
ക്ഷാമബത്ത മുതല്‍ പെൻഷൻ പദ്ധതി വരെ; ബജറ്റില്‍ ജീവനക്കാരുടെ ശ്രദ്ധ ഇതൊക്കെ!
ബജറ്റ് പ്രസംഗത്തിൻ്റെ തയ്യാറെടുപ്പിലാണ് കെ.എൻ. ബാലഗോപാൽ. ഫെബ്രുവരി 7 നാണ് ബാലഗോപാലിൻ്റെ ബജറ്റ്. ഫെബ്രുവരി 1 ന് നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. ശമ്പള പരിഷ്കരണ കമ്മീഷനെ കുറിച്ചും യൂണിഫൈഡ് പെൻഷൻ സ്കീമിനെ കുറിച്ചും നിർമല ബജറ്റിൽ പരാമർശിക്കും എന്ന് ഉറപ്പാണ്.
പങ്കാളിത്ത പെൻഷൻ ആകർഷകമാക്കാനുള്ള പദ്ധതി ബജറ്റിൽ പ്രഖ്യാപിക്കാൻ ബാലഗോപാലും തയ്യാറെടുക്കുകയാണ്. 18.5 ശതമാനം സർക്കാർ വിഹിതം കൊടുക്കുന്ന യൂണിഫൈഡ് പെൻഷൻ സ്കീമിനോട് ബാലഗോപാലിന് പഥ്യമില്ല. പങ്കാളിത്ത പെൻഷൻ ആണെങ്കിൽ 10 % സർക്കാർ വിഹിതം കൊടുത്താൽ മതി.
ബാക്കി എല്ലാ സംസ്ഥാനങ്ങളിലും പങ്കാളിത്ത പെൻഷൻ വിഹിതം ഉയർത്തിയിട്ടും കേരളവും ബാലഗോപാലും അക്കാര്യത്തിൽ കണ്ണടച്ച് ഇരിക്കുകയാണ്. 2 ലക്ഷം പേരാണ് പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉള്ളത്. ബജറ്റിൽ ബാലഗോപാൽ എത്ര ഗഡു ഡി.എ പ്രഖ്യാപിക്കും എന്ന ആകാംക്ഷയിലാണ് സർക്കാർ ജീവനക്കാരും പെൻഷൻകാരും. 2025 ജനുവരി പ്രാബല്യത്തിൽ കേന്ദ്രം ഒരു ഡി.എ ഉടനെ പ്രഖ്യാപിക്കും. അത് കൂടെ കൂട്ടുമ്പോൾ കേരളത്തിൽ 7 ഗഡു ഡി. എ കുടിശിക ആകും. 22 ശതമാനം ആകും ക്ഷാമബത്ത കുടിശിക.
6 ഗഡു ക്ഷാമബത്ത ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിക്കും എന്നാണ് ഭരണാനുകൂല സംഘടനകൾ പറയുന്നത്. ഓരോ 2 മാസം കൂടുമ്പോഴും ഒരു ഗഡു ഡി.എ എന്ന രീതിയിൽ ആയിരിക്കും പ്രഖ്യാപനം എന്നാണ് ഭരണാനുകൂല സർവീസ് സംഘടന നേതാക്കൾ അണികളോട് പറയുന്നത്.
അതോടെ കുടിശിക തീരും. കുടിശിക ഇല്ലാത്ത ക്ഷാമബത്ത കാലം സംജാതമാകും എന്ന പ്രതീക്ഷയിലാണ് ഭരണാനുകൂല സംഘടനകൾ. കെ. എൻ. ബാലഗോപാലിൻ്റെ ജീവനക്കാരോടുള്ള സമീപനത്തിൽ അതൃപ്തിയുള്ള പ്രതിപക്ഷ സംഘടനകൾ ആകട്ടെ ഇതൊന്നും അത്ര കണ്ട് വിശ്വസിക്കുന്നില്ല . കാരണം മറ്റൊന്നല്ല. 2021 മെയ് മാസം ആണ് ബാലഗോപാൽ ധനമന്ത്രി ആകുന്നത്. ഇതുവരെ 8 ഗഡു ഡി. എ തരേണ്ട സ്ഥാനത്ത് നൽകിയത് 2 ഗഡു മാത്രമാണ്.
തന്ന 2 ഗഡു ക്ഷാമബത്തക്ക് ആകട്ടെ 78 മാസത്തെ കുടിശികയും തന്നില്ല. അതുകൊണ്ട് തന്നെ എത്ര ഗഡു ഡി. എ അനുവദിക്കും എന്ന് ബജറ്റ് കഴിയുമ്പോൾ അറിയാം എന്നാണ് പ്രതിപക്ഷക്കാർ പറയുന്നത്. കഴിഞ്ഞ ബജറ്റിൽ ഖണ്ഡിക 561 ൽ ആണ് ബാലഗോപാൽ ക്ഷാമബത്ത പ്രഖ്യാപിച്ചത്.
ജീവനക്കാർക്ക് / പെൻഷൻകാർക്ക് ഒരു ഗഡു ഡി.എ/ ഡി.ആർ ഏപ്രിൽ മാസത്തെ ശമ്പളത്തോടൊപ്പം നൽകുന്നതാണ് എന്നായിരുന്നു ബാലഗോപാലിൻ്റെ പ്രസംഗം. ഇക്കുറിയും എത്ര ഗഡു ഡി.എ പ്രഖ്യാപിക്കും എന്നറിയാൻ ബജറ്റിൻ്റെ അവസാന ഭാഗം വരെ കാത്തിരിക്കണം. 500 ഖണ്ഡികകൾ കഴിഞ്ഞാവും ഡി.എ പ്രഖ്യാപനം എന്ന കാര്യം മാത്രം ഉറപ്പ്. 6 ഗഡു പ്രഖ്യാപിക്കുമോ അതോ 2 ഗഡു പ്രഖ്യാപിക്കുമോ എന്ന് കാത്തിരുന്ന് കാണാം.