ലോക ചെസ്സ് ചാമ്പ്യൻ ഡി ഗുകേഷ് രജനികാന്തിനെ സന്ദർശിച്ചു. ചെന്നൈയിലെ രജനികാന്തിൻ്റെ വസതിയിൽ മാതാപിതാക്കളോടൊപ്പമാണ് ഗുകേഷ് എത്തിയത്.
ഗുകേഷിനെ രജനി പോയസ് ഗാർഡനിലെ തൻ്റെ വസതിയിലേക്ക് ക്ഷണിച്ചിരുന്നു. കുടുംബവും ഒത്ത് രജനികാന്തിനോടൊപ്പം എടുത്ത ഫോട്ടോയും ഗുകേഷ് പങ്ക് വച്ചു.
“ആശംസകൾക്കും ക്ഷണിച്ചതിനും സമയം ചിലവഴിച്ചതിനും താങ്കളുടെ അറിവ് ഞങ്ങളുമായി പങ്കുവെച്ചതിനും നന്ദി സൂപ്പർസ്റ്റാർ @രജിനികാന്ത് സാർ,’ തലൈവയ്ക്കൊപ്പമുള്ള കുടുംബത്തിൻ്റെ ചിത്രങ്ങൾക്കൊപ്പം ഗുകേഷ് കുറിച്ചു.
സിംഗപ്പുരിൽ നടന്ന ലോക ചെസ് ചാംപ്യൻഷിപ്പിൽ ചൈനയുടെ ഡിങ് ലിറനെ പരാജയപ്പെടുത്തിയാണ് ഗുകേഷ് ലോക ചാമ്പ്യനായത്.വിശ്വനാഥൻ ആനന്ദിനുശേഷം ലോകചാമ്പ്യനാകുന്ന ഇന്ത്യൻ താരമായി മാറി ഗുകേഷ്.
ലോക ചാമ്പ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും ഗുകേഷിന് സ്വന്തമായി. 22-ാം വയസ്സിൽ ചാമ്പ്യനായ റഷ്യൻ ചെസ് ഇതിഹാസം ഗാരി കാസ്പറോവിന്റെ റെക്കോഡാണ് ഗുകേഷ് മറികടന്നത്.