ഒയാസിസിനു വേണ്ടിയാണ് മദ്യ നയം മാറ്റിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഒയാസിന് വേണ്ടി സർക്കാർ നടത്തിയ കള്ളക്കളിയുടെ തെളിവുകളും പ്രതിപക്ഷ നേതാവ് പുറത്ത് വിട്ടു.
ഒയാസിസ് കമ്പനിക്ക് പാലക്കാട് എലപ്പുള്ളിയില്‍ മദ്യ നിര്‍മ്മാണശല അനുവദിച്ചതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെ കുറിച്ച് എക്‌സൈസ് മന്ത്രി ഉയര്‍ത്തിയ നുണകളുടെ ചീട്ടുകൊട്ടാരം തകര്‍ന്നു വീഴുന്നതാണ് ഇപ്പോള്‍ കാണുന്നത്.
മദ്യ നയത്തില്‍ മാറ്റമുണ്ടായപ്പോള്‍ ഒയാസിസ് കമ്പനി നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് മദ്യ നിര്‍മ്മാണ ശാലയ്ക്ക് അനുമതി നല്‍കിയതെന്നാണ് മന്ത്രി പറഞ്ഞത്. മദ്യനയം മാറി മദ്യനിര്‍മ്മാണ ശാല തുടങ്ങുന്ന വിവരം മധ്യപ്രദേശിലും പഞ്ചാബിലും പ്രവര്‍ത്തിക്കുന്ന ഒയാസിസ് അല്ലാതെ പാലക്കാടത്തെയും കേരളത്തിലെയും ഉള്‍പ്പെടെ ഒരു ഡിസ്റ്റിലറികളും അറിയാതിരുന്നത് എന്തുകൊണ്ടാണെന്ന് അന്ന് ഞങ്ങള്‍ ചോദിച്ചപ്പോഴും അവര്‍ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് അനുമതി നല്‍കിയതെന്നാണ് മന്ത്രി പറഞ്ഞത്.
എന്നാല്‍ ഈ പദ്ധതിക്ക് ആവശ്യമായ വെള്ളം ആവശ്യപ്പെട്ട് ഒയാസിസ് കമ്പനി 16/06/2023 ല്‍ കേരള ജല അതോറിട്ടിക്ക് നല്‍കിയ അപേക്ഷയില്‍ പറയുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണപ്രകാരമാണ് പ്ലാന്റ് സ്ഥാപിക്കുന്നതെന്നാണ്. (As per the Niti Ayog direction and state Government invitation we are desirous to set up a world class 500L KLPD capacity ethanol with an investment of 600 to 650 Crores which would be in PHASEWISE depending on the availability of necessary resources. ) 2025 ലാണ് പ്ലാന്റിന് അനുമതി നല്‍കിയത്. 2023 ലാണ് സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണപ്രകാരമെന്ന് കമ്പനി പറഞ്ഞിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഐ.ഒ.സിയുടെ അംഗീകരാരം കിട്ടിയതു കൊണ്ടാണ് ഈ കമ്പനിക്ക് അംഗീകാരം നല്‍കിയതെന്ന മന്ത്രിയുടെ മറ്റൊരു പച്ചക്കള്ളം കൂടി പൊളിഞ്ഞിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ഐ.ഒ.സിയുടെ ടെന്‍ഡറില്‍ പങ്കെടുക്കുന്നതിനു വേണ്ടിയാണ് ഒയാസിസ് വാട്ടര്‍ അതോറിട്ടിക്ക് അപേക്ഷ നല്‍കിയത്. (We are enclosing herewith the invitation of oil companies for signing Expression of Interest for signing long term offtake agreement with upcoming dedicated ethanol plants in the states of tamil nadu, kerala for supply of Denatured Anhydrous Ethanol to oil marketing companies through E tender for your kind referance. Accordingly we have to satisfy 2 conditions to take part in the E tender. 1. Land Availability 2. Water Availability )
ഇതില്‍ ഭൂമി ഞങ്ങള്‍ക്ക് സ്വന്തമായി ഉണ്ടെന്നും വെള്ളമാണ് വേണ്ടതെന്നുമാണ് അപേക്ഷയില്‍ പറയുന്നത്. എന്നിട്ടാണ് ഐ.ഒ.സിയുടെ അംഗീകാരം ഉള്ളതുകൊണ്ടാണ് ഒയാസിസിന് മദ്യനര്‍മ്മാണ പ്ലാന്റിന് അനുമതി നല്‍കിയതെന്ന് മന്ത്രി പറഞ്ഞത്. ഐ.ഒ.സി അംഗീകരിക്കുന്നതിന് മുന്‍പ് തന്നെ സംസ്ഥാന സര്‍ക്കാര്‍ ഒയാസിസിന് ഇന്‍വിറ്റേഷന്‍ നല്‍കി. അപ്പോള്‍ മന്ത്രി പറഞ്ഞത് പച്ചക്കള്ളമാണ്. ഐ.ഒ.സിയുടെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുന്നതിനു മുന്‍പ് തന്നെ ഒയാസിസിനെ സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലേക്ക് ക്ഷണിച്ചിരുന്നു. മന്ത്രിയുടെ രണ്ട് കള്ളങ്ങളാണ് പൊളിഞ്ഞു വീണത്.
വാട്ടര്‍ അതോറിട്ടിക്ക് നല്‍കിയ അപേക്ഷയില്‍ പറയുന്നത് വെള്ളത്തിന് വേണ്ടി വാട്ടര്‍ അതോറിട്ടിയെയാണ് ആശ്രയിക്കുന്നതെന്നാണ്. എത്ര അളവിലാണ് ജലം വേണ്ടതെന്നു പോലും പറയുന്നില്ല. 16/06/2023 ല്‍ ഒയാസിസ് അപേക്ഷ നല്‍കിയ അന്നുതന്നെ വെള്ളം നല്‍കാമെന്ന് വാട്ടര്‍ അതോറിട്ടിയുടെ സൂപ്രണ്ടിങ് എന്‍ജിനീയര്‍ കമ്പനിയെ അറിയിച്ചു. എന്തൊരു സ്പീഡായിരുന്നു വാട്ടര്‍ അതോറിട്ടിക്ക്!
കേരളത്തിലെ മദ്യനയം മാറ്റുന്നതിന് മുന്‍പ് തന്നെ ഈ കമ്പനിയുമായി സര്‍ക്കാര്‍ ഡീല്‍ ഉറപ്പിച്ചെന്നു വ്യക്തമാക്കുന്നതാണ് ഈ രേഖകള്‍. ഈ കമ്പനിക്ക് വേണ്ടിയാണ് മദ്യനയം മാറ്റിയത്. മദ്യ നയം മാറ്റുന്നതിന് മുന്‍പ് തന്നെ ഈ കമ്പനി എലപ്പുള്ളിയില്‍ സ്ഥലം വാങ്ങുകയും ചെയ്തു. ഐ.ഒ.സിയുടെ അംഗീകാരം വാങ്ങിയതു പോലും വാട്ടര്‍ അതോറിട്ടിയുടെ കണ്‍സെന്റ് വാങ്ങിയ ശേഷാണ്. ഇതിനെയാണ് കമ്പനിക്ക് ഐ.ഒ.സിയുടെ അംഗീകരമുണ്ടെന്ന തരത്തില്‍ മന്ത്രി വലിയ കാര്യമായി പറഞ്ഞത്. കേരള സര്‍ക്കാര്‍ ക്ഷണിക്കുന്നതിന് മുന്‍പ് ഈ കമ്പനിക്ക് ഐ.ഒ.സിയുടെ അംഗീകാരം ലഭിച്ചിട്ടില്ല.
2023 -ല്‍ ഐ.ഒ.സി മുന്നോട്ട് വച്ച എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റില്‍ കേരളത്തില്‍ നിന്നടക്കം എഥനോള്‍ ലഭ്യമാക്കണമെന്നാണ് നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ 2023ല്‍ കേരളത്തില്‍ എഥനോള്‍ പ്ലാന്റിന് അംഗീകാരം ഇല്ലാതെയാണ് ഒയാസിസ് ടെന്‍ഡറില്‍ പങ്കെടുത്തത്. 2025 ലാണ് സര്‍ക്കാര്‍ ഈ കമ്പനിക്ക് മദ്യനിര്‍മ്മാണ ശാലയ്ക്ക് അനുമതി നല്‍കിയത്. ഇതെല്ലാം സൂചിപ്പിക്കുന്നത് ഒയാസിസ് കമ്പനിക്ക് മദ്യ നിര്‍മ്മാണശാല അനുവദിച്ചതിനു പിന്നില്‍ ഗൂഡാലോചനയും അഴിമതിയും ആണെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നത്. മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞതെല്ലാം നുണയാണ്. വലിയൊരു ഡീലിന്റെ ഭാഗമായണ് മദ്യ നയം മാറ്റി മദ്യ നിര്‍മ്മാണശാല തുടങ്ങാന്‍ ഈ കമ്പനിക്ക് അനുമതി നല്‍കിയത്.
മദ്യനയത്തില്‍ പറഞ്ഞതും പറയാത്തതും ഉള്‍പ്പെടെയുള്ള എല്ലാ പ്ലാന്റുകളും തുടങ്ങാനാണ് ഒയാസിസിന് അനുമതി നല്‍കിയത്. എന്നിട്ടാണ് മന്ത്രി ഈ കമ്പനിയെ പുകഴ്ത്തിയത്. മന്ത്രിയുടെ പുകഴ്ത്തല്‍ കേട്ടപ്പോഴാണ് സംശയം തോന്നിയത്. ഡല്‍ഹി മദ്യ നയ കോഴയുമായി ബന്ധപ്പെട്ട് ഈ കമ്പനിയുടെ ഉടമ അറസ്റ്റിലായിട്ടുണ്ട്. പഞ്ചാബില്‍ ബോര്‍വെല്ലിലൂടെ മാലിന്യം തള്ളി നാല് കിലോമീറ്റര്‍ ദൂരത്തില്‍ ഭൂഗര്‍ഭജലം മലിനപ്പെടുത്തിയതിനും ഈ കമ്പനി നിയമനടപടി നേരിടുന്നുണ്ട്.
മുഖ്യമന്ത്രിയുടെ അറിവോടെ എക്‌സൈസ് മന്ത്രിയുമായാണ് കമ്പനി ഡീല്‍ നടത്തിയത്. അതിന് ഇടനിലക്കാരുമുണ്ട്. കെ. കവിത കേരളത്തില്‍ വന്ന് താമസിച്ചിട്ടുമുണ്ട്, എക്‌സൈസ് മന്ത്രിയുമായി നേരത്തെ തന്നെ ബന്ധവുമുണ്ട്. ഡല്‍ഹി മദ്യ നയ കേസില്‍ പ്രതിയായ അവരാണ് ഈ കമ്പനിയെ എക്‌സൈസ് മന്ത്രിക്ക് പരിചയപ്പെടുത്തി കൊടുത്തത്. എക്‌സൈസ് മന്ത്രിയും മുഖ്യമന്ത്രിയും അറിയാതെ വേറൊരു വകുപ്പും അറിഞ്ഞിട്ടില്ല. ഒരു വകുപ്പുമായും ചര്‍ച്ച ചെയ്തില്ലെന്ന പ്രതിപക്ഷ ആരോപണം അടിവരയിടാനാണ് മന്ത്രിസഭാ നോട്ട് ഹാജരാക്കിയത്. ഏതായാലും മന്ത്രിസഭ നോട്ട് വ്യാജമാണെന്ന് മന്ത്രി പറഞ്ഞല്ല. ഔദ്യോഗിക രേഖകളാണ് പ്രതിപക്ഷം ഹാജരാക്കിയത്. രേഖകള്‍ എങ്ങനെ കിട്ടിയെന്നു വേണമെങ്കില്‍ അന്വേഷിച്ചു പോകട്ടെയെന്നും സതീശൻ പറഞ്ഞു.