കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽനിന്ന് വീണ് ഗുരുതര പരിക്കേറ്റ ഉമാ തോമസ് എംഎൽഎ ചികിത്സയിലുള്ള റിനൈ മെഡിസിറ്റിയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഡോക്ടർമാരുമായി കൂടിക്കാഴ്ച്ച നടത്തി. ഒരുമണിക്കൂറോളം അദ്ദേഹം ആശുപത്രിക്കുള്ളില്‍ ചെലവഴിച്ചു. ഭയപ്പെട്ടതു പോലുള്ള സംഭവങ്ങളൊന്നുമില്ലെന്നും സ്റ്റെബിലൈസ് ചെയ്തു വരികയാണെന്നും പിന്നീട് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
തലയലുണ്ടായ മുറിവ് 24 മണിക്കൂര്‍ മോണിറ്റര്‍ ചെയ്യേണ്ടതുണ്ടെന്നും കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘം റിനൈ മെഡിസിറ്റിയിലേക്ക് വരുന്നുണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു. എല്ലാ മെഡിക്കല്‍ സഹായവും നല്‍കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ബി.പി ഉള്‍പ്പെടെയുള്ളവ ശരിയായി വരുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
സുരക്ഷാ വീഴ്ച സംബന്ധിച്ച് പിന്നീട് പരിശോധിക്കാം. ഇപ്പോള്‍ ഏറ്റവും നല്ല ചികിത്സ നല്‍കുക എന്നതാണ് പ്രധാനം. ചികിത്സ സംബന്ധിച്ച് പരാതികളൊന്നുമില്ല. ഇപ്പോള്‍ നല്ല നിലയിലുള്ള ചികിത്സ നല്‍കുന്നുണ്ട്. പരിശോധിച്ച എല്ലാ ഡോക്ടര്‍മാരുമായും സംസാരിച്ചു – വി.ഡി. സതീശൻ ആശുപത്രിക്ക് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.
സ്റ്റേഡിയത്തില്‍ നടക്കുന്ന നൃത്തപരിപാടിയുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു ഉമ തോമസ് എംഎല്‍എ സ്റ്റേജില്‍ നിന്ന് 20 അടി താഴ്ച്ചയിലേക്ക് വീണത്. ഗാലറിയുടെ വശത്തുനിന്ന എംഎൽഎ താഴേക്കു വീഴുകയായിരുന്നു. ബാരിക്കേഡ് സ്ഥാപിച്ച പൈപ്പ് വീണു തലയ്ക്കു പരുക്കേറ്റു. ഉടനെ എംഎൽഎയെ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലവില്‍ വെൻ്റിലേറ്ററിലാണ് എംഎല്‍എ.
ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ടു സംഘടിപ്പിച്ച മൃദംഗനാദം നൃത്തസന്ധ്യയ്ക്കിടെയാണ് അപകടം. സ്റ്റേഡിയത്തിൽ വിഐപികൾക്കായി 40 കസേരകൾ ഇട്ടിരുന്നു. അവിടെ മന്ത്രി സജി ചെറിയാനും മറ്റും ഇരിക്കുന്നുണ്ടായിരുന്നു. അവിടേക്കു നടന്നു വന്നപ്പോഴാണ് എംഎൽഎ താഴേക്കു വീണത്. കോൺക്രീറ്റിൽ തലയിടിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു.