സംസ്ഥാന ഭരണ തലവനാണ് ഗവർണർ. സ്വാഭാവികമായും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കേണ്ട വ്യക്തിയും ഗവർണർ ആയിരിക്കണം. എന്നാൽ കേരളത്തിൽ അങ്ങനെ അല്ല സ്ഥിതി. വിരമിച്ച 2 ചീഫ് സെക്രട്ടറിമാരാണ് ഗവർണറേക്കാൾ ശമ്പളം വാങ്ങിക്കുന്ന ഉദ്യോഗസ്ഥർ. കെ.എം എബ്രഹാമും വി.പി. ജോയിയും ആണ് ആ പ്രമുഖരായ ഉദ്യോഗസ്ഥർ. ഗവർണറുടെ വാർഷിക ശമ്പളം 42 ലക്ഷം രൂപയാണ്. ഒരു മാസം 3.50 ലക്ഷം രൂപ ഗവർണർക്ക് ശമ്പളമായി ലഭിക്കും.
ചീഫ് സെക്രട്ടറിയായി വിരമിച്ച കെ.എം എബ്രഹാം 2018 ൽ ആണ് കിഫ്ബി സി.ഇ.ഒ ആകുന്നത്. 2.75 ലക്ഷമായിരുന്നു തുടക്കത്തിലെ ശമ്പളം. പിന്നിട് 2019 ജനുവരിയിൽ 27,500 രൂപയും 2020 ൽ 27,500 രൂപയും 2022 ൽ 19,250 രൂപയും 2023 ൽ 19,250 രൂപയും 2024 ഏപ്രിൽ മാസത്തിൽ 19,250 രൂപയും എബ്രഹാമിൻ്റെ ശമ്പളത്തിൽ വർദ്ധിപ്പിച്ചു.
5 തവണയാണ് എബ്രഹാമിൻ്റെ ശമ്പളം വർദ്ധിപ്പിച്ചത്. നിലവിൽ കെ.എം. എബ്രഹാമിൻ്റെ ശമ്പളം 3,87,750 രൂപയാണ്. ഈ വർഷം ഏപ്രിലിൽ എബ്രഹാമിൻ്റെ ശമ്പളം വീണ്ടും വർദ്ധിപ്പിക്കും. അതോടെ 4.07 ലക്ഷമാകും എബ്രഹാമിൻ്റെ ശമ്പളം.
പൊതുമേഖല സ്ഥാപനങ്ങളുടെ തലവൻമാരെ തെരഞ്ഞെടുക്കാൻ റിക്രൂട്ട്മെൻ്റ് ബോർഡിൻ്റെ തലവൻ വി.പി ജോയിക്കും ഗവർണറേക്കാൾ കൂടുതൽ ശമ്പളം ലഭിക്കുന്നുണ്ട്. ധനവകുപ്പിൻ്റെ എതിർപ്പ് മറികടക്കാൻ മന്ത്രിസഭ യോഗത്തിൽ വച്ചാണ് ജോയിയുടെ ശമ്പളം ഉയർത്തിയത്. ചീഫ് സെക്രട്ടറിയായി വിരമിച്ച പെൻഷനും കൂടി ലഭിക്കത്തക്ക വിധമാണ് ജോയി ശമ്പളം ഒപ്പിച്ചത്. 6 ലക്ഷം രൂപ ജോയിക്ക് ശമ്പളമായി കിട്ടും.
കെ.എം എബ്രഹാമിൻ്റേത് കരാർ നിയമനമാണ്. അതുകൊണ്ട് എബ്രഹാമിന് ചീഫ് സെക്രട്ടറി പെൻഷനും ലഭിക്കും. രണ്ടും കൂടി 6.37 ലക്ഷം എബ്രഹാമിന് പ്രതിമാസം കിട്ടും. ഗവൺമെൻ്റ് സെക്രട്ടറിയായി വിരമിച്ച മിനി ആൻ്റണിക്കും കിഫ്ബിയിൽ ജോലി നൽകിയിട്ടുണ്ട്. അതും കരാർ നിയമനമാണ്. അതുകൊണ്ട് തന്നെ ശമ്പളവും പെൻഷനും മിനി ആൻ്റണിക്കും കിട്ടും.
ശമ്പളം വാങ്ങാതെയും സർക്കാരിനെ സേവിച്ച വിരമിച്ച ചീഫ് സെക്രട്ടറിമാരും കേരളത്തിൽ ഉണ്ടായിരുന്നു. ഒരു പ്രതിഫലവും സ്വീകരിക്കാതെ ആയിരുന്നു സിവിൽ സർവീസ് അക്കാദമിയുടെ മെൻ്റർ ആയി ഡോ.ഡി. ബാബുപോൾ പ്രവർത്തിച്ചിരുന്നത്. 2019 ഏപ്രിലിൽ മരണം വിളിക്കുന്നതു വരെ യാതൊരു പ്രതിഫലവും പറ്റാതെ സിവിൽ സർവീസ് അക്കാദമിയുടെ മെൻ്റർ ആയി പ്രവർത്തിക്കുകയായിരുന്നു ബാബു പോൾ.
ബാബുപോളിൻ്റെ അതേ മാതൃകയാണ് മുൻ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് പിന്തുടരുന്നത്. വിരമിച്ചതിന് ശേഷം സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡെവലപ്പ്മെൻ്റിൻ്റെ സി.എം.ഡി ആയി പ്രവർത്തിക്കുന്ന വിജയാനന്ദ് ഒരു രൂപ പോലും പ്രതിഫലം വാങ്ങിക്കുന്നില്ല. പിണറായി സർക്കാർ ആറാം ധനകാര്യ കമ്മീഷൻ്റെ ചെയർമാനായി നിയമിച്ചപ്പോൾ വേതനവും ഔദ്യോഗിക വാഹനവും വിജയാനന്ദ് സ്വീകരിച്ചിരുന്നില്ല.
ട്യൂട്ടേഴ്സ് ലെയ്നിലെ വീട്ടിൽ നിന്ന് സെക്രട്ടറിയേറ്റിലെ ധനകാര്യ കമ്മീഷൻ്റെ ഓഫിസിലേക്ക് നടന്ന് വരുന്ന വിജയാനന്ദ് മറ്റുള്ളവർക്ക് ഒരു കൗതുകമായിരുന്നു. രണ്ടര കൊല്ലം കൊണ്ട് ധനകാര്യ കമ്മീഷൻ റിപ്പോർട്ടും അദ്ദേഹം സമർപ്പിച്ചിരുന്നു.