സിക്സറിലും ഒന്നാമനായി സഞ്ജു സാംസൺ; തകർപ്പൻ ഫോമിലുള്ള സഞ്ജുവിൽ പ്രതീക്ഷയുമായി ഗംഭീറും

Sanju Samson and Gautam gambhir

റൺവേട്ടയിൽ മാത്രമല്ല സിക്സറിലും സ്ട്രൈക്ക് റേറ്റിലും മലയാളിയായ സഞ്ജു സാംസൺ (Sanju Samson) തന്നെ മുന്നിൽ. 2024 കലണ്ടർ വർഷത്തിൽ ട്വൻ്റി 20 യിലെ റൺവേട്ടക്കാരിൽ ഒന്നാമനാണ് സഞ്ജു സാംസൺ. 13 മൽസരത്തിൽ നിന്ന് 436 റൺസ് നേടിയാണ് സഞ്ജു ഒന്നാമത് എത്തിയത്. 18 മൽസരത്തിൽ നിന്ന് 429 റൺസ് നേടിയ സൂര്യകുമാർ യാദവ് ആണ് രണ്ടാം സ്ഥാനത്ത്. സഞ്ജുവിൻ്റെ സ്ട്രൈക്ക് റേറ്റ് 180.16 ആണെങ്കിൽ സൂര്യകുമാർ യാദവിൻ്റേത് 151.59 ആണ്.

സിക്സറുകളുടെ കാര്യത്തിലും സഞ്ജു തന്നെ വമ്പൻ. 31 സിക്സറുകളാണ് സഞ്ജു പറത്തിയത്. 35 ഫോറുകളും സഞ്ജു നേടി. രോഹിത് ശർമ ( 23) , സൂര്യകുമാർ യാദവ് (22),തിലക് വർമ ( 21 ),ഹാർദിക് പാണ്ഡെ ( 19), എന്നിവരാണ് സിക്സർ പറത്തിയവരിൽ സഞ്ജുവിൻ്റെ തൊട്ട് പിന്നിൽ ഉള്ളവർ.

ഇംഗ്ലണ്ടിനെതിരായ അഞ്ച് മൽസരങ്ങളടങ്ങിയ ട്വൻ്റി 20 പരമ്പരയാണ് പുതുവർഷത്തിൽ സഞ്ജുവിൻ്റെ മുന്നിൽ ആദ്യം ഉള്ളത്. തകർപ്പൻ ഫോമിൽ ആക്രമിച്ച് കളിക്കുന്ന സഞ്ജുവിനെ ഏകദീന ടീമിലും ഉൾപ്പെടുത്തണമെന്ന ആവശ്യം പരിശീലകൻ ഗംഭീർ ഉയർത്തി കഴിഞ്ഞു. ഗംഭീറിൻ്റെ നിർദ്ദേശത്തിന് സെലക്ടർ അജിത് അഗാർക്കർ പച്ചക്കൊടി കാട്ടിയാൽ 3 മൽസരങ്ങളടങ്ങിയ ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയിലും സഞ്ജു സ്ഥാനം പിടിക്കും. 56 റൺസാണ് സഞ്ജുവിൻ്റെ ഏകദിന ശരാശരി.

സമീപകാലത്തെ മോശം പ്രകടനത്തിൻ്റെ പശ്ചാത്തലത്തിൽ പരിശീലക സ്ഥാനത്ത് നിന്ന് ഗംഭീറിനെ മാറ്റണമെന്ന ആവശ്യവും ഉയരുന്നുണ്ട്. അതുകൊണ്ട് തന്നെ ഗംഭീറിനും നിർണായകമാണ് ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പര. സഞ്ജുവിനൊടൊപ്പം സൂര്യകുമാർ യാദവിനേയും ഏകദിന ടീമിൽ ഉൾപ്പെടുത്താനാണ് ഗംഭീറിൻ്റെ പ്ലാൻ.

2024 അവസാനത്തോടെയാണ് സഞ്ജു മാരക ഫോമിലേക്ക് ഉയർന്നത്. ഒരു മാസത്തിനിടയിൽ 3 സെഞ്ച്വറികൾ സഞ്ജുവിൻ്റെ ബാറ്റിൽ നിന്ന് ഒഴുകി. ഒക്ടോബറിൽ ബംഗ്ലാദേശിനെതിരെയായിരുന്നു ആദ്യ സെഞ്ച്വറി. 47 ബോളിൽ 111 റൺസ് ആണ് സഞ്ജു അടിച്ചത്. മൽസരത്തിലെ സഞ്ജുവിൻ്റെ സ്ട്രൈക്ക് റേറ്റ് 236.1.

നവംബർ മാസം 2 സെഞ്ച്വറികൾ പിറന്നു. കരുത്തരായ സൗത്ത് ആഫ്രിക്കക്കെതിരെ നവംബർ 8 നും 15 നും സഞ്ജു സെഞ്ച്വറി നേടി. 50 ബോളിൽ 107 റൺസും 56 ബോളിൽ 109 റൺസും ആണ് നേടി ദക്ഷിണാഫ്രിക്കക്കെതിരെ സെഞ്ച്വറി നേടിയതോടെ ഒരു കലണ്ടർ വർഷത്തിൽ 3 സെഞ്ച്വറി നേടുന്ന ആദ്യ താരമായി സഞ്ജു സാംസൺ മാറി.

മാരക ഫോമിലാണ് സഞ്ജു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും സഞ്ജു തൻ്റെ തകർപ്പൻ ഫോം തുടരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. സഞ്ജുവിൻ്റെ തകർപ്പൻ ഫോമിലാണ് ഗംഭീറിൻ്റെ പ്രതീക്ഷയും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments