
സ്‌ഥലംമാറ്റം അട്ടിമറിക്കാൻ ഓൺലൈനിൽ തിരിമറി
തദ്ദേശ ഭരണ സർവീസിൽ പൊതുസ്ഥലം മാറ്റം അട്ടിമറിക്കാൻ എറണാകുളം ജോയിന്റ് ഡയറക്‌ടർ ഓഫിസിലെ എൻജിഒ യൂണിയൻ നേതാവ് സോഫ്റ്റ് വെയറില്‍ റജിസ്റ്റർ തിരുത്തിയതായി കണ്ടെത്തൽ.
ഇതു സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് സർക്കാരിനു നൽകിയെങ്കിലും യൂണിയൻ സമ്മർദത്തിൽ സർക്കാർ നടപടിയെടുത്തില്ല. ആ ജില്ലയിലെ ജീവനക്കാർ ഇതു സംബന്ധിച്ച് തദ്ദേശ മന്ത്രിക്കു പരാതി നൽകി. തുടർന്ന് പ്രിൻസിപ്പൽ ഡയറക്ടറേറ്റിലെ ആഭ്യന്തര വകുപ്പു വിജിലൻസ് വിഭാഗം അന്വേഷണം നടത്തി ഈ നേതാവിനെ സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്തു.
ഇക്കാര്യം പുറത്തറിഞ്ഞതോടെ എൻജിഒ യൂണിയൻ നേതൃത്വം ഇടപെട്ടു നടപടി മരവിപ്പിച്ചു. 10 വർഷമായി ഈ ഓഫിസിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. 2024ൽ ഓൺലൈൻ വഴിയുള്ള പൊതു സ്ഥലംമാറ്റത്തിന്റെ കരട് പ്രസിദ്ധീകരിച്ചപ്പോൾ ഇദ്ദേഹത്തെ പിറവം മുനിസിപ്പാലിറ്റിയിലേക്കു മാറ്റിയിരുന്നു. തുടർന്നു ജില്ലാ ജോയിന്റ് ഡയറക്ടറുടെ ഓഫിസിലെ ചിലരുടെ ഒത്താശയോടെ ഓൺലൈൻ തിരിമറി നടത്തി.
പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ നിന്ന് ഇറക്കാത്ത ഉത്തരവു വ്യാജമായി സൃഷ്ടിച്ച് 2023 ജൂണിൽ ജോയിന്റ് ഡയറക്‌ടർ ഓഫിസിൽ ജോലിയിൽ പ്രവേശിച്ചതായി കാണിച്ചു. വ്യാജരേഖ ചമയ്ക്കുന്നതും അതു സ്വന്തം ആവശ്യത്തിനായി ഉപയോഗിക്കുന്നതും ക്രിമിനൽ കുറ്റമാണ്. എന്നാൽ ഇക്കാര്യം ഇതുവരെ പൊലീസിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇതിലെ വിവരങ്ങൾ വിവരാവകാശ നിയമ പ്രകാരവും പുറത്തുവിട്ടില്ല. പക്ഷേ, വകുപ്പിലെ ജീവനക്കാരു ടെ സമൂഹമാധ്യമ ഗ്രൂപ്പിൽ സജീവ ചർച്ചയാണ്. മുപ്പതിനായിരത്തിലേറെ പേർ ജോലി ചെയ്യുന്ന ഈ വകുപ്പിൽ വിവിധ ജില്ലകളിൽ സമാന ക്രമക്കേടു നടന്നതായി ജീവനക്കാർ ആരോപിച്ചു. വിജിലൻസ് അന്വേഷണം നടത്തിയാൽ വൻ ക്രമക്കേടു പു റത്താകുമെന്നു ജീവനക്കാർ പറഞ്ഞു.