Kerala Government News

30 ലക്ഷം രൂപക്ക് പുതിയ വാഹനം: കെ.എൻ. ബാലഗോപാൽ എതിർത്തു, പിന്നാലെ മുഖ്യമന്ത്രിയുടെ ഇടപെടല്‍; പിന്നീട് സംഭവിച്ചത്…

ഒരു ലക്ഷം കിലോമീറ്റർ ഓടിയ വാഹനം മാറ്റി പുതിയ വാഹനം വാങ്ങിക്കാൻ സാമ്പത്തിക പ്രതിസന്ധികാലത്ത് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അനുമതി കൊടുക്കുമോ ? അതും വാഹനം വാങ്ങുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഉത്തരവ് നില നിൽക്കുമ്പോൾ.

മുഖ്യമന്ത്രി ഇടപെട്ടാൽ ബാലഗോപാലിന് എന്ത് ചെയ്യാൻ പറ്റും. ആദ്യം എതിർത്തു നോക്കി. ഒടുവിൽ സമ്മതിച്ചു. ബാലഗോപാലിൻ്റെ ദയനീയ അവസ്ഥയാണ് ധനവകുപ്പിലെ പ്രധാന സംസാരം. പുതിയ വാഹനം വാങ്ങൽ കഥ ഇങ്ങനെ.

ഇന്നോവ ക്രിസ്റ്റ 1.05 ലക്ഷം കിലോമീറ്റർ ഓടിയെന്നും പുതിയ ഇന്നോവ ക്രിസ്റ്റ വേണമെന്നും സ്റ്റേറ്റ് പോലിസ് ക്ലംപ്ലയൻ്റ്സ് അതോറിറ്റി ചെയർമാൻ ജസ്റ്റിസ് വി.കെ. മോഹനൻ. താനൂർ ബോട്ട് ദുരന്തം അന്വേഷിക്കുന്ന ജുഡിഷ്യൽ കമ്മീഷൻ ചെയർമാൻ കൂടിയായ തനിക്ക് പുതിയ വാഹനം അനുവദിക്കണമെന്നാണ് ജസ്റ്റിസ് വി.കെ. മോഹനൻ്റെ ആവശ്യം.

പോലിസ് മേധാവി പണം ആവശ്യപ്പെട്ട് ധനകാര്യ വകുപ്പിനെ സമീപിച്ചു. ഒരു ലക്ഷം കിലോമീറ്റർ മാത്രമാണ് വാഹനം ഓടിയതെന്നും സാമ്പത്തിക പ്രതിസന്ധിയും നിലവിലെ സർക്കാർ ഉത്തരവും ചൂണ്ടിക്കാട്ടി ധനമന്ത്രി കെ.എൻ. ബാലഗോപാൽ പുതിയ വാഹനം വാങ്ങണമെന്ന ആവശ്യം നിരസിച്ചു.തുടർന്ന് മോഹനൻ മുഖ്യമന്ത്രിയുടെ മുന്നിൽ വിഷയം അവതരിപ്പിച്ചു. ഫയൽ വീണ്ടും ധന വകുപ്പിൽ എത്തി.

ആദ്യം എതിർത്ത ബാലഗോപാൽ ഇത്തവണ സമ്മതം മൂളി. 1 ലക്ഷം കിലോ മീറ്റർ മാത്രം ഓടിയ വാഹനം മാറ്റാൻ ബാലഗോപാൽ സമ്മതം മൂളിയതിൻ്റെ ഞെട്ടലിലാണ് ധനവകുപ്പ് ഉദ്യോഗസ്ഥർ.പുതിയ വാഹനം വാങ്ങുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് മന്ത്രിസഭ അനുമതിയോടെ ആയിരുന്നു.

New Innova crysta for complaint authority chairman kerala

അതുകൊണ്ട് പുതിയ വാഹനം വാങ്ങണമെങ്കിൽ മന്ത്രിസഭ അനുമതി വേണം. ഇതിനാല്‍ തന്നെ മുഖ്യമന്ത്രി പുതിയ വാഹനം വാങ്ങാനുള്ള ഫയൽ കാബിനറ്റിൽ വയ്ക്കാൻ ഉത്തരവിട്ടു. ഡിസംബർ 11 ലെ മന്ത്രിസഭ യോഗത്തിൽ ഇനം നമ്പർ 2553 ആയി പുതിയ വാഹനം വാങ്ങുന്നതിനുള്ള ഫയൽ മന്ത്രിസഭ യോഗത്തിൽ എത്തി.

ജസ്റ്റിസ് വി.കെ. മോഹനന് വേണ്ടി ടൊയോട്ട ഇന്നോവ ഹൈക്രോസ് ( ഹൈബ്രിഡ്) വാങ്ങാൻ 30,37,736 രൂപ മന്ത്രിസഭ അനുവദിച്ചു. നയതന്ത്ര സ്വർണക്കടത്ത് കേസിൽ കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരേ സംസ്ഥാന സർക്കാർ നിയോഗിച്ചത് ജസ്റ്റിസ് വി.കെ. മോഹനൻ കമ്മിഷനെ ആയിരുന്നു.

അന്വേഷണം ഇതുവരെ പൂർത്തിയായില്ല. ജസ്റ്റിസ് വി.കെ. മോഹനൻ കമ്മീഷനായ താനൂർ ബോട്ടപകട അന്വേഷണവും ഇതുവരെ പൂർത്തിയായില്ല. പുതിയ വാഹനം കിട്ടിയതോടെ ജസ്റ്റിസ് വി.കെ. മോഹനൻ അന്വേഷണം പൂർത്തിയാക്കും എന്ന് പ്രതീക്ഷിക്കാം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x