ഇതിഹാസ താരം കപിലിനെ വീണ്ടും മറികടന്ന് ഋഷഭ് പന്ത്. ടെസ്റ്റിലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയെന്ന റെക്കോർഡ് ഇതിഹാസ താരം കപിൽ ദേവിനായിരുന്നു. 1982 പാക്കിസ്ഥാനെതിരെ 30 ബോളിൽ ആയിരുന്നു കപിൽ ഫിഫ്റ്റി നേടിയത്. 2022 ൽ ശ്രീലങ്കയുമായുള്ള ടെസ്റ്റിൽ 28 പന്തിൽ ഫിഫ്റ്റി നേടി പന്ത് കപിലിൻ്റെ 40 വർഷം മുമ്പുള്ള റെക്കോർഡ് മറികടന്നു.
ഇന്ന് സിഡ്നി ടെസ്റ്റിൽ ഋഷഭ് പന്ത് ഫിഫ്റ്റി നേടിയത് 29 പന്തിലായിരുന്നു. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ താരത്തിൽ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ഫിഫ്റ്റിയെന്ന റെക്കോർഡും ഋഷഭിൻ്റെ പേരിലായി. കപിൽ മൂന്നാം സ്ഥാനത്താണ്.
ഒരു സമയത്തു 10 ബോളില്‍ 17 റണ്‍സെന്ന നിലയിലായിരുന്നു ഋഷഭ്. അരങ്ങേറ്റക്കാരനായ ബ്യു വെബ്സ്റ്റര്‍ എറിഞ്ഞ 18ാം ഓവറിൽ തുടര്‍ച്ചയായി മൂന്നു ഫോറുകടക്കം 12 റണ്‍സ് ഋഷഭ് വാരിക്കൂട്ടി. വെബ്സ്റ്ററിന്റെ അടുത്ത ഓവറിൽഓരോ സിക്സറും ഫോറുമാണ് താരം പറത്തിയത്. ഇതോടെ 22ാം ഓവറില്‍ മിച്ചെല്‍ സ്റ്റാര്‍ക്കിനെ ഓസീസ് നായകന് പാറ്റ് കമ്മിന്‍സ് തിരിച്ചുവിളിച്ചു. രണ്ടാമത്തെ ബോള്‍ ഡീപ്പ് മിഡ് വിക്കറ്റിനു മുകളിലൂടെ സിക്സറിലേക്കുപറത്തിയാണ് ഋഷഭ് സ്റ്റാർക്കിനെ സ്വാഗതം ചെയ്തത്. ഇതോടെ 29 ബോളില്‍ ഫിഫ്റ്റിയും ഋഷഭ് പൂര്‍ത്തിയാക്കി. അടുത്ത ബോളില്‍ വീണ്ടുമൊരു സിക്സര്‍. ഇത്തവണ ഡീപ്പ് മിഡ് വിക്കറ്റിനു മുകളിലൂടെയാണ് ബോള്‍ പറന്നത്.
ഓസിസ് മണ്ണിൽ ഒരു വിദേശ താരം നേടുന്ന വേഗമേറിയ ടെസ്റ്റ് ഫിഫ്റ്റി എന്ന നേട്ടവും ഋഷഭ് പന്തിൻ്റെ പേരിലായി. 1895 ൽ ഇംഗ്ലണ്ടിൻ്റെ ജോൺ ബ്രൗണും 1975 ൽ വെസ്റ്റ് ഇൻസിസ് താരം റോയ് ഫ്രെഡറിക്സും 33 പന്തിൽ നേടിയ ഫിഫ്റ്റിയുടെ റെക്കോർഡാണ് പന്ത് പുതുക്കിയത്.
ഋഷഭ് പന്തിൻ്റെ ബാറ്റിംഗിനെ പുകഴ്ത്തി സച്ചിൻ രംഗത്തെത്തി. ” മിക്ക ബാറ്റർമാരും 50 ശതമാനത്തിന് സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്തൊരു പിച്ചിൽ , 184 സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്ത അർധ സെഞ്ച്വറി നേടിയ പ്രകടനം ശ്രദ്ധേയമാണ്. പന്തിൻ്റെ ബാറ്റിങ് ഏറ്റവും സുന്ദരമായ കാഴ്ചകളിൽ ഒന്നാണ്. എന്തൊരു ഇന്നിങ്സായിരുന്നു അത് ” – സച്ചിൻ കുറിച്ചു.