
മനു ഭാക്കറിൻ്റെ പേരില്ല; ഖേൽ രത്ന പുരസ്കാര ലിസ്റ്റ് വിവാദത്തിൽ
മനു ഭാക്കറിൻ്റെ പേരില്ല. 2024 ലെ മേജർ ധ്യാനചന്ദ് ഖേൽരത്ന നോമിനേഷൻ ലിസ്റ്റിൽ മനുഭാക്കറിൻ്റെ പേരില്ല. പാരിസ് ഒളിമ്പിക്സിലെ ഇരട്ട മെഡൽ ജേതാവായ മനു ഭാക്കറെ ഒഴിവാക്കിയതിൽ വിവാദം കനക്കുന്നു. പാരിസ് ഒളിമ്പിക്സിൽ ഷൂട്ടിങ്ങിൽ 2 വെങ്കല മെഡലുമായി മനുഭാക്കർ ചരിത്രം കുറിച്ചിരുന്നു. ഒളിമ്പിക്സിൽ ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ താരവും ആദ്യത്തെ വനിതയുമാണ് മനുഭാക്കർ.
മനുഭാക്കർ അവാർഡിന് അപേക്ഷിച്ചിട്ടില്ലെന്നാണ് കായിക മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ വിശദികരണം. ടൈംസ് ഓഫ് ഇന്ത്യയാണ് ഉദ്യോഗസ്ഥരുടെ വിശദികരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഒരു കായിക താരം അവാർഡിന് അപേക്ഷിച്ചില്ലെങ്കിൽ സെലക്ഷൻ കമ്മിറ്റിക്ക് നാമനിർദ്ദേശം ചെയ്യാം എന്നിരിക്കെ രാജ്യത്തിൻ്റെ യശസ് ഉയർത്തിയ മനുഭാക്കറെ ഒഴിവാക്കിയത് നീതികരിക്കാനാവില്ല.
ഇന്ത്യൻ പേസർ മുഹമ്മദ് ഷമി അർജുന അവാർഡിന് അപേക്ഷിച്ചിരുന്നില്ല. ബി.സി.സി.ഐ യുടെ അഭ്യർത്ഥന പ്രകാരം ഷമിയെ നാമ നിർദ്ദേശം ചെയ്യുക ആയിരുന്നു.
ഇന്ത്യൻ പുരുഷ ഹോക്കി ടീ ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗിനെ പരമോന്നത കായിക ബഹുമതിക്ക് ശുപാർശ ചെയ്തിട്ടുണ്ട്. പാരിസ് ഒളിമ്പിക്സിൽ പുരുഷ ഹോക്കിയിൽ ഇന്ത്യ വെങ്കലം നേടിയിരുന്നു. പാരിസ് പാരാ ലിമ്പിക്സിൽ ഏഷ്യൻ റെക്കോഡോടെ ഹൈജമ്പിൽ സ്വർണം നേടിയ പ്രവീൺ കുമാറിനെയും ഖേൽ രത്ന പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെ പരമോന്നത കായികബഹുമതിയാണ് മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം. ആദ്യ പുരസ്കാര ജേതാവ് ചെസ് ഇതിഹാസം വിശ്വനാഥൻ ആനന്ദ് ആയിരുന്നു.