Kerala Government News

വനംവകുപ്പിൽ രഹസ്യാന്വേഷണ വിഭാഗം രൂപീകരിക്കാൻ ഉത്തരവിറങ്ങി

സംസ്ഥാനത്ത് വനംവകുപ്പിൽ രഹസ്യാന്വേഷണ വിഭാഗം രൂപീകരിക്കാൻ ഉത്തരവിറങ്ങി. സതേൺ, ഹൈറേഞ്ച്, സെൻട്രൽ, ഈസ്റ്റേൺ, നോർത്തേൺ എന്നീ അഞ്ചു വനം സർക്കിളുകളിലുമാണ് രഹസ്യ വിവര ശേഖരണത്തിനായി ഫോറസ്റ്റ് ഇൻറലിജൻസ് സ്ലീപ്പർ സെൽ രൂപീകരിക്കുന്നത്. (Forest Intelligence Sleeper Cell in Kerala Forest Department)

ഓരോ സർക്കിൾ തല ഫോറസ്റ്റ് ഇൻറലിജൻസ് സ്ലീപ്പർ സെല്ലിലും അഞ്ചുവീതം ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരെ രഹസ്യ വിവര ശേഖരണത്തിനായി നിയോഗിക്കും. രഹസ്യവിവര ശേഖരണത്തിൽ കഴിവും അഭിരുചിയുമുള്ള ജീവനക്കാരെ അവരവരുടെ ഓഫീസുകളിൽ നിലനിർത്തിക്കൊണ്ട് രഹസ്യവിവര ശേഖരണത്തിനായി നിയോഗിക്കേണ്ടതാണെന്നും ഫോറസ്റ്റ് ഇന്റലിജൻസ് സ്ലീപ്പർ സെല്ലിലേക്ക് ജീവനക്കാരെ പ്രത്യേകമായി നിയമിക്കുകയോ അല്ലെങ്കിൽ പുനർ വിന്യാസം, അന്യത്ര സേവനം എന്നിവ വഴിയോ നിയമിക്കരുതെന്നും ഉത്തരവ് വ്യക്തമാക്കുന്നു.

അതാത് സർക്കിൾ തലവനാണ് ജീവനക്കാരെ ഫോറസ്റ്റ് ഇന്റലിജൻസ് സ്ലീപ്പർ സെല്ലിലേക്ക് ജീവനക്കാരെ നിയോഗിച്ച് ഉത്തരവ് ഇറക്കേണ്ടത്. ഇപ്രകാരം നിയോഗിക്കപ്പെടുന്ന ജീവനക്കാർ അവർ ഏതു ഓഫീസിൽ ആണോ നിലവിൽ ജോലി ചെയ്യുന്നത് അതെ ഓഫീസിൽ തുടർന്നുകൊണ്ട് രഹസ്യ വിവര ശേഖരണം നടത്തേണ്ടതാണ്.

ഫോറസ്റ്റ് ഇന്റലിജൻസ് സ്ലീപ്പർ സെല്ലിലെ ജീവനക്കാരന്റെ സ്ഥലം മാറ്റം അയാളുടെ ഫോറസ്റ്റ് ഇന്റലിജൻസ് സ്ലീപ്പർ സെല്ലിലെ പ്രവർത്തനങ്ങളെ ബാധിക്കില്ല. ഫോറസ്റ്റ് ഇന്റലിജൻസ് സ്ലീപ്പർ സെല്ലിൽ നിയോഗിക്കപ്പെട്ട ജീവനക്കാരന്റെ രഹസ്യ വിവര ശേഖരണവുമായി ബന്ധപ്പെട്ട ജോലികളുടെ നിർദ്ദേശവും നിയന്ത്രണവും ഫോറസ്റ്റ് ഇന്റലിജൻസ് സെല്ലിൽ നിന്നായിരിക്കും. ഫോറസ്റ്റ് ഇന്റലിജൻസ് സ്ലീപ്പർ സെല്ലിലെ ജീവനക്കാർ ശേഖരിക്കുന്ന രഹസ്യ വിവരങ്ങൾ യഥാസമയം ഫോറസ്റ്റ് ഇന്റലിജൻസ് സെല്ലിലേക്ക് റിപ്പോർട്ട് ചെയ്യേണ്ടതും, ഈ വിവരങ്ങൾ മറ്റേതെങ്കിലും ഉദ്യോഗസ്ഥനുമായി പങ്കുവയ്ക്കാൻ പാടില്ലാത്തതുമാണ്.

forest intelligence sleeper cell in Kerala Forest Department GO

സർക്കിൾ തല ഫോറസ്റ്റ് ഇന്റലിജൻസ് സ്ലീപ്പർ സെൽവഴി ശേഖരിച്ച രഹസ്യ വിവരങ്ങൾ ഫോറസ്റ്റ് ഇന്റലിജൻസ് സെൽ നിശ്ചിത ഇടവേളകളിൽ ബന്ധപ്പെട്ട സർക്കിൾ മേധാവിക്ക് കൈമാറേണ്ടതാണ്. ഫോറസ്റ്റ് ഇന്റലിജൻസ് സ്ലീപ്പർ സെൽ ജീവനക്കാരന്റെ ഡ്യൂട്ടി, അവധി എന്നിവ ബന്ധപ്പെട്ട ഓഫീസ് മേധാവിയുടെ പരിധിയിൽ ആയിരിക്കും. ഫോറസ്റ്റ് ഇന്റലിജൻസ് സ്ലീപ്പർ സെല്ലിൽ നിയോഗിക്കപ്പെട്ട ജീവനക്കാരൻ തൃപ്തികരമായി ജോലി ചെയ്യുന്നുണ്ടോ എന്ന വിവരം ഈ ഉദ്യോഗസ്ഥൻ സമർപ്പിക്കുന്ന രഹസ്യ വിവരങ്ങളുടെ എണ്ണം, വൈവിധ്യം, ഗുണനിലവാരം, കൃത്യത എന്നിവയിലൂടെ ഫോറസ്റ്റ് ഇന്റലിജൻസ് സെല്ലിൽ പരിശോധിക്കപ്പെടേണ്ടതും, നിഷ്‌കർഷിത നിലവാരം പുലർത്താത്ത ജീവനക്കാരെ ഒഴിവാക്കാൻ ശുപാർശ ചെയ്യേണ്ടതുമാണ്.

ഫോറസ്റ്റ് ഇന്റലിജൻസ് സ്ലീപ്പർ സെല്ലിൽ ഒരു ജീവനക്കാരനെ ഒരു വർഷത്തേക്ക് നിയോഗിക്കാവുന്നതും, ഇയാളുടെ പ്രകടനം തൃപ്തികരമാണെങ്കിൽ പരമാവധി മൂന്നു വർഷം വരെ ഓരോ വർഷമായി ദീർഘിപ്പിച്ചു നൽകാവുന്നതും, രഹസ്യ വിവര ശേഖരണത്തിൽ അനിതരസാധാരണമായ കഴിവ് ഏതെങ്കിലും ജീവനക്കാരൻ പ്രകടിപ്പിച്ചാൽ ഈ ഉദ്യോഗസ്ഥന്റെ കഴിവ് വകുപ്പിന് പ്രയോജനപ്പെടുത്തുന്നതിലേക്കായി വനം ഫോറസ്റ്റ് ഇൻറലിജൻസ് മേധാവിയുടെ ശുപാർശ പ്രകാരം ഓരോ വർഷമായി പരമാവധി അഞ്ചു വർഷം വരെ ടിയാന്റെ സേവനം ഫോറസ്റ്റ് ഇന്റലിജൻസ് സ്ലീപ്പർ സെല്ലിൽ ദീർഘിപ്പിച്ചു നൽകാവുന്നതാണ്.

ഓരോ വർഷവും മാർച്ച് 15-നു മുമ്പായി ഫോറസ്റ്റ് ഇന്റലിജൻസ് സ്ലീപ്പർ സെല്ലിലെ ജീവനക്കാരുടെ പ്രകടനം വിലയിരുത്തലും ശുപാർശയും ഫോറസ്റ്റ് ഇന്റലിജൻസ് അസിസ്റ്റന്റ് കൺസർവേറ്റർ തയ്യാറാക്കി ഫോറസ്റ്റ് ഇന്റലിജൻസ് തലവൻ വഴി ബന്ധപ്പെട്ട സർക്കിൾ തലവൻമാർക്കു നൽകേണ്ടതാണ്. ഫോറസ്റ്റ് ഇന്റലിജൻസ് സ്ലീപ്പർ സെൽ ആരംഭിച്ചു കഴിഞ്ഞാൽ ആയതിന്റെ പ്രവർത്തനം പരിശോധിച്ചു കാര്യക്ഷമമാണെന്ന് ബോധ്യപ്പെട്ടാൽ ഓരോ സർക്കിൾ തല ഫോറസ്റ്റ് ഇന്റലിജൻസ് സ്ലീപ്പർ സെല്ലിലേക്കും തസ്തിക ബാധകമാക്കാതെ രഹസ്യ വിവരണ ശേഖരണത്തിലെ കഴിവും അഭിരുചിയും താത്പര്യവും കണക്കിലെടുത്ത് കൂടുതൽ ജീവനക്കാരെ നിയോഗിക്കാവുന്നതാണെന്നും 2025 ജനുവരി 22ന് വനം വന്യജീവി വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *