
വിലായത്ത് ബുദ്ധയിൽ പൃഥിരാജ് നാളെ ജോയിൻ ചെയ്യും | Prithviraj Sukumaran
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥിരാജ് ചിത്രം വിലായത്ത് ബുദ്ധയുടെ ഷൂട്ടിംഗ് പുനരാരംഭിച്ചു. പാലക്കാട് നടക്കുന്ന ഷൂട്ടിങ്ങിൽ പൃഥിരാജ് നാളെ ജോയിൻ ചെയ്യും.
മറയൂർ ബസ് സ്റ്റാൻഡിൽ വിലായത്ത് ബുദ്ധയുടെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ 2023 ജൂണിൽ പൃഥ്വിരാജിന് ഗുരുതര പരുക്കേറ്റിരുന്നു.
കെഎസ്ആർടിസി ബസ്സിനകത്തുള്ള സംഘട്ടനചിത്രീകരണത്തിനിടെ പരിക്കേറ്റ് പൃഥ്വിരാജിന്റെ കാലിലെ ലിഗമെന്റില്‍ താക്കോല്‍ ദ്വാര ശസ്ത്രക്രിയ നടത്തിയിരുന്നു. അതിനെ തുടർന്ന് ഷൂട്ടിങ് നിറുത്തി വച്ചിരിക്കുക ആയിരുന്നു.
മറയൂരിലെ ചന്ദന മരക്കാടിൻ്റെ പശ്ചാത്തലത്തില്‍ പകയും പ്രതികാരവും പ്രണയവും നിറഞ്ഞ ചലച്ചിത്ര കാവ്യമായ വിലായത്ത് ബുദ്ധ ബിഗ് ബഡ്ജറ്റില്‍ ഉർവശി തിയറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനൻ ആണ് നിർമ്മിക്കുന്നത്.
പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ സഹ സംവിധായകനായിരുന്ന ജയൻ നമ്പ്യാർ ആണ് വിലായത്ത് ബുദ്ധ സംവിധാനം ചെയ്യുന്നത്. ജി.ആർ. ഇന്ദുഗോപന്റെ നോവലായ വിലായത്ത് ബുദ്ധ അതേ പേരില്‍തന്നെയാണ് സിനിമയാക്കുന്നത്.
ഇടുക്കിയിലും മറയൂരിലും വിലായത്ത് ബുദ്ധയുടെ ചിത്രീകരണമുണ്ട്. ഈ മാസം അവസാനത്തോടെ ചിത്രീകരണം പൂർത്തിയാകും.ചന്ദന മോഷ്ടാവായ ഡബിള്‍ മോഹനൻ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.
മറയൂരിലെ മലമുകളിൽ ഒരു ഗുരുവും കൊള്ളക്കാരനായ ശിഷ്യനും തമ്മിൽ ഒരപൂർവമായ ചന്ദനമരത്തിനുവേണ്ടി നടത്തുന്ന യുദ്ധത്തിന്റെ കഥയാണ് വിലായത്ത് ബുദ്ധ. പ്രണയവും പകയും പ്രതികാരവും അധികാരവും ആകസ്മികതയും നിസ്സഹായതയുമെല്ലാം ചേർന്നു സൃഷ്ടിക്കുന്ന മനുഷ്യജീവിതത്തിന്റെ മഹാഗാഥയാണ് ജി.ആർ. ഇന്ദുഗോപൻ്റെ വിലായത്ത് ബുദ്ധ.