സ്മാർട് സിറ്റി പദ്ധതി: ടീകോം കമ്പനി പിൻവാങ്ങാൻ കാരണം സർക്കാരിന്റെ കരാർ ലംഘനമെന്ന് രേഖകൾ

kochi smart city project

കൊച്ചി സ്മാർട് സിറ്റി പദ്ധതിയിൽ നിന്ന് ടീകോം കമ്പനി പിൻവാങ്ങാൻ കാരണം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ കരാർ ലംഘനമാണെന്ന് രേഖകൾ. ടീകോം സർക്കാരിന് അയച്ച കത്തിൻറെ പകർപ്പ് മലയാളം മീഡിയ ലൈവിന് ലഭിച്ചു. പദ്ധതി പ്രദേശത്ത് കൂടി സിൽവർ ലൈൻ അലൈൻമെൻറ് പ്രഖ്യാപിച്ചതിനെതിരെ കത്തിൽ പരാമർശമുണ്ട്. 2022 ഡിസംബർ 6ന് അയച്ച കത്തിന്റെ പകർപ്പാണ് പുറത്തുവന്നത്.

വീഴ്ചകളും കരാർലംഘന ങ്ങളും അക്കമിട്ടു നിരത്തി സ്മാർട് സിറ്റി മാനേജിങ് ഡയറക്ടർ ഖാലിദ് അൽ മാലിക് ഒരു ഡസ നോളം കത്തുകൾ സംസ്ഥാന സർക്കാരിന് അയച്ചിരുന്നു. നിയമയുദ്ധത്തിലേക്കു പോയാൽ ഇതു തിരിച്ചടിയാകുമെന്നു മനസ്സിലാക്കിയാണ് ടീകോമിനെ നഷ്ടപരിഹാരം നൽകി ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചത്. കോവിഡ് വ്യാപനത്തെത്തുടർന്നു ടീകോമിനു നിശ്ചിത കാലയളവിനുള്ളിൽ പദ്ധതി പൂർത്തിയാക്കാൻ കഴിയാത്തതാണ് അവർ പിൻവാങ്ങാൻ കാരണമെന്നായിരുന്നു സർക്കാരിന്റെ വാദം. എന്നാൽ ഇത് തള്ളുന്നതാണ് ഇപ്പോൾ പുറത്തുവന്ന കത്ത്.

Kochi Smart City Project TECOM letter
സമാർട് സിറ്റി എംഡി സർക്കാരിന് അയച്ച കത്ത്

സംസ്ഥാന സർക്കാരും ഇൻഫോപാർക്കും ടീകോം ഇൻവെസ്റ്റ്‌മെന്റ്‌സും സ്മാർട് സിറ്റിയും തമ്മിൽ 2007 മേയ് 13നാണ് പദ്ധ തിയുടെ കരാർ ഒപ്പിട്ടത്. തുടർന്ന് 2011 ഫെബ്രുവരിയിൽ ഭൂമി വിട്ടു നൽകുന്നതിനായി 2 പാട്ടക്കരാറുകളുണ്ടാക്കി. 246 ഏക്കറാണ് കൈമാറേണ്ടിയിരുന്നത്. ഈ ഭൂമി പൂർണമായി കൈമാറുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നാണു 2022 ൽ ഖാലിദ് അൽ മാലിക് അയച്ച കത്തുകളിലെ പ്രധാന ആരോപണം.

കേസുകളിൽപെട്ടതും ഉപയോഗയോഗ്യമല്ലാത്തതും ഒറ്റപ്പെട്ടതുമായ ഭൂമിയും കൈമാറിയതിലുണ്ടായിരുന്നു. റിയൽ എസ്റ്റേറ്റ് ഡവലപ്പറെ നിയമിക്കുന്നതിനുള്ള എൻഒസി സർക്കാർ വൈകിപ്പിച്ചു. ഇതു കാരണം ഡവലപ്പർ പിണങ്ങിപ്പോയി. പദ്ധതിക്ക് ഇതു കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കി. കൈമാറിയ ഭൂമിയിൽ കെട്ടിട നിർമാണത്തിനു തടസ്സമായി നിന്ന മരങ്ങൾ നീക്കാൻ അനുമതി നൽകുന്നതിലും കാലതാമസമുണ്ടായി. സമീപത്തെ വ്യവസായ മേഖലകളിൽ ഐടി സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടി സർക്കാർ സ്വീകരിച്ചു.

ഇത്രയും തടസ്സങ്ങൾ സൃഷ്ടിച്ചിട്ടും 2016 ൽ സ്മാർട് സിറ്റിയുടെ ആദ്യഘട്ടം പൂർത്തിയാക്കാൻ കഴിഞ്ഞു. എന്നാൽ, 2020 ജൂണിൽ സർക്കാർ പുറത്തിറക്കിയ ഉത്തരവ് ശരിക്കും ഞെട്ടിക്കുകയും നിരാശപ്പെടുത്തുകയും ചെയ്തതായി കത്തിൽ പറയുന്നു. സ്മാർട് സിറ്റി പദ്ധതിക്കുള്ള ഭൂമിയിലൂടെ സിൽവർലൈനിന്റെ അലൈൻമെന്റ് നിശ്ചയിച്ചു കൊണ്ടുള്ള ഉത്തരവായിരുന്നു അത്. ഇത് സ്മാർട് സിറ്റി പദ്ധതിയുടെ മൂല്യം ചോർത്തുമെന്നും കത്തിൽ വിശദമാക്കുന്നുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments