News

ഉമ തോമസിന് അപകടം: നൃത്ത പരിപാടിയുടെ സംഘാടകർക്കെതിരെ കേസ്

കൊച്ചി: കലൂരിലെ നൃത്തപരിപാടിക്കിടെ സ്റ്റേജിൽ നിന്ന് വീണ് ഉമാ തോമസ് എം.എൽ.എയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ സംഘാടകർക്കെതിരേ പോലീസ് കേസെടുത്തു. മൃദംഗമിഷനും സ്റ്റേജ് നിർമിച്ചവർക്കുമെതിരേയാണ് കേസ്. പാലാവരിവട്ടം പോലീസാണ് കേസെടുത്തത്. ജീവന് ഭീഷണി ഉണ്ടാകും വിധം അപകടകരമായി സ്റ്റേജ് നിർമിച്ചതിനാണ് കേസ്. പൊതുസുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ വീഴ്ചവരുത്തിയതിനും കേസുണ്ട്.

പതിനാലടിയോളം ഉയരത്തിൽ നിന്ന് ഉമാ തോമസ് എം.എൽ.എ താഴേക്ക് വീണ് ഗുരുതരമായി പരിക്കേറ്റെന്നും സ്റ്റേജിന്റെ നിർമാണത്തിൽ സുരക്ഷാക്രമീകരണങ്ങൾ ഒന്നും പാലിച്ചില്ലെന്നും പോലീസ് വ്യക്തമാക്കുന്നു. താത്കാലിക സ്റ്റേജിന്റെ മുൻ വശത്തോടുകൂടി ഒരാൾക്ക് നടന്നുപോകാനുള്ള വഴിയുണ്ടായിരുന്നില്ല, സുരക്ഷാവേലിയില്ല തുടങ്ങിയ കാര്യങ്ങളാണ് അപകടത്തിന്റെ കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നുണ്ട്.എന്നാൽ റിബൺ കണ്ടപ്പോൾ ബലമുള്ളതാണെന്ന് തെറ്റിദ്ധരിച്ച് പിടിച്ചതാകാമെന്നാണ് സംഘാടകർ മാധ്യമങ്ങളോട് പറഞ്ഞത്.

സ്റ്റേജിൽ‌ മതിയായ സ്ഥലമില്ല, ബലമുള്ള കൈവരികളില്ല:
വേദി നിർമിച്ചതിൽ സുരക്ഷാ വീഴ്ചയെന്ന് എഫ്ഐആർ

ആരുടെയും പേരുവിവരങ്ങൾ എഫ്.ഐ.ആറിൽ ഇല്ല. തിങ്കളാഴ്ച പുലർച്ചെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പോലീസ് വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ്.

അതേസമയം കൊച്ചി റിനൈ മെഡിസിറ്റിയിൽ ചികിത്സയിലുള്ള ഉമ തോമസ് എംഎൽഎയുടെ ആരോഗ്യസ്ഥിതി നിലവിൽ ആശങ്കാജനകമല്ലെന്നാണ് ഡോക്ടർമാരുടെ വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ട് എം.എൽ.എ യുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടി കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിങ്കളാഴ്ച പുലർച്ചെ 1. 45 ഓടെ മെഡിക്കൽ റിപ്പോർട്ട് പുറത്തിറക്കിയത്. നിലവിലുള്ള ചികിത്സ തൃപ്തികരമെന്നും സംഘം വിലയിരുത്തി. തുടർ ചികിത്സകളും നിർദ്ദേശിച്ചിട്ടുണ്ട്.

ഞായറാഴ്ച കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ മെഗാ ഭരതനാട്യം തുടങ്ങുന്നതിനു മുൻപ് വൈകീട്ട് ആറരയോടെയാണ് അപകടം. കോൺക്രീറ്റ് സ്ലാബിലേക്ക് തലയടിച്ചാണ് ഉമാ തോമസ് എം.എൽ.എ വീണത്. ഉടൻതന്നെ ആംബുലൻസിൽ പാലാരിവട്ടം റിനൈ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മന്ത്രി സജി ചെറിയാൻ, എ.ഡി.ജി.പി. എസ്. ശ്രീജിത്ത്, സിറ്റി പോലീസ് കമ്മിഷണർ പുട്ട വിമലാദിത്യ എന്നിവരുൾപ്പെടെയുള്ള അതിഥികൾ അപകടം നടക്കുമ്പോൾ വേദിയിലുണ്ടായിരുന്നു.

വേദിയിലെത്തി ഒരു കസേരയിലിരുന്ന ശേഷം പരിചയമുള്ള ഒരാളെ കണ്ട് എഴുന്നേറ്റ് കൈകാട്ടി മുന്നോട്ടു നടക്കുകയായിരുന്നു ഉമാ തോമസ്. വേദിയുടെ അരികിലെ താൽക്കാലിക റെയിലിലെ റിബ്ബണിൽ പിടിച്ചപ്പോൾ നിലതെറ്റി വീഴുകയായിരുന്നു. വേദിയുടെ താഴെ നിന്നിരുന്നവരാണ് നിലവിളി കേട്ട് ഓടിയെത്തി എം.എൽ.എയെ ആംബുലൻസിലെത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *