Kerala Government News

പ്ലാൻ (ബി) ബാലഗോപാൽ; ആദ്യ ഇരകൾ ജീവനക്കാരും പെൻഷൻകാരും

പ്ലാൻ ബാലഗോപാൽ അഥവാ പ്ലാൻ ബി. ഒമ്പതോളം ന്യൂനപക്ഷ സ്കോളർഷിപ്പും പട്ടികജാതി വിഭാഗക്കാരുടെ ലൈഫ് മിഷൻ ഉൾപ്പെടെയുള്ള പദ്ധതികളും വെട്ടികുറച്ച കെ.എൻ. ബാലഗോപാലിൻ്റെ നടപടിക്കെതിരെ അതിരൂക്ഷമായ വിമർശനങ്ങളാണ് സംസ്ഥാനത്ത് ഉയരുന്നത്.

പാവപ്പെട്ട കുട്ടികളുടെ പഠനം മുടക്കരുതെന്നും സ്കോളർഷിപ്പ് തുക പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ്റെ നേതൃത്വത്തിൽ യു.ഡി.എഫ് രംഗത്തെത്തി. പട്ടികജാതി വിഭാഗക്കാരുടെ ആനുകൂല്യങ്ങൾ വെട്ടി കുറച്ചതും ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടി കുറച്ചതും നിയമസഭയിൽ അടക്കം ശക്തമായ പ്രതിഷേധങ്ങൾ ഉയർത്താനാണ് പ്രതിപക്ഷ നീക്കം.

ബാലഗോപാലിൻ്റെ പ്ലാൻ ബി ആണ് സംസ്ഥാനത്തെ പ്രധാന ചർച്ച വിഷയം. കഴിഞ്ഞ ബജറ്റ് പ്രസംഗത്തിലാണ് പ്ലാൻ ബിയെ കുറിച്ച് ബാലഗോപാൽ മുന്നറിയിപ്പ് നൽകിയത്. തൊട്ട് പിന്നാലെ നിയമസഭ പാസാക്കിയ ബജറ്റിലെ പദ്ധതികൾ 50 ശതമാനം വെട്ടിച്ചുരുക്കാൻ ബാലഗോപാൽ ഉത്തരവും ഇറക്കി.അതോടെ സംസ്ഥാനത്ത് ഔദ്യോഗികമായി പ്ലാൻ ബി ആരംഭിച്ചു. അർഹതപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കുക അല്ലെങ്കിൽ വെട്ടി കുറയ്ക്കുക ഇതാണ് ബാലഗോപാലിൻ്റെ പ്ലാൻ ബി.

പ്ലാൻ ബി 2024 ൽ ആണ് ഔദ്യോഗികമായി ആരംഭിച്ചതെങ്കിലും അനൗദ്യോഗികമായി 2021 പകുതിയോടെ സംസ്ഥാനത്ത് ബാലഗോപാൽ പ്ലാൻ ബി പരീക്ഷിച്ചു തുടങ്ങി. ബാലഗോപാലിൻ്റെ പ്ലാൻ ബിയുടെ ആദ്യ ഇരകൾ ജീവനക്കാരും പെൻഷൻകാരും ക്ഷേമപെൻഷൻ കാരും ആയിരുന്നു.

ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പള പെൻഷൻ പരിഷ്കരണ കുടിശിക , ക്ഷാമബത്ത, ക്ഷാമ ആശ്വാസ കുടിശിക , ലീവ് സറണ്ടർ തുടങ്ങിയവയിൽ ബാലഗോപാൽ പ്ലാൻ ബി പരീക്ഷിച്ച് ഗംഭീര വിജയം നേടി. ഇരുകൂട്ടർക്കും കൂടി 1 ലക്ഷം കോടിയുടെ ആനുകൂല്യങ്ങൾ പ്ലാൻ ബി വഴി ബാലഗോപാൽ നിഷേധിച്ചു.

ക്ഷേമ പെൻഷൻകാർക്ക് പെൻഷനിൽ 5 മാസത്തെ കുടിശിക വരുത്തിയാണ് പ്ലാൻ ബി ബാലഗോപാൽ പരീക്ഷിച്ചത്. മറിയകുട്ടി അമ്മച്ചിയെ പോലുള്ളവർ തെരുവിൽ ചട്ടിയുമായി പെൻഷന് വേണ്ടി പ്രതിഷേധിക്കാനിറങ്ങിയതോടെ ബാലഗോപാൽ പ്രതിരോധത്തിലായി. എന്നിട്ടും കുടിശിക പൂർണമായി നൽകിയില്ല. 3 മാസത്തെ ക്ഷേമ പെൻഷൻ കുടിശിക ഇപ്പോഴും ഉണ്ട്. 2500 രൂപയായി ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കും എന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പ്ലാൻ ബി വഴി ബാലഗോപാൽ വിജയിപ്പിച്ചെടുത്തു. ഇതുവരെ 100 രൂപ പോലും പെൻഷനിൽ കൂട്ടിയില്ല.

ബാലഗോപാൽ പ്ലാൻ ബിയുടെ വല വലുതാക്കാൻ തീരുമാനിച്ചു കഴിഞ്ഞു എന്ന് പട്ടികജാതി പദ്ധതികൾ, ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടികുറയ്ക്കൽ എന്നിവയിൽ നിന്ന് വ്യക്തം.ബാലഗോപാലിൻ്റെ ഇരകൾ ഇനി ആരൊക്കെയാണെന്ന് കാത്തിരുന്ന് കാണേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *