പുതു വർഷത്തിൽ പ്രതീക്ഷയോടെ സഞ്ജു സാംസൺ. ഇംഗ്ലണ്ടുമായുള്ള ട്വൻ്റി 20 പരമ്പരയാണ് സഞ്ജുവിൻ്റെ മുന്നിൽ ആദ്യം ഉള്ളത്. ട്വൻ്റി 20 യിൽ മിന്നുന്ന ഫോമിലാണ് സഞ്ജു. കഴിഞ്ഞ വർഷം അവസാനത്തോടെ ഏഴ് ട്വൻ്റി 20 മൽസരങ്ങളിൽ നിന്ന് 3 സെഞ്ച്വറികളാണ് സഞ്ജു വാരി കൂട്ടിയത്.
ഒരു കലണ്ടർ വർഷം ഏതെങ്കിലും ഒരു താരം ട്വൻ്റിയിൽ 3 സെഞ്ച്വറികൾ നേടുന്നതും ആദ്യമായിട്ടാണ്. 56.6 റൺസ് ഏകദിന ശരാശരിയുള്ള സഞ്ജുവിനെ ഏകദിന ടീമിലേക്കും പരിശിലകൻ ഗംഭീർ നോട്ടമിട്ടുണ്ട്.
കൂസലില്ലാതെ ബാറ്റ് ചെയ്യുന്ന സഞ്ജുവിൻ്റെ ആക്രമണ ബാറ്റിംഗ് നിരവധി ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്. ആരാധകർ ഏറെയുള്ള സഞ്ജു നിരവധി ബ്രാന്റുകളുടെ അംബാസഡറും ആണ്. കൊക്കാബുറ സ്പോര്‍ട്സ്, ഹീല്‍, ഗില്ലിറ്റി ഇന്ത്യ, ഭാരത് പേ, മൈഫാബ് 11 ഇവരെല്ലാം സഞ്ജുവുമായി കരാറുള്ള കമ്പനികളാണ്.
2012ലാണ് സഞ്ജു ഐപിഎല്ലിലേക്ക് വരുന്നത്. അന്ന് വെറും 8 ലക്ഷം രൂപയായിരുന്നു അദ്ദേഹത്തിന്റെ പ്രതിഫലം. 2013ല്‍ രാജസ്ഥാന് റോയല്സിലേക്കെത്തിയതോടെയാണ് സഞ്ജുവിന്റെ തലവര മാറിയത്. 2013ല്‍ രാജസ്ഥാനിലെത്തുമ്പോള്‍ 10 ലക്ഷമായിരുന്നു സഞ്ജുവിന് ലഭിച്ച പ്രതിഫലം. അനായാസം സിക്സര്‍ പറത്താന്‍ സാധിക്കുന്ന, ഭയമില്ലാതെ കളിക്കുന്ന സഞ്ജുവിന്റെ ശൈലിയില്‍ രാജസ്ഥാന് ടീം വിശ്വാസം അര്‍പ്പിച്ചു. 2014ല്‍ 4 കോടിയായി സഞ്ജുവിന്റെ പ്രതിഫലം ഉയര്‍ന്നു. 2015ലും ഇതേ പ്രതഫലം സഞ്ജുവിന് ലഭിച്ചു. 2016ല്‍ രാജസ്ഥാന് വിലക്ക് ലഭിച്ചപ്പോള്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനായി സഞ്ജു കളിച്ചു. 4 കോടി 20 ലക്ഷം രൂപയായിരുന്നു പ്രതിഫലം.
പടിപടിയായി സഞ്ജുവിന്റെ പ്രതിഫലം ഉയര്‍ന്നുകൊണ്ടേയിരുന്നു. കുറഞ്ഞ കാലയളവില്‍ ഐപിഎല്ലിലെ പ്രമുഖ ബൗളര്‍മാരുടെ പേടി സ്വപ്നമായി സഞ്ജു മാറിക്കഴിഞ്ഞിരുന്നു. 2018ല്‍ രാജസ്ഥാന് തിരികെ എത്തിയപ്പോള്‍ എട്ട് കോടിയാണ് അദ്ദേഹത്തിന് പ്രതിഫലം ലഭിച്ചത്. ഇരട്ടിയോളമാണ് അദ്ദേഹത്തിന്റെ പ്രതിഫലം വര്‍ധിച്ചത്. 2018ല്‍ എട്ട് കോടിക്ക് നിലനിര്‍ത്തപ്പെട്ട സഞ്ജുവിന് 2022ലേക്കെത്തിയപ്പോള്‍ ലഭിച്ച പ്രതിഫലം 14 കോടിയാണ്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്നും മോശമല്ലാത്ത പ്രതിഫലം സഞ്ജു നേടുന്നുണ്ട്. ബിസിസി ഐയുടെ ഗ്രേഡ് സി കരാറാണ് സഞ്ജുവിനുള്ളത്. ഒരു കോടി രൂപ പ്രതിവര്‍ഷം സഞ്ജുവിന് പ്രതിഫലമായി ലഭിക്കും. 2024ലെ കണക്കുകള്‍ നോക്കുമ്പോള്‍ 82 കോടിയാണ് സഞ്ജുവിന്റെ ആസ്തി.
ക്രിക്കറ്റില്‍ നിന്ന് മാത്രമല്ല ഇപ്പോള്‍ സഞ്ജുവിന് പ്രതിഫലം ലഭിക്കുന്നത്. സഞ്ജുവിന് റിയല്‍ എസ്റ്റേറ്റ് ബിസിനസുമുണ്ട്. ഫാഷന്‍ ഡിസൈനിങ് മേഖലയിലും സഞ്ജുവിന് നിക്ഷേപമുണ്ട്. പുതുവർഷത്തിൽ സഞ്ജുവിൻ്റെ മിന്നുന്ന പ്രകടനങ്ങൾക്കായി കാത്തിരിക്കുകയാണ് അദ്ദേഹത്തിൻ്റെ ആരാധകർ.