സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസുകളാണ് ലോട്ടറിയും മദ്യവും. ലോട്ടറി വിൽപനയിലൂടെ 2023-24 സാമ്പത്തിക വർഷം 12529.26 കോടി രൂപ വരുമാനമായി ലഭിച്ചെന്ന് കെ.എൻ. ബാലഗോപാൽ വ്യക്തമാക്കിയിരുന്നു.
ലോട്ടറിയേക്കാൾ സർക്കാരിന് ലോട്ടറി മദ്യവിൽപനയാണ്. 2023- 24 വർഷം മദ്യ വിൽപനയിലൂടെ വരുമാനമായി 19088.86 കോടി രൂപയാണ്. ലോട്ടറിയിൽ നിന്നും മദ്യത്തിൽ നിന്നും മാത്രം ലഭിച്ചത് 31618.12 കോടിയാണ്. 2023-24 ലെ സംസ്ഥാനത്തിന്റെ റവന്യു വരുമാനം 124486.15 കോടി രൂപയാണ്. സംസ്ഥാന വരുമാനത്തിന്റെ 25.4 ശതമാനവും സംഭാവന ചെയ്യുന്നത് ലോട്ടറിയും മദ്യവും എന്ന് കണക്കുകളിൽ നിന്ന് വ്യക്തം.
ലോട്ടറി: സമ്മാനം കൈപറ്റാത്ത വകയിൽ ലഭിച്ച തുക
സംസ്ഥാനത്തെ ലോട്ടറിയിൽ (Kerala Lottery) സമ്മാനം അടിച്ചിട്ടും അത് കൈപറ്റാത്ത വകയിൽ സർക്കാരിന് ലഭിച്ച തുക എത്രയെന്ന് അറിയില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
കേന്ദ്ര ലോട്ടറി ചട്ടങ്ങൾ 2010 പ്രകാരം വിവിധ ലോട്ടറികളിലായി സമ്മാനാർഹമാകുകയും എന്നാൽ സമ്മാനം കൈപറ്റാതിരിക്കുകയും ചെയ്ത വകയിൽ സർക്കാരിന് ലഭിച്ച തുക സംബന്ധിച്ച വിശദാംശങ്ങൾ ക്രോഡീകരിച്ച് സൂക്ഷിക്കാൻ വ്യവസ്ഥ ചെയ്തിട്ടില്ല. അതുകൊണ്ട് ഇങ്ങനെ കിട്ടിയ തുക എത്രയെന്ന് അറിയില്ലെന്നാണ് ബാലഗോപാലിന്റെ മറുപടി.
ലോട്ടറിയിൽ നിന്ന് ലഭിക്കുന്ന വിറ്റുവരവ് പൂർണമായും സർക്കാരിലേക്ക് ഒടുക്കുകയാണ് ചെയ്യുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി. ലോട്ടറി എടുക്കുന്നവരിൽ ചെറിയൊരു വിഭാഗം റിസൾട്ട് നോക്കാറില്ല. സമ്മാനർഹർ കൈപറ്റാത്ത പണം സർക്കാരിലേക്ക് പോകും.