടിശ്ശിക കൊടുത്തു തീർക്കുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം ജലരേഖയായിരിക്കുകയാണ്.
ജീവനക്കാരോട് എൽ ഡി എഫ് സർക്കാരിന് പ്രതികാര മനോഭാവമാണ്. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച
അഷ്വേർഡ് പെൻഷൻ പദ്ധതി ആവർത്തിച്ചതോടെ പങ്കാളിത്ത പെൻഷൻ പദ്ധതി പൂർണമായി ‘പിൻവലിക്കില്ലെന്ന് ഉറപ്പായിരിക്കുന്നു. പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കണമെന്ന ആവശ്യം പുതിയ പദ്ധതി പ്രഖ്യാപനത്തിലൂടെ ഇടതു സർക്കാർ ചവറ്റുകുട്ടയിലേക്ക് തള്ളിയിരിക്കുകയാണ് – ഇർഷാദ് എം.എസ് കുറ്റപ്പെടുത്തി
![Kerala Secretariat Action council](https://malayalammedia.live/wp-content/uploads/2025/02/Kerala-Secretariat-Action-council-1024x640.jpg)
ബജറ്റ് പ്രസംഗത്തിൻ്റെ പകർപ്പ് കത്തിച്ച് പ്രതിഷേധം
സംസ്ഥാന സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ പുന:സ്ഥാപിക്കാതെ ജീവനക്കാരെ അവഗണിച്ചതിലും ഡിഎ കേവലം മൂന്ന് ശതമാനം മാത്രം അനുവദിച്ചതിലും പ്രതിഷേധിച്ച് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് ജീവനക്കാർ ബജറ്റ് പ്രസംഗത്തിൻ്റെ പകർപ്പ് കത്തിച്ചു സെക്രട്ടേറിയറ്റിലേക്ക് നടത്തി. കൺവീനർ എം എസ് ഇർഷാദ് ഉദ്ഘാടനം ചെയ്തു.
ബജറ്റ് സർക്കാർ ജീവനക്കാരെ സംബന്ധിച്ചിടത്തോളം ചരമോപചാര രേഖയായി മാറിയെന്ന് അദ്ദേഹം പറഞ്ഞു.
കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻജനറൽ സെക്രട്ടറി കെ പി പുരുഷോത്തമൻ , കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് പി എൻ മനോജ്കുമാർ, ജനറൽ സെക്രട്ടറി എസ് പ്രദീപ്കുമാർ, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം എസ് മോഹനചന്ദ്രൻ, കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി വി എ ബിനു, അരുൺകുമാർ, എ സുധീർ, നൗഷാദ് ബദറുദ്ദീൻ, തിബീൻ നീലാംബരൻ ,ജി ആർ ഗോവിന്ദ്, ആർ രഞ്ജിഷ് കുമാർ, സൂസൻ ഗോപി, എൻ സുരേഷ് ,വി ഉമൈബ, എൻ റീജ, ഷിബു ഇബ്രാഹിം ,ജി എസ് കീർത്തി നാഥ്,എം ജി രാജേഷ്,തുടങ്ങിയവർ സംസാരിച്ചു.