കേരളത്തിൽ സ്വർണവില റെക്കോർഡ് ഉയർച്ച തുടരുകയാണ്. കഴിഞ്ഞ ദിവസം ആദ്യമായി 62,000 രൂപ കടന്ന സ്വർണവില ഇന്ന് 63,000 രൂപയും കടന്നു. 760 രൂപ വർധിച്ചതോടെ ഒരു പവൻ സ്വർണത്തിന്റെ വില 63,240 രൂപയായി. ഒരു ഗ്രാം സ്വർണത്തിന്റെ വില 7,905 രൂപയായി. ഗ്രാമിന് 95 രൂപ വർധിച്ചു. വെള്ളിയുടെ വിലയിൽ രണ്ട് രൂപ വർധിച്ച് ഗ്രാമിന് 106 രൂപയായി.
കഴിഞ്ഞ മാസം 22-ന് ആദ്യമായി പവൻ വില 60,000 രൂപ കടന്നിരുന്നു. മാസത്തിന്റെ തുടക്കം മുതൽ സ്വർണവിലയിൽ തുടർച്ചയായ ഉയർച്ചയാണ് നിലനിൽക്കുന്നത്. ഒരു മാസത്തിനിടെ ഏകദേശം 6,000 രൂപയിലധികം വിലയിൽ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് ശേഷം, മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് തീരുവ ഏർപ്പെടുത്തുമെന്നതോടെ കഴിഞ്ഞ ദിവസങ്ങളിൽ ഓഹരി വിപണി ഇടിഞ്ഞിരുന്നു. ഇതിനെ തുടർന്ന് സുരക്ഷിത നിക്ഷേപമായി നിക്ഷേപകർ സ്വർണത്തിലേക്ക് തിരിയുകയാണ് വിലയിൽ ഉയർച്ചയ്ക്ക് കാരണം. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 840 രൂപ വർധിച്ചിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം ഇന്ത്യയിൽ ഇറക്കുമതി ചെയ്യപ്പെടുന്നു. ഇതിനാൽ, ആഗോള വിപണിയിലെ ചെറിയ ചലനങ്ങൾ പോലും ഇന്ത്യയിലെ സ്വർണവിലയെ ഗണ്യമായി ബാധിക്കും.
എന്നിരുന്നാലും, ആഗോള വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിലും വില കുറയണമെന്ന് നിര്ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശിക ആവശ്യകത, ഇറക്കുമതി തീരുവ തുടങ്ങിയ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.