കെ.എൻ. ബാലഗോപാലിൻ്റെ ബജറ്റിൽ ഇത്തവണ ഐസക്ക് ടച്ചും ഉണ്ടാകും. ബാലഗോപാലിനെ സഹായിക്കാൻ ഐസക്കിനെ കൂടി ചുമതലപ്പെടുത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ബജറ്റ് തയ്യാറാക്കുന്നതിന് ധനമന്ത്രിയെ സഹായിക്കാൻ മുൻ ധനമന്ത്രിയെ ചുമതലപ്പെടുത്തുന്നത്.
2021- 22 മുതലുള്ള കെ.എൻ. ബാലഗോപാലിൻ്റെ ബജറ്റ് ഒരിക്കലും ജനകീയം ആയിരുന്നില്ല. നികുതി ഭാരം അടിച്ചേൽപിക്കുന്ന ബജറ്റ് ആയിരുന്നു ബാലഗോപാലിൻ്റെ ബജറ്റ്. തുടർഭരണം നേടി ചരിത്രം സൃഷ്ടിച്ച പിണറായിക്ക് ബാലഗോപാലിൻ്റെ ബജറ്റുകൾ സൃഷ്ടിച്ച പൊല്ലാപ്പുകൾ ചെറുതല്ല.
എല്ലാ വിഭാഗങ്ങളേയും പിണക്കാൻ ബാലഗോപാലിൻ്റെ ബജറ്റിന് സാധിച്ചു. തുടർഭരണം കിട്ടി ആറ് മാസം കൊണ്ട് തന്നെ എല്ലാ മേഖലകളും സർക്കാരിന് എതിരായി. ആനുകൂല്യങ്ങൾ തടഞ്ഞതിൻ്റെ പേരിൽ സർക്കാരിന് താങ്ങും തണലും കരുത്തും ആയിരുന്ന ജീവനക്കാരും പെൻഷൻകാരും പോലും സർക്കാരിൽ നിന്ന് അകന്നു. ക്ഷേമ പെൻഷൻ പോലും കുടിശികയാക്കി. ബജറ്റ് മാത്രമല്ല ബാലഗോപാലിൻ്റെ ധനകാര്യ മാനേജ്മെൻ്റും പിഴച്ചു.
തദ്ദേശത്തിനും നിയമസഭ തെരഞ്ഞെടുപ്പിനും മുമ്പുള്ള ഏക സമ്പൂർണ്ണ ബജറ്റിൽ അകന്ന് നിൽക്കുന്ന എല്ലാ മേഖലകളെയും അടുപ്പിക്കണം. ബാലഗോപാൽ ഒറ്റക്ക് കൈവച്ചാൽ വീണ്ടും കുളമാകും എന്ന ചിന്തയാണ് ഐസക്കിനെ സഹായിക്കാൻ നിയോഗിച്ചതിന് പിന്നിൽ. ഇതിന് വേണ്ടിയാണ് ഒരു മാസം മുൻപ് ഐസക്കിനെ വിജ്ഞാന കേരളത്തിൻ്റെ തലവനായി നിയോഗിച്ചത്.
ഐസക്കും ഐസക്കിൻ്റെ സഹായിയും അരയും തലയും മുറുക്കി രംഗത്തിറങ്ങി കഴിഞ്ഞു. ബാലഗോപാലിനെ കൊണ്ട് ഐസക്ക് ബജറ്റിൽ കവിതകൾ ചൊല്ലിക്കുമോയെന്ന് കണ്ടറിയണം. ഒരു ബജറ്റിൽ 12 കവിത ചൊല്ലി റെക്കോർഡ് ഇട്ട ആളാണ് ഐസക്ക്.2500 രൂപ ക്ഷേമ പെൻഷൻ ഉയർത്തുമെന്ന പ്രകടന പത്രിക വാഗ്ദാനം ഐസക്ക് വന്നതു കൊണ്ട് എത്രയായി ഉയർത്തും എന്ന് കണ്ടറിയണം.
ഐസക്ക് വന്നതിൻ്റെ പ്രതീക്ഷയിലാണ് ജീവനക്കാരും പെൻഷൻകാരും. വയനാടിന് വേണ്ടി പാക്കേജ് ഉറപ്പായും പ്രഖ്യാപിക്കും. പത്തോളം പാക്കേജുകൾ പ്രഖ്യാപിച്ച ചരിത്രം ഉള്ള ആളാണ് ഐസക്ക്. 5000 കോടി മുതൽ 20000 കോടി വരെ പാക്കേജുകൾ ഐസക്ക് ബജറ്റിൽ പ്രഖ്യാപിക്കും. പിറ്റേ ദിവസം പത്രങ്ങളിൽ തലക്കെട്ട് സൃഷ്ടിക്കും. ആ കാര്യത്തിൽ സകലകലാവല്ലഭനാണ് ഐസക്ക്. പാക്കേജുകൾക്ക് ഒന്നും പണം കൊടുത്ത ചരിത്രവും ഐസക്കിനില്ല. പേരിന് എന്തെങ്കിലും കൊടുത്താലായി . പിന്നിൽ ഐസക്ക് ഉള്ളതുകൊണ്ട് ബാലഗോപാലിൻ്റെ തെരഞ്ഞെടുപ്പ് വർഷ ബജറ്റ് തലക്കെട്ട് സൃഷ്ടിക്കും എന്ന് ഉറപ്പ്.