Kerala Government News

ബജറ്റ് 2025- 26 : പെൻഷൻ പരിഷ്കരണ കുടിശികയുടെ അവസാന ഗഡു ഫെബ്രുവരിയിൽ വിതരണം ചെയ്യുമെന്ന് കെ.എൻ. ബാലഗോപാൽ

പെൻഷൻ പരിഷ്കരണ കുടിശികയുടെ നാലാം ഗഡു ഫെബ്രുവരിയിൽ വിതരണം ചെയ്യുമെന്ന് കെ.എൻ. ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചു. 600 കോടിയാണ് ഇതിൻ്റെ ചെലവ്. ക്ഷാമ ആശ്വാസ പരിഷ്കരണത്തിൻ്റെ 2 ഗഡുക്കളെ കുറിച്ച് ബജറ്റ് മൗനം പുലർത്തി.

ശമ്പളപരിഷ്‌കരണ കുടിശികയുടെ രണ്ടുഗഡു ഈ സാമ്പത്തിക വര്‍ഷം തന്നെ അനുവദിക്കും. പിഎഫില്‍ ലയിപ്പിക്കും. ഡിഎ കുടിശികയുടെ രണ്ടു ഗഡു ലഭിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ കെ.എൻ. ബാലഗോപാൽ പറഞ്ഞു.

ജീവനക്കാരുടെ ശമ്പള പരിഷ്കരണ കുടിശികയുടെ 2 ഗഡു പി. എഫിൽ ലയിപ്പിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചു. ബജറ്റ് പ്രസംഗത്തിൻ്റെ തുടക്കത്തിൽ ആയിരുന്നു ബാലഗോപാലിൻ്റെ പ്രഖ്യാപനം. 1900 കോടിയാണ് ഇതിന് ചെലവ് വരിക. 1-7-19 മുതൽ 28-2-21 വരെയുള്ള ശമ്പള പരിഷ്കരണ കുടിശിക 4 ഗഡുക്കളായി 25 ശതമാനം വീതം 2023 ഏപ്രില്‍, നവംബർ മാസങ്ങളിലും, 2024 ഏപ്രില്‍, നവംബർ മാസങ്ങളിലും ജീവനക്കാരുടെ പി.എഫ് അക്കൗണ്ടിൽ ക്രഡിറ്റ് ചെയ്യുമെന്നായിരുന്നു വാഗ്ദാനം. 2021 ഫെബ്രുവരിയിൽ തോമസ് ഐസക്ക് ഇത് സംബന്ധിച്ച് ഉത്തരവും ഇറക്കി. തെരഞ്ഞെടുപ്പ് കഴിഞ്ഞ് അധികാരത്തിലെത്തിയതോടെ ബാലഗോപാൽ ഇത് തടഞ്ഞ് വച്ചു. ഐസക്ക് ഇറക്കിയ ഉത്തരവ് കാണിച്ചിട്ട് പോലും ബാലഗോപാൽ അനങ്ങിയില്ല.

പ്രോവിഡൻ്റ് ഫണ്ടിലെ ലോക്ക്ഇൻ കാലം കഴിഞ്ഞിട്ടും പിൻവലിക്കൽ തടഞ്ഞ ക്ഷാമബത്തയുടെ 2 ഗഡുക്കൾ ഈ സാമ്പത്തിക വർഷം നൽകുമെന്ന് കെ.എൻ. ബാലഗോപാൽ. 01/01/2019 മുതലുള്ള 3% ഡിഎയുടെ 26 മാസം, 01/07/2019 മുതലുള്ള 5% ഡിഎയുടെ 20 മാസം, 01/01/2020 മുതലുള്ള 4% ഡിഎയുടെ 14 മാസം, 01/07/2020 മുതലുള്ള 4% ഡി എ യുടെ 8മാസം എന്നിങ്ങനെ 68 മാസത്തെ കുടിശ്ശികയാണ് തടഞ്ഞത്. ഇതിൻ്റെ ആദ്യ രണ്ട് ഗഡുക്കളാണ് ഇപ്പോൾ നൽകുന്നത്.

ധനഞെരുക്കത്തിന്റെ തീക്ഷണമായ ഘട്ടത്തെ അതിജീവിച്ചെന്ന് പ്രഖ്യാപിച്ചാണ് ധനമന്ത്രി ബജറ്റ് പ്രസംഗം തുടങ്ങിയത്. സംസ്ഥാനം ധനഞെരുക്കം നേരിട്ടപ്പോൾ അത് മറച്ചുപിടിക്കാതെ തുറന്നുപറയാനാണ് സർക്കാർ ശ്രമിച്ചത്. ധനഞെരുക്കം വികസന പ്രവർത്തനത്തെ ബാധിച്ചില്ല. കേരളം ഒരു ടേക്ക്ഓഫിനു സജ്ജമായിരിക്കുകയാണെന്നും ബാലഗോപാൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *