സുരേഷ് ഗോപിക്ക് സിനിമയിൽ അഭിനയിക്കാൻ പ്രധാനമന്ത്രി അനുമതി നൽകി. ഇതോടെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പൻ്റെ ഷൂട്ടിംഗ് ആരംഭിച്ചു.
തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിൽ വളപ്പിലെ മഹാഗണപതി ക്ഷേത്രത്തിൽ വച്ച് ലളിതമായ ചടങ്ങോടെയാണ് ഷൂട്ടിംഗ് ആരംഭിച്ചത്.
തിരുവനന്തപുരം, കോട്ടയം , പാല, ഈരാറ്റുപേട്ട, കൊച്ചി, ഹോങ്കോങ്ങ് എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം.
പാല ഇടമറ്റം കുരുവിനാക്കുന്നേൽ ജോസ് എന്ന കുറുവാച്ചൻ്റെ ജീവിത കഥയാണ് ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഒറ്റ ക്കൊമ്പൻ പറയുന്നത്. തിരുവനന്തപുരത്ത് 10 ദിവസത്തെ ഷൂട്ടിങ്ങാണ് ഉള്ളത്. സെൻട്രൽ ജയിലും വെള്ളായണി കാർഷിക കോളേജും ആണ് ലൊക്കേഷൻ.
സുരേഷ് ഗോപിയുടെ 250-ാം മത്തെ ചിത്രമായ ഒറ്റക്കൊമ്പൻ്റെ രചന നിർവഹിച്ചിരിക്കുന്നത് ഷിബിൻ ഫ്രാൻസിസ് ആണ്.
2020 ൽ പ്രഖ്യാപിച്ച ചിത്രം പിന്നിട് മുടങ്ങിപ്പോയിരുന്നു. പൃഥിരാജ് ചിത്രമായ ” കടുവ ” യുമായി സാമ്യമുണ്ടെന്ന ആരോപണത്തെ തുടർന്ന് ചിത്രം നിയമകുരുക്കിൽ പെട്ടു.
കേന്ദ്രമന്ത്രി ആയ ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ആദ്യ ചിത്രമാണ് ഒറ്റക്കൊമ്പൻ. 22 സിനിമകളിൽ അഭിനയിക്കാമെന്ന് ഏറ്റിട്ടുണ്ടെന്നും ഇക്കാര്യം പറഞ്ഞപ്പോൾ അമിത് ഷാ അപേക്ഷ എടുത്ത് എറിഞ്ഞെന്നും സുരേഷ് ഗോപി ഒരു വേദിയിൽ പറഞ്ഞിരുന്നു.
ഒടുവിൽ വർഷത്തിൽ ഒരു പടം ചെയ്യാൻ അമിത് ഷായും മോദിയും അനുമതി കൊടുത്തു. ഇത് സുരേഷ് ഗോപി അംഗികരിച്ചതായാണ് വിവരം. ഈ പശ്ചാത്തലത്തിൽ ആണ് ഒറ്റകൊമ്പൻ ഷൂട്ടിംഗ് ആരംഭിച്ചതും. തെന്നിന്ത്യൻ താരസുന്ദരി അനുഷ്ക ഷെട്ടിയാണ് സുരേഷ് ഗോപിയുടെ നായിക ആയി അഭിനയിക്കുന്നത്.