റവന്യു വകുപ്പിൽ 2025 ഫെബ്രുവരി 28ന് മൂന്നു വർഷമോ അതിലധികമോ ഒരേ സ്ഥലത്ത് തുടരുന്ന എല്ലാ ജീവനക്കാരെയും ഓൺലൈൻ സ്ഥലംമാറ്റത്തിൽ ഉൾപ്പെടുത്തിയതായി ലാൻ്റ് റവന്യു കമീഷണർ. മൂന്നുവർഷമായി ഒരിടത്ത് തുടരുന്നവർ സ്ഥലംമാറ്റത്തിനായി താൽപര്യപ്പെടുന്ന സ്റ്റേഷൻ ഓൺലൈനിൽ നൽകണമെന്നാണ് അറിയിപ്പ്.
ജനുവരി ഒന്നിനുമുമ്പ് മൂന്നുവർഷമോ അതിലധികമോ പൂർത്തിയായ ജീവനക്കാരുടെ കരട് ലിസ്റ്റ് പ്രസിദ്ധീകരിക്കും. എന്നാല്‍ ഈ നീക്കം റവന്യു ഓഫീസുകളുടെ പ്രവർത്തനം താളം തെറ്റിക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. ഒറ്റപ്പാലം താലൂക്കിലെ വിവിധ വില്ലേജുകളിൽ മൂന്നു വർഷത്തിലധികം ജോലി ചെയ്യുന്ന 25 വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരെ സ്ഥലംമാറ്റിയ നടപടി ഓണ്‍ലൈൻ സ്ഥലം മാറ്റ നീക്കം സജീവമാകുമ്പോള്‍ വീണ്ടും ചർച്ചയാവുകയാണ്.
വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരുടെ കൂട്ട സ്ഥലംമാറ്റം നിരോധിച്ചും ജില്ലതലത്തിൽ എച്ച്.ആർ.എം.എസ് പ്ലാറ്റ്ഫോമിൽ ഓൺലൈൻ വഴി പൊതുസ്ഥലംമാറ്റം അനുവദിച്ചും 2024 നവംബർ 11ന് കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു. ഇത് ലംഘിച്ച് പാലക്കാട് ഡെപ്യൂട്ടി കലക്ടർ (ജനറൽ) ഉത്തരവിട്ടതിലൂടെ ജീവനക്കാരുടെ സീനിയോറിറ്റി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് ജീവനക്കാരുടെ സംഘടന ആരോപിച്ചിരുന്നു. മറ്റു ജീവനക്കാർക്ക് പൊതുസ്ഥലംമാറ്റത്തിനുള്ള ലിസ്റ്റ് സമർപ്പിക്കാനുള്ള തീയതി ജനുവരി 15 മുതൽ ജനുവരി 31 വരെയാണ്.
മാർച്ച് 15ന് മുൻഗണനപട്ടിക പ്രസിദ്ധപ്പെടുത്തും. കരട് സ്ഥലംമാറ്റ ഉത്തരവ് ഏപ്രിൽ 15ന് പ്രസിദ്ധപ്പെടുത്തും. 2023 മേയ് 24നാണ് മുഴുവൻ വില്ലേജ് ഓഫിസുകളിലും മൂന്നു വർഷത്തിലധികം തുടരുന്ന ജീവനക്കാരെ അതത് തസ്തികയിൽ മുമ്പ് ജോലി ചെയ്യാത്ത വില്ലേജുകളിലേക്ക് മാറ്റിനിയമിക്കണമെന്ന് ലാൻഡ് റവന്യൂ കമീഷണർ ഉത്തരവിട്ടത്.