News

സുരേഷ് ഗോപിയുടെ വിവാദ ജാതി ചിന്തകള്‍; ബ്രാഹ്മണനാകണം, ആദിവാസി മന്ത്രിയാകണം!

ന്യൂഡൽഹി: ആദിവാസി വകുപ്പ് ഉന്നതകുലജാതർ കൈകാര്യം ചെയ്യണമെന്നും അങ്ങനെയാണെങ്കിൽ ആദിവാസി വിഭാഗത്തിന് ഉന്നതി ലഭിക്കുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഡൽഹിയിൽ നടന്ന ഒരു തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഗോത്രകാര്യ വകുപ്പ് ഉന്നതകുലജാതർ കൈകാര്യം ചെയ്യണമെന്നും, ഗോത്രവിഭാഗങ്ങളുടെ കാര്യം ബ്രാഹ്മണരോ നായർ സമുദായക്കാരോ നോക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ജനാധിപത്യ മാറ്റങ്ങൾ ഉണ്ടാകണമെന്നാണ് സുരേഷ് ഗോപി ആഗ്രഹം.

അടുത്ത ജന്മത്തിൽ പൂണുലിട്ട ബ്രാഹ്മണനായി ജനിക്കണമെന്ന സുരേഷ് ഗോപിയുടെ പരാമർശവും വിവാദമായിരുന്നു. തിരുവനന്തപുരത്ത് യോഗക്ഷേമ സഭ സംസ്ഥാന സമ്മേളനത്തിലായിരുന്നു അന്നത്തെ വിവാദ പ്രസ്താവന. പുനർജന്മത്തിൽ വിശ്വസിക്കുന്ന ആളാണ് താനെന്നും മരിച്ച് മണ്ണടിഞ്ഞ് ചാരമായതിനുശേഷം അടുത്ത ജന്മത്തിൽ പൂണൂലിടുന്ന ബ്രാഹ്മണനായി ശബരിമലയിലെ തന്ത്രി മുഖ്യനാകണമെന്ന് ആഗ്രഹിക്കുന്നുവെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.

ആദിവാസി വകുപ്പിൻറെ ചുമതലയിൽ ഉന്നതകുലജാതർ വരണമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനക്കെതിരെ രൂക്ഷ പ്രതികരണവുമായി എൻ.ഡി.എ ഘടകകക്ഷിയായ ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സി.കെ. ജാനു രംഗത്തെത്തി. പിന്നാക്ക വിഭാഗക്കാർ എന്നും കാൽച്ചുവട്ടിൽ കിടക്കണമെന്ന മനോഭാവമാണ് സുരേഷ് ഗോപിയുടെ വാക്കുകളിലെന്നും സി.കെ. ജാനു വ്യക്തമാക്കി.

വായിൽ തോന്നുന്നത് വിളിച്ചു പറയുന്നത് ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്ക് യോജിക്കുന്നതല്ല. അകറ്റി നിർത്തലും അയിത്തം കൽപിക്കലും വീണ്ടും കൊണ്ടു വരണമെന്നാണോ സുരേഷ് ഗോപി പറയുന്നതെന്നും സി.കെ. ജാനു ചോദിച്ചു.

അടിമ-മാടമ്പി മനോഭാവമാണിത്. നൂറ്റാണ്ടുകളായി ഉന്നതകുലജാതർ വകുപ്പ് കൈകാര്യം ചെയ്തു പരാജയപ്പെട്ടതാണ്. മനുഷ്യരെ മനുഷ്യരായി കാണുന്നില്ല. ഇത്രകാലമായിട്ടും സുരേഷ് ഗോപിക്ക് യാഥാർഥ്യങ്ങൾ മനസിലായിട്ടില്ല. ഒരു സവർണ ഫാഷിസ്റ്റ് ആയതു കൊണ്ടാണ് അയാൾക്ക് അങ്ങനെ സംസാരിക്കാൻ പറ്റുന്നത്.

ഈ കാലമത്രയും ഈ കാര്യങ്ങളൊക്കെ നടത്തിയിട്ടുള്ളത് സവർണരും സവർണ മനോഭാവമുള്ളവരും തന്നെയാണ്. ഏറ്റവും താഴെത്തട്ടിലുള്ള ആളുകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നുള്ളത് ജനാധിപത്യ മര്യാദയാണെന്നും സി.കെ. ജാനു ചൂണ്ടിക്കാട്ടി.

ആദിവാസി വകുപ്പ് ഭരിക്കുന്ന മന്ത്രിയാകണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനായി പലതവണ പ്രധാനമന്ത്രിയോട് താൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. കേരളത്തെ സംബന്ധിച്ച്, ബജറ്റ് വകയിരുത്തൽ ഓരോ മേഖലയ്ക്കും ഉള്ളതാണെന്നും, കേരളം നിലവിളിക്കുന്നതല്ല, കിട്ടുന്ന ഫണ്ട് കൃത്യമായി ചെലവഴിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് വിനോദ സഞ്ചാര മേഖലയിൽ നിരവധി പദ്ധതികൾ നൽകിയിട്ടുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

2047-ൽ ഇന്ത്യ വികസിത രാജ്യമാകുമെന്ന പ്രഖ്യാപനം പ്രാവർത്തികമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 71 സീറ്റുകൾ നേടണമെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരിലെ വിജയം അനിവാര്യമായതിന്റെ തുടക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവാദ പ്രസ്താവനകൾക്കെതിരെ രൂക്ഷ പ്രതികരണം

സുരേഷ് ഗോപിയുടെ പ്രസ്താവനകൾക്കെതിരെ രൂക്ഷ പ്രതികരണങ്ങൾ ഉയർന്നിട്ടുണ്ട്.”സുരേഷ് ഗോപിയുടെ പ്രസ്താവന ഭരണഘടനാ വിരുദ്ധമാണ്. രാഷ്ട്രപതിയെ അപമാനിക്കുന്നതാണ് ഇത്. സുരേഷ് ഗോപിക്ക് എപ്പോഴും ഉന്നതകുലജാതൻ എന്ന് പറഞ്ഞു നടപ്പാണ് പണി. കേരളത്തെ തകർക്കുന്ന നിലപാടാണിത്. എല്ലാവരും അടിമയായിരിക്കണമെന്നാണ് സുരേഷ് ഗോപിയുടെ സ്വപ്നം. കേന്ദ്രമന്ത്രി സ്ഥാനത്തിരിക്കാൻ സുരേഷ് ഗോപി അർഹനല്ല.” – കേരളത്തിലെ കെ. രാധാകൃഷ്ണൻ എം.പിപറഞ്ഞു,

“സുരേഷ് ഗോപിയുടെ പരാമർശം പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. ജീർണ്ണ മനസിന് ഉടമയാണ് സുരേഷ് ഗോപി. ഇത്തരം പരാമർശങ്ങൾ മുൻപും സുരേഷ് ഗോപി നടത്തിയിട്ടുണ്ട്.” – എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു,

“രാഷ്ട്രപതി ദ്രൗപദി മുർമു ഗോത്രവിഭാഗത്തിൽ നിന്നുള്ളവരാണ്. രാഷ്ട്രപതിയെ സംബന്ധിച്ചും ഇതേ അഭിപ്രായമാണോ സുരേഷ് ഗോപിക്ക് ഉള്ളത്? ബി.ജെ.പിക്കാർ പോലും ഇത് മുഖവിലക്ക് എടുക്കില്ല.” – സംസ്ഥാന പട്ടിക വർഗ മന്ത്രി ഒ.ആർ. കേളു പറഞ്ഞു,

ജോർജ് കുര്യന്റെ പ്രസ്താവനയും വിവാദത്തിൽ

കഴിഞ്ഞ ദിവസം കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ പ്രസ്താവനയും വിവാദമായിരുന്നു. “കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചാൽ അപ്പോൾ ബജറ്റിൽ സഹായം ലഭിക്കുമെന്നായിരുന്നു ജോർജ് കുര്യന്റെ പ്രതികരണം. പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്കാണ് സഹായം നൽകുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസ, സാമൂഹിക, അടിസ്ഥാന സൗകര്യങ്ങളിൽ പിന്നാക്കമാണ് കേരളമെന്ന് പറയണം. അങ്ങനെയാണെങ്കിൽ കമീഷൻ പരിശോധിച്ച് കേന്ദ്ര സർക്കാറിന് റിപ്പോർട്ട് നൽകുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.”

ഇത്തരം പ്രസ്താവനകൾ കേരളത്തിൽ വ്യാപകമായ വിമർശനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഇത് സംസ്ഥാനത്തിന്റെ പുരോഗതിയെ ബാധിക്കുന്ന നിലപാടാണെന്ന് പലരും വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *