Kerala Government News

സംസ്ഥാനത്ത് 50000 രൂപക്ക് മുകളിൽ പെൻഷൻ വാങ്ങുന്നവർ 27428 പേരെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ

സംസ്ഥാനത്ത് 50000 രൂപക്ക് മുകളിൽ പെൻഷൻ തുക ലഭിക്കുന്നവർ 27,428 പേരെന്ന് ധനമന്ത്രി കെ. എൻ ബാലഗോപാൽ. നിയമസഭയിൽ യു.പ്രതിഭ എം എൽ എ യുടെ ചോദ്യത്തിനുള്ള മറുപടി ആയാണ് കെ എൻ ബാലഗോപാൽ ഈ കണക്ക് വ്യക്തമാക്കിയത്.

ആറര ലക്ഷത്തോളം പെൻഷൻകാരാണ് സംസ്ഥാനത്ത് ഉള്ളത്. ഇതിൽ 50 ശതമാനവും 20000 രൂപക്ക് താഴെയാണ് പെൻഷൻ വാങ്ങിക്കുന്നത്.

പെൻഷൻകാരുടെ നിരവധി ആനുകൂല്യങ്ങളാണ് സർക്കാർ തടഞ്ഞ് വച്ചിരിക്കുന്നത്. കഴിഞ്ഞ പെൻഷൻ പരിഷ്കരണത്തിൻ്റെ നാലാം ഗഡു ഇതുവരെ കൊടുത്തില്ല.പെൻഷൻ പരിഷ്‌കരണത്തിന്റെ നാല് ഗഡുക്കൾ 2021 ഏപ്രിൽ, മെയ്, ഓഗസ്റ്റ് നവംബർ മാസങ്ങളിൽ വിതരണം ചെയ്യുമെന്നായിരുന്നു ഉത്തരവിൽ വ്യക്തമാക്കിയത്. രണ്ട് ഗഡുക്കൾ നൽകി. മൂന്നാം ഗഡു നൽകിയത് 2024 മാർച്ച് മാസവും. 592 കോടിയാണ് നാലാം ഗഡു കൊടുക്കാൻ വേണ്ടത്.

ക്ഷാമ ആശ്വാസ പരിഷ്കരണത്തിൻ്റെ 2 ഗഡുക്കളും ഇതുവരെ നൽകിയില്ല. കുടിശിക കിട്ടാതെ പെൻഷൻകാർ മരണപ്പെട്ടതിനെ കുറിച്ച് നിയമസഭയിൽ ചോദിച്ചപ്പോൾ ശ്രദ്ധയിൽപ്പെട്ടില്ലെന്നായിരുന്നു ബാലഗോപാലിൻ്റെ മറുപടി.

പെൻഷൻ പരിഷ്കരണത്തിന് ശേഷം 1.50 ലക്ഷം പെൻഷൻകാരാണ് സംസ്ഥാനത്ത് മരണപ്പെട്ടത്. അർഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കാതെയാണ് ഇവർ മരണപ്പെട്ടത്.

19 ശതമാനം ക്ഷാമ ആശ്വാസം ഇവർക്ക് കുടിശികയാണ്. 6 ഗഡുക്കളാണ് കുടിശിക.അടിസ്ഥാന പെൻഷൻ്റെ തോത് അനുസരിച്ച് പ്രതിമാസം 2185 രൂപ മുതൽ 15846 രൂപ വരെ പെൻഷൻകാർക്ക് ഇതുമൂലം പ്രതിമാസ പെൻഷനിൽ നഷ്ടപ്പെടുകയാണ്.

സർക്കാർ 2021 ൽ പ്രഖ്യാപിച്ച 5 ശതമാനം ക്ഷാമ ആശ്വാസ കുടിശികയുടെ 79 മാസത്തെ കുടിശികയും പെൻഷൻകാർക്ക് നൽകിയില്ല. 19734 രൂപ മുതൽ 1,43,500 രൂപ വരെയാണ് ഇതുമൂലം പെൻഷൻകാർക്ക് നഷ്ടപ്പെട്ടത്.

പെൻഷൻകാരുടെ പരിഷ്കരണത്തിൻ്റെ നാലാം ഗഡു ഈ സാമ്പത്തിക വർഷം നൽകുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിട്ട് മാസങ്ങളായി. പ്രതിഷേധം ശക്തമായതോടെ നാലാം ഗഡു നൽകാൻ ധനവകുപ്പിൽ നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *