
കേരളം വീണ്ടും കടം എടുക്കുന്നു! 3000 കോടിയാണ് കടം എടുക്കുന്നത്; ഈ സാമ്പത്തിക വർഷത്തെ കടമെടുപ്പ് 39000 കോടിയായി ഉയരും
സംസ്ഥാനം വീണ്ടും കടമെടുക്കുന്നു. 3000 കോടിയാണ് കടം എടുക്കുന്നത്. കടപ്പത്രം പുറപ്പെടുവിക്കുന്നതിനായുള്ള ലേലം റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ അറിയിച്ചു.
ജനുവരി 21 ന് 1500 കോടിയും 14 ന് 2500 കോടിയും കേരളം കടം എടുത്തിരുന്നു. 2024 ഡിസംബർ വരെ 23000 കോടിക്കായിരുന്നു കടം എടുക്കാൻ അനുമതി എങ്കിലും പല തവണ കേന്ദ്രം പുതുക്കി നൽകിയതോടെ 32000 കോടി കേരളം കടമെടുത്തു. ജനുവരി 14 ന് 2500 കോടി കടം എടുത്തതിന് പുറമെ ജനുവരി 21 ന് 1500 കോടിയും കടം എടുത്തതോടെ ഈ സാമ്പത്തിക വർഷം കടം എടുത്ത തുക 36000 കോടിയായി. 3000 കോടി കൂടി കടം എടുക്കാൻ അനുമതി കിട്ടിയതോടെ ഈ സാമ്പത്തിക വർഷത്തെ കടം എടുപ്പ് 39000 കോടിയായി ഉയരും.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ 50 ശതമാനം കേരളം വെട്ടിച്ചുരുക്കിയിരുന്നു. ഓരോ വകുപ്പുകളും അതിനനുസരിച്ച് നേരത്തെ ഇറക്കിയ ഭരണാനുമതി ഉത്തരവുകൾ പുതുക്കി ഇറക്കിയിരുന്നു.
അതേ അവസരത്തിൽ ഓരോ വകുപ്പുകളും വരുമാനം ഉയർത്താൻ തങ്ങളുടെ സർവീസുകളുടെ ഫീസുകൾ കുത്തനെ ഉയർത്തുകയും ചെയ്തു. 100 ശതമാനം വരെ ഫീസ് ഉയർത്തിയ വകുപ്പുകൾ ഉണ്ട്. ഇങ്ങനെ എല്ലാം ചെയ്തിട്ടും സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കഴിഞ്ഞില്ല. ക്ഷേമ പെൻഷൻ പോലും കൃത്യമായി കൊടുക്കാൻ കഴിയുന്നില്ല. 4 മാസത്തെ ക്ഷേമപെൻഷൻ കുടിശികയാണ്. 6400 രൂപ വീതം ഓരോ ക്ഷേമ പെൻഷൻകാരനും ലഭിക്കാനുണ്ട്.
സർക്കാർ ഉദ്യോഗസ്ഥർക്കും പെൻഷൻകാർക്കും ക്ഷാമബത്തയും ക്ഷാമ ആശ്വാസവും അടക്കം ലഭിക്കാനുള്ള നിരവധി ആനുകൂല്യങ്ങൾ ആണ് തടഞ്ഞ് വച്ചിരിക്കുന്നത്. 6 ഗഡു ക്ഷാമബത്തയും ക്ഷാമ ആശ്വാസവും കുടിശികയാണ്. കഴിഞ്ഞ ശമ്പള പരിഷ്കരണത്തിൻ്റെ കുടിശിക ആകട്ടെ ഇതുവരെ നൽകിയതുമില്ല. കഴിഞ്ഞ പെൻഷൻ പരിഷ്കരണത്തിൻ്റെ നാലാം ഗഡു പെൻഷൻകാർക്കും കൊടുക്കാൻ ഉണ്ട്.
ഒരു വശത്ത് ആനുകൂല്യങ്ങൾ തടഞ്ഞ് വയ്ക്കുക മറുവശത്ത് നിർബാധം കടം എടുക്കുക എന്ന ശൈലിയാണ് കെ.എൻ. ബാലഗോപാൽ എന്ന ധനമന്ത്രി സ്വീകരിക്കുന്നത്