
സുരക്ഷ സേനാംഗങ്ങളുടെ എണ്ണം വെളിപ്പെടുത്തി മുഖ്യമന്ത്രി
കേരളം ഭരിച്ച മുഖ്യമന്ത്രിമാരിൽ ഏറ്റവും കൂടുതൽ പേഴ്സണൽ സ്റ്റാഫ് ഉള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. 33 പേഴ്സണൽ സ്റ്റാഫുകളാണ് മുഖ്യമന്ത്രിക്കുള്ളത്.
ഏറ്റവും കൂടുതൽ സുരക്ഷ ഉള്ള മുഖ്യമന്ത്രിയും പിണറായി വിജയൻ തന്നെ. മുഖ്യമന്ത്രി റോഡിലൂടെ സഞ്ചരിക്കുമ്പോൾ കൂടെ ഉള്ള വാഹന വ്യൂഹം ശ്രദ്ധിച്ചാൽ അക്കാര്യം വ്യക്തമാകും. കാബിനറ്റ് റാങ്ക് ഉള്ള മന്ത്രിക്ക് 5 സുരക്ഷ സേനാംഗങ്ങൾ ഉണ്ടാകും. മുഖ്യമന്ത്രിയുടെ സുരക്ഷക്ക് എത്ര ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട് എന്ന് നിയമസഭയിൽ അടക്കം ചോദ്യം ഉയർന്നെങ്കിലും അതിന് മുഖ്യമന്ത്രി വ്യക്തമായ മറുപടി നൽകിയിരുന്നില്ല .
അക്കാര്യം വെളിപ്പെടുത്തിയാൽ തൻ്റെ സുരക്ഷയെ ബാധിക്കും എന്ന വിചിത്രമായ മറുപടിയാണ് നിയമസഭയിൽ ലഭിച്ചത്. 2 ദിവസം മുമ്പ് മുഖ്യമന്ത്രി തന്നെ തൻ്റെ സുരക്ഷ സേനാംഗങ്ങളുടെ എണ്ണം വെളിപ്പെടുത്തി എന്നതാണ് രസകരം. കൊല്ലം കടയ്ക്കലിൽ ഒരു വിദ്യാർത്ഥിക്ക് മുഖ്യമന്ത്രിയുടെ സുരക്ഷ സേനാംഗങ്ങൾ ഒരു വീട് വച്ച് നൽകിയിരുന്നു.
മുഖ്യമന്ത്രി ആണ് ആ വീടിൻ്റെ താക്കോൽ ദാനം നിർവഹിച്ചത്. ഇതിനെ കുറിച്ച് മുഖ്യമന്ത്രി വിശദമായ ഫേസ് ബുക്ക് കുറിപ്പും പോസ്റ്റ് ചെയ്തു. അതിലാണ് മുഖ്യമന്ത്രിയുടെ സുരക്ഷ സേനാംഗങ്ങൾ 64 പേർ എന്ന് സൂചിപ്പിച്ചിരിക്കുന്നത്.കൊല്ലം ജില്ലയിലെ കടയ്ക്കൽ ഗവ.വി.എച്ച്.എസ്.എസിലെ മിടുക്കരായ വിദ്യാർത്ഥികൾക്കും അമ്മയ്ക്കും മുഖ്യമന്ത്രിയുടെ സുരക്ഷാ സേനാംഗങ്ങൾ വീടൊരുക്കിയത് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്.
64 പേരടങ്ങുന്ന സുരക്ഷാ സേനാംഗങ്ങളും പേഴ്സണൽ അസിസ്റ്റന്റും ചേർന്ന കൂട്ടായ്മയാണ് തങ്ങളുടെ വരുമാനത്തിൽ നിന്നുള്ള ഒരു ഭാഗം വീട് നിർമ്മാണത്തിനായി മാറ്റി വെച്ചത് എന്നതടക്കം വിശദമായ കുറിപ്പായിരുന്നു മുഖ്യമന്ത്രിയുടേത്. അങ്ങനെ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാസംഘത്തില്‍ ഏറ്റവും കുറഞ്ഞത് 64പേരെങ്കിലും ഉണ്ടെന്ന് കണക്കാക്കാം.. സുതാര്യമായി കാര്യങ്ങള്‍ പറയാത്ത മുഖ്യമന്ത്രിയുടെ പൊതുവായ കാര്യങ്ങള്‍ കണ്ടുപിടിക്കേണ്ട അവസ്ഥയിലാണ് ജനാധിപത്യ കേരളത്തില്‍ ഇപ്പോഴുള്ളത്.