News

പിവി അൻവർ തൃണമൂല്‍ കോണ്‍ഗ്രസില്‍; പാർട്ടിയംഗമല്ലാതെ ഭാരവാഹിത്വം

നിലമ്പൂർ എംഎൽഎ പി വി അൻവറിന് തൃണമൂൽ കോണ്‍​ഗ്രസ് ഭാരവാഹിത്വം നല്‍കി. മമതാ ബാനർജി നയിക്കുന്ന തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി അൻവറിന് ഭാരവാഹിത്വം നൽകി സ്വീകരിച്ചു. പാർട്ടി അംഗത്വം സ്വീകരിക്കാതെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന കോ – ഓർഡിനേറ്ററായാണ് അൻവറിന്റെ നിയമനം. ഇതോടുകൂടി എംഎല്‍എ സ്ഥാനത്തിന് നിലവില്‍ വെല്ലുവിളിയില്ല.

തൃണമൂൽ കോൺഗ്രസിന്റെ ഭാഗമാകാൻ നേരത്തെ പി വി അൻവർ ശ്രമങ്ങൾ തുടങ്ങിയിരുന്നു. കഴിഞ്ഞ മാസം ഡല്‍ഹി കേന്ദ്രീകരിച്ച് ഇതിനായി ചർച്ചകളും നടന്നു. ഇതിനിടെ കോൺഗ്രസിൽ ചേരാനുള്ള ശ്രമങ്ങൾ അൻവർ നടത്തിയെങ്കിലും ഇത് വിജയം കണ്ടിരുന്നില്ല.

യുഡിഎഫിലേക്ക് എത്താനുള്ള നീക്കവും അൻവർ നടത്തി. ലീഗിന്റെ പിന്തുണ അൻവറിന് ലഭിച്ചിരുന്നെങ്കിലും യുഡിഎഫ് പ്രവേശനത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിലാണ് തൃണമൂലിലേക്ക് അൻവർ നീങ്ങിയത്. കൊൽക്കത്തയിൽ ടിഎംസി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയാണ് അൻവറിനെ തൃണമൂലിലേക്ക് സ്വീകരിച്ചത്. അൻവറിനെ സ്വാഗതം ചെയ്ത് അഭിഷേക് ബാനർജിയും ട്വീറ്റ് ചെയ്തു. പൊതുപ്രവർത്തനത്തിനായുള്ള പി വി അൻവറിന്‍റെ അർപ്പണവും ജനങ്ങളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടവും തങ്ങളുടെ ലക്ഷ്യത്തോട് ചേർന്നുനില്‍ക്കുന്നതെന്ന് അഭിഷേക് ബാനർജി ട്വിറ്ററില്‍ കുറിച്ചു.

തൃണമൂൽ യുവനേതാവും രാജ്യസഭാ എംപിയുമായ സുഷ്മിത ദേവിന്റെ നേതൃത്വത്തിലായിരുന്നു അൻവറിന്റെ പാർട്ടി പ്രവേശന ചർച്ചകൾ എന്നാണു സൂചന. തനിക്കൊപ്പം കേരളത്തിൽനിന്ന് 4 എംഎൽഎമാരെക്കൂടി തൃണമൂലിലേക്ക് അൻവർ വാഗ്ദാനം ചെയ്തെന്നാണു വിവരം. കേരളത്തോടു താൽപര്യമുള്ള തൃണമൂൽ ഇവിടെ നേരത്തേതന്നെ സർവേകൾ നടത്തിയിരുന്നു. അൻവറിലൂടെയും ബാക്കി എംഎൽഎമാരിലൂടെയും കേരളത്തിൽ ശക്തമായ സാന്നിധ്യമാകാമെന്നാണു തൃണമൂലിന്റെ കണക്കുകൂട്ടൽ.

കേരളത്തിലെ സിപിഎമ്മിനോടും മുഖ്യമന്ത്രി പിണറായി വിജയനോടും യുദ്ധം പ്രഖ്യാപിച്ച അൻവർ യുഡിഎഫിലേക്കു പോകുന്നെന്ന തരത്തിൽ ചർച്ചകളും കൂടിക്കാഴ്ചകളും പുരോഗമിക്കെയാണ്, അപ്രതീക്ഷിതമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നയിക്കുന്ന തൃണമൂലിന്റെ ഭാഗമയത്.

നേരത്തേ, തമിഴ്നാട്ടിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നയിക്കുന്ന ഡിഎംകെയുടെ സഖ്യകക്ഷിയായി കേരളത്തിൽ പ്രവർത്തിക്കാനും അൻവർ ആലോചിച്ചിരുന്നു. ചെന്നൈയിലെത്തി ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. പിന്നീട് സ്വന്തമായി പാർട്ടി രൂപീകരിച്ചപ്പോൾ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ) എന്നാണു പേരിട്ടത്. ഇന്ത്യാ മുന്നണിയുമായി ചേർന്നു പ്രവർത്തിക്കുകയായിരുന്നു ലക്ഷ്യം. ഇതേ ഉദ്ദേശ്യത്തോടെയാണ് ഇപ്പോൾ തൃണമൂലിനൊപ്പം ചേർന്നതെന്നാണു വിവരം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x