പങ്കാളിത്ത പെൻഷൻ നിർത്തും. നിർണായക പ്രഖ്യാപനം ഏഴാം തീയതി കെ.എൻ ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിക്കും. പങ്കാളിത്ത പെൻഷന് പകരം ശമ്പളത്തിൻ്റെ നിശ്ചിത ശതമാനം പെൻഷൻ കിട്ടുന്ന പദ്ധതി പ്രഖ്യാപിക്കും. കഴിഞ്ഞ ബജറ്റിൽ ഖണ്ഡിക 560 ൽ ബാലഗോപാൽ ഇതിനെ കുറിച്ച് വ്യക്തമായ സൂചന നൽകിയിരുന്നു.
ഖണ്ഡിക 560 ൽ പറഞ്ഞത് ഇങ്ങനെ ”പങ്കാളിത്ത പെൻഷൻ സമ്പ്രദായം പുനഃപരിശോധിച്ച് ജീവനക്കാർക്ക് സുരക്ഷിതത്വം നൽകുന്ന ഒരു പദ്ധതി നടപ്പിലാക്കാനാണ് ആലോചിക്കുന്നത്. ഒരു Assured പെൻഷൻ സമ്പ്രദായം നടപ്പിലാക്കുന്നതിന് വേണ്ടി പുതുക്കിയ സ്കീം രൂപികരിക്കും. കേന്ദ്ര സർക്കാരിന് നൽകിയ വിഹിതം തിരികെ ലഭ്യമാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കും. മറ്റ് സംസ്ഥാനങ്ങളിലെ പുതിയ പദ്ധതികൾ കൂടി പഠിച്ച് സംസ്ഥാനത്ത് നടപ്പിലാക്കാനാവശ്യമായ നടപടികൾ സ്വീകരിക്കും”.
എന്നാൽ കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനത്തിൽ നിന്ന് ഒരു പടി മുന്നോട്ട് പോകാൻ ബാലഗോപാലിന് സാധിച്ചില്ല. തെരഞ്ഞെടുപ്പ് വർഷം ആയതു കൊണ്ട് ഇത്തവണ കാര്യങ്ങൾ മുന്നോട്ട് കൊണ്ട് പോകും എന്നാണ് ലഭിക്കുന്ന സൂചന. പങ്കാളിത്ത പെൻഷൻ ഫണ്ടിൽ നിക്ഷേപിച്ച തുക തിരിച്ചു കിട്ടുമോ എന്നറിയാൻ കേന്ദ്രത്തിന് ബാലഗോപാൽ കത്തയച്ച് കഴിഞ്ഞു. കേന്ദ്രത്തിൽ നിന്ന് അനുമതി ലഭിച്ചാൽ നടപടിയിലേക്ക് കടക്കും എന്നാണ് ബാലഗോപാൽ പറയുന്നത്.
പെൻഷൻ ഫണ്ടിൽ നിക്ഷേപിച്ച തുക കേരളം കടം എടുത്തിട്ടുണ്ട്. 6000 കോടിയോളം രൂപ ഈ ഇനത്തിൽ കേരളം കടം എടുത്ത് കഴിഞ്ഞു. അതുകൊണ്ടാണ് കേന്ദ്രത്തിൽ നിന്നുള്ള മറുപടി വൈകുന്നത്. 2016 ൽ പങ്കാളിത്ത പെൻഷൻ നിർത്തലാക്കും എന്നായിരുന്നു ഇടതുമുന്നണിയുടെ പ്രകടന പത്രിക .ഭരണം കിട്ടി, പിന്നിട് തുടർ ഭരണം കിട്ടി 8 വർഷം കഴിഞ്ഞിട്ടും ഇതുവരെ പങ്കാളിത്ത പെൻഷൻ പിൻവലിക്കാൻ സർക്കാർ തയ്യാറായില്ല.
പ്രകടനപത്രികയിലെ വാഗ്ദാനമായ പങ്കാളിത്ത പെൻഷൻ പിൻവലിക്കാൻ സർക്കാർ തയ്യാറാകാത്തതിൽ പ്രതിഷേധിച്ചു സി.പി.ഐ സർവീസ് സംഘടനകൾ ജനുവരി 22 ന് പണിമുടക്ക് നടത്തിയിരുന്നു. കോൺഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങൾ എല്ലാം പങ്കാളിത്ത പെൻഷൻ പിൻവലിച്ചു.
കേന്ദ്രം പങ്കാളിത്ത പെൻഷൻ ആകർഷകമാക്കി. വിഹിതം 14 ശതമാനമായി ഉയർത്തി. കേരളത്തിൽ ഇപ്പോഴും വിഹിതം 10 ശതമാനം മാത്രം. യൂണിഫൈഡ് പെൻഷൻ സ്കീമും കേന്ദ്രം പ്രഖ്യാപിച്ചു. 2 ലക്ഷത്തോളം പങ്കാളിത്ത പെൻഷൻകാരാണ് സംസ്ഥാനത്ത് ഉള്ളത്. വാഗ്ദാനം പാലിക്കാത്ത സർക്കാരിനെതിരെ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉള്ളവർ ഇടഞ്ഞ് നിൽക്കുകയാണ്.
ഇനി ഒരു സമ്പൂർണ്ണ ബജറ്റ് ബാലഗോപാലിൻ്റെ മുന്നിൽ ഇല്ല. അതുകൊണ്ട് തന്നെ ഈ ബജറ്റിൽ പങ്കാളിത്ത പെൻഷൻ നിർത്തും എന്ന നിർണായക പ്രഖ്യാപനം ബാലഗോപാൽ നടത്തും. സ്റ്റാറ്റ്യൂട്ടറി പെൻഷൻ സമ്പ്രദായത്തിലേക്ക് മടങ്ങണമെന്ന പങ്കാളിത്ത പെൻഷൻകാരുടെ ആഗ്രഹം പിന്നെയും ബാക്കിയാകും.