
ശമ്പള പരിഷ്കരണം ലഭിക്കേണ്ടത് 1-7-24 മുതൽ; കഴിഞ്ഞ പരിഷ്കരണ കുടിശികയും ഇതുവരെ കൊടുത്തില്ല
സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനം വൈകില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. എപ്പോഴാണോ ഇക്കാര്യത്തില്‍ തീരുമാനം വരേണ്ടത് അപ്പോള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
1.7.24 മുതൽ ലഭിക്കേണ്ട പുതിയ ശമ്പള പരിഷ്കരണത്തിന് കമ്മീഷനെ പോലും സർക്കാർ നിയമിച്ചിട്ടില്ല. തീരുമാനം വരേണ്ട സമയം അതിക്രമിച്ചിട്ടും എപ്പോഴാണ് ഇക്കാര്യത്തിൽ തീരുമാനം വരേണ്ടതെന്ന് മുഖ്യമന്ത്രിക്ക് അറിയില്ലേ എന്നാണ് പ്രതിപക്ഷ സംഘടനകൾ ചോദിക്കുന്നത്.
2026 ൽ ലഭിക്കേണ്ട ശമ്പളപരിഷ്കരണത്തിന് കേന്ദ്രം ഇന്നലെ കമ്മീഷനെ പ്രഖ്യാപിച്ചു. കേരളത്തിലാകട്ടെ 1-7-24 ൽ വരേണ്ട ശമ്പള പരിഷ്കരണത്തിന് 7 മാസം ആയിട്ടും കമ്മീഷനെ പോലും നിയമിച്ചില്ല. കഴിഞ്ഞ ശമ്പള പരിഷ്കരണത്തിൻ്റെ കുടിശിക പോലും ഇതുവരെ നൽകിയില്ല. ശമ്പള പരിഷ്കരണ കുടിശിക ഇനത്തിൽ 64,000 രൂപ മുതൽ 3,76,400 രൂപ വരെ ജീവനക്കാരന് ലഭിക്കേണ്ടതാണ്.
1-7-19 മുതൽ 28-2-21 വരെയുള്ള ശമ്പള പരിഷ്കരണ കുടിശിക 4 ഗഡുക്കളായി 25 ശതമാനം വീതം 2023 ഏപ്രില്‍, നവംബർ മാസങ്ങളിലും, 2024 ഏപ്രില്‍, നവംബർ മാസങ്ങളിലും ജീവനക്കാരുടെ പി.എഫ് അക്കൗണ്ടിൽ ക്രഡിറ്റ് ചെയ്യുമെന്നായിരുന്നു വാഗ്ദാനം. 2021 ഫെബ്രുവരിയിൽ തോമസ് ഐസക്ക് ഇത് സംബന്ധിച്ച് ഉത്തരവും ഇറക്കി. തെരഞ്ഞെടുപ്പ് കഴിഞ്ഞ് അധികാരത്തിലെത്തിയതോടെ ഏതു ശമ്പള പരിഷ്കരണ കുടിശിക എന്നായി ധനമന്ത്രി ബാലഗോപാൽ. ഐസക്ക് ഇറക്കിയ ഉത്തരവ് കാണിച്ചിട്ട് പോലും ബാലഗോപാൽ അനങ്ങിയില്ല.
1-4-23 ലും 1-10-23 ലും ലഭിക്കേണ്ട ശമ്പള പരിഷ്കരണ കുടിശികയുടെ രണ്ട് ഗഡുക്കളും ബാലഗോപാൽ അനന്തമായി മരവിപ്പിച്ചു.
ആദ്യ 2 ഗഡുക്കൾ കൊടുക്കാൻ വേണ്ടത് 2000 കോടി ആയിരുന്നു. ഇത് അനുവദിച്ചാൽ സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതി കൂടുതൽ പരിതാപകരം ആകുമെന്നായിരുന്നു മരവിപ്പിച്ച ഉത്തരവിൽ ബാലഗോപാൽ വ്യക്തമാക്കിയത്.
മൂന്നും നാലും ഗഡുക്കളെ കുറിച്ച് കാലാവധി കഴിഞ്ഞിട്ടും മിണ്ടാട്ടവും ഇല്ല. കഴിഞ്ഞ ശമ്പള പരിഷ്കരണത്തിൻ്റെ അവസ്ഥ ഇങ്ങനെ നിൽക്കുമ്പോഴാണ് സമയം ആകുമ്പോൾ പുതിയ ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കും എന്നുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.