കേരളത്തിനെതിരെ അധിക്ഷേപ പരാമർശങ്ങളുമായി മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി. തുറമുഖ വകുപ്പ് മന്ത്രി നിതേഷ് നാരായൺ റാണെ. കേരളം മിനി പാകിസ്താൻ ആണെന്നും അതുകൊണ്ടാണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കേരളത്തിൽ ജയിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഞായറാഴ്ച്ച നടന്ന പൊതുപരിപാടിയിലാണ് മന്ത്രിയുടെ കേരള വിരുദ്ധ പരാമർശം. മന്ത്രിയുടെ പ്രസ്താവന ഭരണഘടന വിരുദ്ധമെന്ന് കോൺഗ്രസ് പ്രതികരിച്ചു.
‘കേരളം മിനി പാകിസ്ഥാനാണ്, അതുകൊണ്ടാണ് രാഹുൽ ഗാന്ധിയും അദ്ദേഹത്തിന്റെ സഹോദരിയും അവിടെ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നത്. എല്ലാ തീവ്രവാദികളും അവർക്ക് വോട്ട് ചെയ്യുന്നു. ഇതാണ് സത്യം, നിങ്ങൾക്ക് ചോദിക്കാം, തീവ്രവാദികളെ കൂടെകൂട്ടി അവർ എംപിമാരായി,’ റാണെ പറഞ്ഞു. പൂനെ ജില്ലയിലെ പുരന്ദർ താലൂക്കിൽ ശിവപ്രതാപ് ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി നാരായണ് റാണെയുടെ മകൻ കൂടിയായ മന്ത്രി നിതേഷ് നാരായൺ റാണെ.
മഹാരാഷ്ട്ര മന്ത്രിസഭയിൽ ഫിഷറീസ്, തുറമുഖ വകുപ്പ് മന്ത്രിയാണ് കങ്കാവലി സീറ്റിൽ നിന്ന് വിജയിച്ച റാണെ.