ക്ഷേമ പെൻഷൻ 2000 രൂപ ആയി ഉയർത്തിയേക്കും. 2021- 22 മുതലുള്ള ബാലഗോപാൽ ബജറ്റിൽ 100 രൂപ പോലും ക്ഷേമ പെൻഷൻ തുക വർദ്ധിപ്പിച്ചിരുന്നില്ല. 2021-22 ലെ പുതുക്കിയ ബജറ്റ്, 2022-23, 2023 – 24, 2024- 25 എന്നിങ്ങനെ 4 ബജറ്റുകളാണ് ബാലഗോപാൽ ഇതുവരെ അവതരിപ്പിച്ചത്. ഓരോ ബജറ്റിലും 100 രൂപ വീതം എങ്കിലും ക്ഷേമ പെൻഷനിൽ വർധന വരുത്തിയിരുന്നുവെങ്കിൽ ക്ഷേമ പെൻഷൻ തുക ഇപ്പോൾ തന്നെ 2000 രൂപ എന്ന നിലയിൽ എത്തുമായിരുന്നു.
തെരഞ്ഞെടുപ്പ് വർഷ ബജറ്റാണ് അവതരിപ്പിക്കുന്നത് എന്നത് കൊണ്ട് ഇത്തവണ ക്ഷേമ പെൻഷൻ തുക ഉയർത്തും എന്നാണ് ധനകാര്യ വിദഗ്ധരുടെ കണക്കുക്കൂട്ടൽ. 2500 രൂപ ആയി ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കും എന്നായിരുന്നു 2021 ലെ എൽ. ഡി.എഫ് പ്രകടന പത്രിക വാഗ്ദാനം. നിലവിൽ 1600 രൂപയാണ് പെൻഷൻ. അത് തന്നെ 3 മാസത്തെ കുടിശികയും ഉണ്ട്. 4800 രൂപ വീതം ഓരോ ക്ഷേമ പെൻഷൻകാരനും കുടിശികയാണ്.
ക്ഷേമ പെൻഷൻകാർ മരണപ്പെട്ടാൽ കുടിശിക അവകാശികൾക്ക് ലഭിക്കില്ല. ക്ഷേമ പെൻഷൻ വാങ്ങുന്നവരിൽ 25000 ത്തോളം പേർ ഒരു വർഷം മരണമടയുന്നു എന്നാണ് ഏകദേശ കണക്ക്. പലരും വാർധക്യ സംബന്ധമായ അസുഖങ്ങളാൽ വലയുന്നവരാണ്. അതുകൊണ്ട് തന്നെ ക്ഷേമ പെൻഷൻകാർക്ക് കുടിശിക വരുത്തുന്നത് നീതികരിക്കാൻ ആവുന്നതല്ല.
ലോകസഭ തെരഞ്ഞെടുപ്പ് സമയത്ത് 5 മാസത്തെ കുടിശിക ആയിരുന ക്ഷേമ പെൻഷനിൽ ഉണ്ടായിരുന്നത്. ലോക സഭയിൽ ദയനിയമായി തോറ്റതോടെ സർക്കാർ കണ്ണ് തുറന്നു. 5 ഗഡു കുടിശികയിൽ 2 ഗഡു കൊടുത്തു. 2025- 26 സാമ്പത്തിക വർഷം കുടിശികയായ 3 ഗഡുക്കൾ നൽകും എന്നാണ് മുഖ്യമന്ത്രിയുടെ വാഗ്ദാനം.വാഗ്ദാനം പാലിച്ചാൽ 2025 – 26 സാമ്പത്തിക വർഷം ക്ഷേമ പെൻഷൻകാർക്ക് 15 മാസത്തെ പെൻഷൻ ലഭിക്കും.
പെൻഷൻ നൽകുന്ന കമ്പനിക്ക് സർക്കാർ 15000 കോടി കൊടുക്കാനും ഉണ്ട്.ക്ഷേമ പെൻഷൻ ഉയർത്തരുത് എന്ന് ധനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനും ഭരണത്തിൽ കാര്യങ്ങൾ നിയന്ത്രിക്കുന്ന വിരമിച്ച ധനകാര്യ വിദഗ്ധനും ബാലഗോപാലിനെ ഉപദേശിച്ചിട്ടും ഉണ്ട്. പകരം ക്ഷേമ പെൻഷൻ കൃത്യമായി കൊടുക്കുക എന്നതിന് ഊന്നൽ നൽകണം എന്നാണ് ഇവരുടെ ഉപദേശം.
തദ്ദേശവും നിയമസഭ തെരഞ്ഞെടുപ്പും വരുന്നതിനാൽ ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കും എന്ന സൂചനകളാണ് ലഭിക്കുന്നത്. 1750 രൂപ ആയി വർദ്ധിപ്പിക്കാൻ ഏകദേശ ധാരണ ആയിട്ടുണ്ട്. എന്നാൽ ഇത് പോര 2000 രൂപ ആയി വർദ്ധിപ്പിക്കണം എന്ന ആവശ്യം ശക്തമാണ്.
100 രൂപ വീതം ഓരോ ബജറ്റിലും വർദ്ധിപ്പിച്ചിരുന്നെങ്കിൽ ബാലഗോപാൽ ഇങ്ങനെ ധർമ്മ സങ്കടത്തിലാകില്ലായിരുന്നു . 2000 രൂപ ആയി ഉയർത്തും എന്ന് തന്നെയാണ് ലഭിക്കുന്ന സൂചനകൾ.
പെൻഷൻ തുക ഉയർത്തുന്നത് ഖജനാവിന് നഷ്ടമല്ല. ക്ഷേമ പെൻഷൻ ലഭിക്കുന്നവർ ആ തുക വീട്ടിൽ കൊണ്ട് പോയി അലമാരയിൽ സൂക്ഷിക്കില്ല. ആ പണം അവർ ചെലവാക്കും . നിത്യ വൃത്തിക്കായുള്ള സാധനങ്ങൾ മുതൽ മരുന്നുകൾ വരെ അവർ ഇതിന് വാങ്ങും. വാങ്ങുന്ന സാധനങ്ങൾക്ക് എല്ലാം വലിയ നികുതിയും സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കൊടുക്കുന്ന പണം നികുതിയായി സർക്കാർ ഖജനാവിൽ തിരിച്ചെത്തും. സാമ്പത്തിക ശാസ്ത്രത്തിൻ്റെ അളവുകോൽ അനുസരിച്ച് 6 കറക്കം കറങ്ങി പണം ഖജനാവിൽ എത്തും. അതുകൊണ്ട് തന്നെ ക്ഷേമ പെൻഷൻ തുക 5000 രൂപ ആയി ഉയർത്തിയാലും സർക്കാരിന് നഷ്ടമല്ല. ജനങ്ങളുടെ കയ്യിൽ പണം എത്തിയാൽ സമ്പദ് വ്യവസ്ഥ ചലിക്കും. പണം നികുതിയായി ഓടി ഖജനാവിൽ കയറും. ഖജനാവ് നിറയും . അതിന് പകരം പണമില്ലേ പണമില്ലേ എന്ന് കരഞ്ഞാൽ ഒന്നും നടക്കുകയും ഇല്ല .
താൻ അക്കൗണ്ടൻസി പഠിച്ച ആളാണ് എന്നാണ് ബാലഗോപാലിൻ്റെ അവകാശവാദം. ബാലഗോപാലിൻ്റെ ധനകാര്യ മാനേജ്മെൻ്റിൽ അക്കൗണ്ടൻസി പഠിച്ചതിൻ്റെ ഗുണങ്ങൾ കാണുന്നില്ലെന്ന് പറയാതെ വയ്യ.