മമ്മൂട്ടിയുടെ സുപ്പർ ഹിറ്റ് ചിത്രം കസബയുടെ രണ്ടാം ഭാഗം വരുന്നു. കസബയിലെ മമ്മൂട്ടിയുടെ ചിത്രത്തോടൊപ്പം ‘അന്നും ഇന്നും എന്നും രാജാവാട രാജൻ സക്കറിയ… ഒരു വരവുകൂടി വരും’ എന്ന ക്യാപ്ഷനുമായി നിർമ്മാതാവ് ജോബി ജോര്‍ജിന്‍റെ പോസ്റ്റ് എത്തിയതോടെയാണ് കസബയുടെ രണ്ടാം ഭാഗം ചർച്ച ചൂട് പിടിച്ചത്.
2016 ജൂലൈ 7 ന് റിലിസ് ചെയ്ത കസബയിൽ വ്യത്യസ്തമായ പോലിസ് വേഷത്തിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്. സിനിമയിലെ സ്ത്രീ വിരുദ്ധ ഡയലോഗുകൾ ചൂണ്ടിക്കാട്ടി ഗീതുമോഹൻ ദാസ്, പാർവ്വതി തിരുവോത്ത് തുടങ്ങിയവർ രൂക്ഷ വിമർശനം അഴിച്ചു വിട്ടിരുന്നെങ്കിലും മമ്മൂട്ടിയുടെ രാജൻ സക്കറിയ എന്ന കഥാപാത്രത്തിന് വൻ സ്വീകാര്യത ആണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.
സമ്പത്ത് രാജിൻ്റെ വില്ലൻ കഥാപാത്രം പരമേശ്വരൻ നമ്പ്യാർ , വര ലക്ഷ്മിയുടെ കമല, അലൻസിയറുടെ തങ്കച്ചൻ, ജഗദീഷിൻ്റെ സബ് ഇൻസ്പെക്ടർ മുകുന്ദൻ എന്നീ കഥാപാത്രങ്ങളും വ്യത്യസ്തമായ പാത്ര സൃഷ്ടിയാൽ ശ്രദ്ധിക്കപ്പെട്ടു.
രൺജി പണിക്കരുടെ മകൻ നിതിൻ രൺജി പണിക്കർ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ.ചിത്രത്തിൽ ഒരു പോലീസുകാരിയുടെ ബെൽറ്റിൽ പിടിച്ചുവലിച്ചുകൊണ്ട് മമ്മൂട്ടിയുടെ കഥാപാത്രം പറയുന്ന സംഭാഷണം ഏറെ വിവാദമായിരുന്നു. തുടർന്ന് 2016 ജൂലൈ 19-ന് മമ്മൂട്ടി, സംവിധായകൻ നിതിൻ പണിക്കർ, നിർമ്മാതാവ് ആലിസ് ജോർജ്ജ് എന്നിവർക്കെതിരെ കേരള സംസ്ഥാന വനിതാ കമ്മീഷൻ നോട്ടീസ് അയച്ചിരുന്നു. ചിത്രത്തിലെ ചില സംഭാഷണങ്ങൾ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ളവയാണെന്ന കാരണത്താലാണ് കമ്മീഷൻ നോട്ടീസയച്ചത്.
വിവാദങ്ങൾ ഉയർന്നെങ്കിലും രാജൻ സക്കറിയ എന്ന മമ്മൂട്ടിയുടെ പോലിസ് കഥാപാത്രം പ്രേക്ഷക പ്രീതി നേടിയെന്നതിൻ്റെ തെളിവാണ് രണ്ടാം ഭാഗത്തിലേക്ക് കടക്കാൻ നിർമ്മാതാവിനെ പ്രേരിപ്പിക്കുന്നതും.