
കഴിഞ്ഞ സാമ്പത്തിക വർഷം: കേരളം കടം എടുത്തത് 30038.36 കോടിയെന്ന് കെ.എൻ. ബാലഗോപാൽ
കഴിഞ്ഞ സാമ്പത്തിക വർഷം 30038.36 കോടി രൂപ കടം എടുത്തെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പൊതുവിപണിയിൽ നിന്നുള്ള വായ്പ, നബാർഡ്, ദേശീയ ലഘു സമ്പാദ്യ ഫണ്ട്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നുള്ള വെയ്‌സ് ആന്റ് മീൻസ് മുൻകൂറുകൾ, കേന്ദ്ര സർക്കാരിൽ നിന്നുള്ള വായ്പകൾ എന്നീ ഇനങ്ങളിൽ നിന്നാണ് 30038.36 കോടി രൂപയുടെ കടമെടുപ്പ് നടത്തിയത്.
2023-24 ൽ റവന്യു വരുമാനം ലക്ഷ്യമിട്ടത് 1,35,418.67 കോടി ആയിരുന്നു. കിട്ടിയത് ആകട്ടെ 1,22,393.31 കോടിയും. 13025.36 കോടിയുടെ നികുതി ഖജനാവിൽ എത്തിയില്ലെന്ന് കണക്കുകളിൽ നിന്ന് വ്യക്തം. നികുതി പിരിവിലെ കെടുകാര്യസ്ഥതയാണ് സംസ്ഥാനത്തെ ധനപ്രതിസന്ധിയിലാക്കിയതെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്ന കണക്കുകൾ ആണ് പുറത്ത് വന്നത്.
ബാറുകളിൽ നിന്നും സ്വർണ്ണത്തിൽ നിന്നും ലഭിക്കേണ്ട യത്ഥാർത്ഥ നികുതിയുടെ 20 ശതമാനം മാത്രമാണ് സർക്കാരിന് പിരിക്കാൻ സാധിക്കുന്നത്. കേരളത്തിൽ എത്ര ടൺ സ്വർണം പ്രതിവർഷം വിൽക്കുന്നുണ്ട്? എപി അനിൽകുമാറിന്റെ നിയമസഭ ചോദ്യത്തിന് അത് തനിക്കറിയില്ലെന്നായിരുന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ മറുപടി നൽകിയത്. നികുതി നിർണ്ണയങ്ങൾക്കോ, മറ്റ് പരിശോധനകൾക്കോ വിധേയമാകുമ്പോൾ മാത്രമാണ് സ്റ്റോക്ക് വിവരങ്ങൾ വ്യാപാരികളോട് ആവശ്യപ്പെടാറുള്ളത്.
അതുകൊണ്ട് തന്നെ എത്ര ടൺ സ്വർണം വിൽക്കപ്പെടുന്നു എന്ന കണക്ക് ലഭ്യമല്ലെന്ന മറുപടിയാണ് ബാലഗോപാലിന്റേത്.സ്വർണ്ണത്തിൽ നിന്നുള്ള നികുതി നഷ്ടവും നികുതി വകുപ്പിന്റെ പിടിപ്പ് കേടിനെക്കുറിച്ചും 2019 മുതൽ ചർച്ച ചെയ്യാൻ തുടങ്ങിയതാണ്. 2016 സാമ്പത്തിക വർഷം സ്വർണ്ണത്തിൽ നിന്നുള്ള നികുതി വരുമാനം 653 കോടി ആയിരുന്നെങ്കിൽ ഇന്ന് സ്വർണ്ണത്തിൽ നിന്ന് ലഭിക്കുന്ന നികുതി 383 കോടി മാത്രം. വാറ്റ് കാലത്ത് 5000 രജിസ്‌ട്രേഷൻ മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ ഇന്ന് 2022-23 വരെ 10,649 പേർ രജിസ്‌ട്രേഷൻ വലയത്തിലുണ്ട്.
ജി.ഡി.പിയുടെ 7 ശതമാനം പ്രതിനിധാനം ചെയ്യുന്ന സ്വർണ്ണ വ്യവസായത്തിൽ ഏതാണ്ട് 25 ലക്ഷം ആളുകൾ പ്രവർത്തിക്കുന്നുണ്ട്. ചെറുതും വലുതുമായ 5 ലക്ഷത്തോളം സ്ഥാപനങ്ങൾ ഈ വ്യവസായത്തിന്റെ ഭാഗമാണ്. ഇന്ത്യയിലെ ആഭ്യന്തര വിപണിയിൽ പ്രതിവർഷം 1000 ടൺ സ്വർണ്ണം ക്രയവിക്രയം ചെയ്യപ്പെടുമ്പോൾ അതിന്റെ 30% ശതമാനവും കേരളത്തിന്റെ സംഭാവനയാണ്.
2016-ലെ ലോക ഗോൾഡ് കൗൺസിലിന്റെ കണക്ക് പ്രകാരം കേരളത്തിലെ ഒരു മദ്ധ്യവർഗ്ഗ കുടുംബാംഗം ശരാശരി 320 ഗ്രാം സ്വർണ്ണം ധരിക്കുമ്പോൾ രണ്ടാം സ്ഥാനത്തുള്ള ഗുജറാത്തി ധരിക്കുന്നത് 180 ഗ്രാം മാത്രം. കേരളത്തിന്റെ പ്രതിവർഷ ഉപഭോഗം 200 മുതൽ 300 ടൺ വരെ വരും. എന്നാൽ ഈ നടക്കുന്ന കച്ചവടത്തിന്റെ 65% ഉം നികുതി വലക്ക് പുറത്താണ്. സർക്കാർ വിവരാവകാശ നിയമപ്രകാരം പുറത്ത് വിട്ട കണക്ക് പ്രകാരം 2022 -23 ൽ സ്വർണ്ണ കച്ചവടത്തിന്റെ ടേണോവർ കേവലം 101668.96 കോടി മാത്രമാണ്. അതിൽ 80% ഓളം വഹിക്കുന്നത് വിരലിൽ എണ്ണാവുന്ന മുൻ നിര കച്ചവടക്കാരും.