Kerala

100 കോടിയുടെ തട്ടിപ്പില്‍ ഇ.ഡി എത്തിയതോടെ ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം; സി.പി.ഐയില്‍ നിന്ന് പുറത്താക്കി

തിരുവനന്തപുരം: 101 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ കണ്ടല സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റും സി.പി.​ഐ നേതാവും നിലവിൽ മിൽമ തിരുവനന്തപുരം മേഖല യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനറുമായ എൻ.ഭാസുരാംഗനെ പാർട്ടിയിൽ നിന്നും പുറത്താക്കി.

തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിനിടെ ബാങ്കിന്റെ മുന്‍ പ്രസിഡന്റും സി.പി.ഐ ജില്ല എക്‌സിക്യൂട്ടീവ് അംഗവുമായ എന്‍. ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഭാസുരാംഗനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

100 കോടിയിലേറെ രൂപയുടെ നിക്ഷേപ തട്ടിപ്പ് ആരോപണം നേരിടുന്ന കണ്ടല സര്‍വീസ് സഹകരണ ബാങ്കിലും ഭാസുരാംഗന്റെയും മുന്‍ സെക്രട്ടറിമാരുടേയും വീടുകളിലും ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഇ.ഡി സംഘം എത്തിയത്.

ബാങ്കിലെ നിക്ഷേപങ്ങള്‍, വായ്പകള്‍ ഉള്‍പ്പെടെയുള്ള ഇടപാട് രേഖകള്‍ ഇ.ഡി സംഘം പരിശോധിച്ചു. ഭാസുരാംഗന്റെ പൂജപ്പുരയിലെ വീട്ടില്‍ നടത്തിയ പരിശോധക്ക് ശേഷമാണ് മാറനല്ലൂരിലെ വീട്ടിലെത്തിച്ച് പരിശോധന നടത്തിയത്. ഇതിനിടെയാണ് ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. പൂജപ്പുരയിലെ വീട്ടിലെ പരിശോധന പൂര്‍ത്തിയായതിന് പിന്നാലെയാണ് ഇന്നലെ രാത്രിയോടെ ഇ.ഡി ഉദ്യോഗസ്ഥര്‍ ഭാസുരാംഗനുമായി കണ്ടലയിലെ വീട്ടിലേക്ക് പോയത്.

ഭാസുരാംഗന്‍ കണ്ടലയിലെ വീട്ടില്‍ നിന്നും ആറു മാസം മുമ്പ് താമസം മാറിയിരുന്നു. ഇ.ഡി ഉദ്യോഗസ്ഥര്‍ രാവിലെ മുതല്‍ ഇവിടെ ഉണ്ടെങ്കിലും തുറന്ന് പരിശോധിക്കാന്‍ കഴിഞ്ഞിരുന്നില്ല. സംശയനിവാരണത്തിനായാണോ രേഖകള്‍ ശേഖരിക്കാനാണോ ഭാസുരാംഗനെ വാഹാനത്തില്‍ കണ്ടലയിലെ വീട്ടിലേക്ക് കൊണ്ടുപോയതെന്ന് ഇ.ഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടില്ല.

ഇതിനിടെ, ബാങ്കിലെ പരിശോധന തുടരുകയാണ്. കരുവന്നൂരിന് പിന്നാലെയാണ് കണ്ടല സര്‍വീസ് സഹകരണ ക്രമക്കേടിലും ഇ.ഡി ഇടപെടലുണ്ടായത്. ബാങ്കിലും ബാങ്ക് സെക്രട്ടറിമാരുടെ വീട്ടിലും ആയി ആറിടങ്ങളിലാണ് പരിശോധന നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *