ആലപ്പുഴയെ ഞെട്ടിച്ച് ആറാട്ടുപുഴയില്‍ വയോധികയെ തെരുവുനായ കടിച്ചു കൊന്നു. തകഴി അരയൻചിറ സ്വദേശി കാർത്യായനി എന്ന 81 വയസ്സുള്ള വയോധികയാണ് മരിച്ചത്. അഴീക്കലിൽ മകൻ പ്രകാശന്റെ വീട്ടിൽ എത്തിയപ്പോഴായിരുന്നു ആക്രമണം.
വീട്ടുമുറ്റത്തുവച്ചു കാർത്യായനിയെ ആക്രമിച്ച നായ ഇവരുടെ മുഖം പൂർണമായും കടിച്ചെടുത്തു. ഇവരുടെ കണ്ണുകളടക്കം പുറത്തുവന്ന നിലയിലായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
വൈകിട്ട് നാലരയോടെയാണ് ദാരുണമായ സംഭവമുണ്ടായത്. വീട്ടില്‍ മകൻ്റെ ഭാര്യ മാത്രമാണുണ്ടായിരുന്നത്. കാർത്യായനിയെ കായംകുളത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുഖത്താണ് കൂടുതലും നായ ആക്രമിച്ചത്. മകൻ്റെ വീട്ടില്‍ ക്രിസ്മസ് ആഘോഷിക്കുന്നതിനായാണ് ഇവർ എത്തിയിരുന്നത്. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റിയിട്ടുണ്ട്. നാളെ രാവിലെയാണ് പോസ്റ്റ്മോർട്ടം.
ആലപ്പുഴ തീരദേശ പ്രദേശത്ത് തെരുവുനായ ശല്യം വളരെ രൂക്ഷമാണെന്ന പരാതി നേരത്തെ തന്നെ ഉയർന്നിരുന്നു.