
കവിത കേരളത്തിൽ എത്തി മൂന്നാം മാസം എം.ബി രാജേഷ് എക്സൈസ് മന്ത്രി!
ഡൽഹി മദ്യനയ കേസിലെ പ്രതിയും തെലുങ്കാന മുൻ മുഖ്യമന്ത്രി ചന്ദ്ര ശേഖരറാവുവിൻ്റെ മകളുമായ കെ. കവിതയുടെ കേരള സന്ദർശനത്തിൽ ദുരൂഹത. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇന്ന് രാവിലെ നടത്തിയ പത്രസമ്മേളനത്തിൽ ആണ് കവിതയുടെ കേരള സന്ദർശനത്തിൽ ദുരൂഹത ആരോപിച്ചത്.
“ഡൽഹി മദ്യനയ കേസ് അഴിമതിയിൽ ഒയാസിസ് കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡിന് പുറമെ തെലുങ്കാന മുൻ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിൻ്റെ മകൾ കവിതയും പ്രതിയാണ്. ഇതേ കവിത കേരളത്തിലും വന്നിട്ടുണ്ടല്ലോ? എവിടെയാണ് അവർ താമസിച്ചതെന്ന് മാധ്യമങ്ങൾ അന്വേഷിക്ക്. ഒയാസിസ് മദ്യകമ്പനിക്ക് വേണ്ടിയാണ് കവിത കേരളത്തിൽ വന്നതും സർക്കാരുമായി സംസാരിച്ചതും. ഒരു പാട് ദുരൂഹമായ ഇടപാടുകളാണ് നടന്നത് ” – ഇതായിരുന്നു കവിതയെ കുറിച്ച് പ്രതിപക്ഷ നേതാവ് വാർത്ത സമ്മേളനത്തിൽ പറഞ്ഞത്.
2019 ഫെബ്രുവരി 23 മുതൽ 25 വരെ കേരള നിയമസഭയുടെ വജ്ര ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന പരിപാടിയിൽ പ്രസംഗിക്കാൻ കവിത സംസ്ഥാന സർക്കാരിൻ്റെ അതിഥിയായി കേരളത്തിൽ എത്തിയിരുന്നു. തെലുങ്കാനയിലെ നിസാമബാദിൽ നിന്നുള്ള എം.പിയായിരുന്നു അന്ന് കവിത. കാസ്റ്റ് ആൻ്റ് ഡിസ്കൺടൻ സ് എന്ന വിഷയത്തിൽ കവിത പ്രസംഗവും നടത്തിയിരുന്നു. എം.ബി രാജേഷ് സ്പീക്കറായ കാലഘട്ടത്തിലാണ് കവിതയുടെ കേരളത്തിലേക്കുള്ള രണ്ടാം വരവ്.
2022 മെയ് 26, 27 തീയതികളിലായി കേരള നിയമസഭയിൽ നടന്ന ഇന്ത്യൻ പാർലമെൻ്റിലേയും സംസ്ഥാന നിയമനിർമ്മാണ സഭകളിലേയും വനിത അംഗങ്ങളുടെ സമ്മേളനത്തിൽ പങ്കെടുക്കാനാണ് കവി എത്തിയത്. 27 ന് നടന്ന അണ്ടർ റിപ്രസെൻ്റേഷൻ ഓഫ് വിമൺ ഇൻ ഡിസിഷൻ മേക്കിംഗ് ബോഡിസ് എന്ന വിഷയത്തിൽ നടന്ന ചർച്ചയിലായിരുന്നു കവിത പങ്കെടുത്തത്. 2022 സെപ്റ്റംബർ 3 ന് എം.ബി. രാജേഷ് സ്പീക്കർ സ്ഥാനം രാജിവച്ച് എക്സൈസ് മന്ത്രിയായി. കവിതയുടെ രണ്ടാം കേരള സന്ദർശനം കഴിഞ്ഞ് മൂന്നാം മാസം സ്പീക്കർ കസേരയിൽ നിന്ന് രാജിവച്ച് എം.ബി രാജേഷ് എക്സൈസ് മന്ത്രിയായി.

പകരം മന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന എ.എൻ. ഷംസിറിനെ പിണറായി സ്പീക്കർ ആക്കി ഒതുക്കി.2022 സെപ്റ്റംബർ 6 നാണ് എം.ബി രാജേഷ് എക്സൈസ് മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്യുന്നത്.രാജേഷ് എക്സൈസ് മന്ത്രിയായതിന് ശേഷമാണ് ഒയാസിസ് ഗ്രൂപ്പിൻ്റെ കേരളത്തിലേക്കുള്ള രംഗപ്രവേശം. ഇതിനിടയിൽ കവിതയെ 2024 മാർച്ചിൽ ഡൽഹി മദ്യനയ കേസ് അഴിമതിയിൽ ഇ.ഡി അറസ്റ്റ് ചെയ്തു. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടായിരുന്നു ഇ.ഡി നടപടി.
അതേ വർഷം ഏപ്രിലിൽ സിബി ഐയും ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് കവിതയെ അറസ്റ്റ് ചെയ്തു. അഞ്ച് മാസത്തോളം ഇവർ തീഹാർ ജയിലിൽ ആയിരുന്നു. വിവാദ മദ്യ കമ്പനിയായ ഒയാസിസ് കൊമേർഷ്യൽ പ്രൈവറ്റ് ലിമിറ്റഡിന് വേണ്ടിയാണ് ഡൽഹി സർക്കാർ മദ്യനയം മാറ്റിയതെന്നായിരുന്നു കേസ്.
കവിതയുടെ അച്ഛൻ തെലുങ്കാന മുൻ മുഖ്യമന്ത്രി ചന്ദ്രശേഖർ റാവും പിണറായി വിജയനും തമ്മിലുള്ള അടുപ്പം പ്രസിദ്ധമാണ്.2019 മെയ് 5, 6 തീയതികളില്‍ തെലുങ്കാന മുഖ്യമന്ത്രിയായിരുന്ന ചന്ദ്രശേഖര്‍ റാവുവും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ ക്ലിഫ് ഹൗസില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ബിജെപിക്കും ബദലായി ഒരു മുന്നണി ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു സന്ദർശനം. 2023 ജനുവരിയില്‍ ചന്ദ്രശേഖരറാവു ഹൈദരാബാദില്‍ വിളിച്ചു ചേര്‍ത്ത 21 അംഗ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പിണറായി വിജയനും പങ്കെടുത്തിരുന്നു.