സംസ്ഥാനത്തെ റോഡുകളുടെ ശോചനീയവസ്ഥ കാരണം അപകടങ്ങളും മരണങ്ങളും കൂടിയിട്ടും നിഷ്ക്രിയനായ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് തുറന്ന കത്തുമായി കെപിസിസി സെക്രട്ടറി അഡ്വ.സി.ആർ പ്രാണകുമാർ. റോഡപകടങ്ങളുടെ പ്രധാന കാരണമായി പാതകളുടെ ദുരവസ്ഥ മാറിയിട്ടും മന്ത്രിയുടെ ശ്രദ്ധ മുഖ്യമന്ത്രിയുടെ കാര്യങ്ങളിൽ മാത്രമാണെന്ന വിമർശനമാണ് സി.ആർ. പ്രാണകുമാർ കത്തിലൂടെ ഉന്നയിക്കുന്നത്..
തുറന്ന കത്തിന്റെ പൂർണ്ണരൂപം –
ബഹു. മരാമത്ത് വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയുടെ മരുമകനുമായ മുഹമ്മദ് റിയാസിന് ഒരു തുറന്നകത്ത്..
വർദ്ധിച്ചു വരുന്ന റോഡപകടങ്ങളുടെ പശ്ചാത്തലമാണ് ഈ തുറന്ന കത്തെഴുതാൻ എന്നെ പ്രേരിപ്പിച്ചത്. പോലിസ് ക്രൈം റെക്കോർഡ്സ് പ്രകാരം ഈ വർഷം ഒക്ടോബർ വരെ 40821 റോഡപകടങ്ങൾ സംസ്ഥാനത്ത് ഉണ്ടായി. 3168 പേരാണ് കൊല്ലപ്പെട്ടത്. എട്ടാം ക്ലാസിൽ പഠിക്കുന്ന നാല് പെൺകുട്ടികൾ അടക്കം കഴിഞ്ഞ ദിവസങ്ങളിലെ റോഡപകടങ്ങളിൽ മരണപ്പെട്ടു. റോഡിന്റെ ശോചനീയ അവസ്ഥയാണ് അപകടങ്ങളിലെ പ്രധാന വില്ലൻ.
റോഡുകളുടെ അശാസ്ത്രിയമായ എഞ്ചിനീയറിംഗും ഡിസൈനും സുരക്ഷ ബാരിയറുകളുടെ അപര്യാപ്തയും റോഡപകടങ്ങൾ വർദ്ധിക്കുന്നതിന്റെ പ്രധാന കാരണങ്ങളാണ്. റോഡുകൾ മരണക്കിണറുകളാകുന്നത് താങ്കൾ കാണുന്നില്ലേ? റോഡുകളുടെ കൃത്യമായ പരിപാലനം താങ്കളുടെ ഉത്തരവാദിത്വം അല്ലേ?
അമ്മായി അപ്പന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് എത്ര കൃത്യമായും ഭംഗിയായും കാര്യക്ഷമമായും താങ്കൾ പരിപാലിക്കുന്നു. അതിന് താങ്കൾക്ക് ഞാൻ നൂറിൽ നൂറുമാർക്കും നൽകുന്നു. അമ്മായി അപ്പനോട് ഇത്ര കരുതലും കൈത്താങ്ങും കാണിക്കുന്ന മറ്റൊരു മരുമകനെ കേരളം കണ്ടിട്ടില്ല. എംഎൽഎ ആയി ആദ്യ അവസരത്തിൽ തന്നെ സുപ്രധാന വകുപ്പുകളായ മരാമത്തും ടൂറിസവും മരുമകന്റെ കയ്യിൽ വച്ചുതന്ന അമ്മായി അപ്പനോട് സ്നേഹം കാണിക്കുന്നതിൽ എനിക്ക് എതിർപ്പും ഇല്ല.
മന്ത്രി കസേര കിട്ടിയതിന് തൊട്ട് പിന്നാലെ അമ്മായി അപ്പന്റെ ക്ലിഫ് ഹൗസിൽ 2 കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി താങ്കൾ നന്ദി കാണിച്ചു. അമ്മായി അപ്പന് രണ്ടാം നിലയിൽ കയറാൻ ലിഫ്റ്റും, കാലിതൊഴുത്തും എന്തിനേറെ പറയുന്നു 4.40 ലക്ഷം രൂപയുടെ ചാണക കുഴിയും ഒരു ഉളുപ്പും ഇല്ലാതെ ഖജനാവിൽ നിന്ന് പണം എടുത്ത് താങ്കൾ നിർമ്മിച്ചു കൊടുത്തു. താങ്കൾക്ക് എന്തും ചെയ്യാം. താങ്കൾ യുവരാജാവാണ്. അമ്മായി അപ്പന്റെ കാലശേഷം താങ്കളുടെ പാർട്ടിയെ നയിക്കേണ്ട ആൾ! അത് നിങ്ങളുടെ കുടുംബകാര്യം. എന്റെ വിഷയം അതല്ല.
റോഡപകടങ്ങളിൽ എത്ര കുട്ടികൾക്ക് മാതാപിതാക്കളെ നഷ്ടപ്പെട്ടു എന്ന് താങ്കൾ ചിന്തിച്ചിട്ടുണ്ടോ? റോഡപകടങ്ങളിൽ കുട്ടികളെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ അവസ്ഥ എത്ര ദാരുണമാണ്. റോഡപകടങ്ങളിൽപ്പെട്ട് മരണപ്പെട്ടവരുടെ വീടുകൾ താങ്കൾ സന്ദർശിച്ചോ? റോഡുകളിലെ കുഴിയിൽ വീണ് ആളുകൾ മരണപ്പെട്ടാൽ അത് സംസ്ഥാന കുഴിയല്ല എന്ന പറഞ്ഞ് താങ്കൾ കൈകഴുകിയത് ഈ സമയത്ത് എനിക്ക് ഓർമവരുന്നു.
താങ്കളുടെ മുൻഗാമി ജി. സുധാകരൻ എത്ര ഭംഗിയായാണ് മരാമത്ത് വകുപ്പ് ഭരിച്ചിരുന്നത്. താങ്കളെ നയിക്കുന്നത് അഹന്തയാണ്. ജനങ്ങളുടെ ജീവൻ സംരക്ഷിക്കേണ്ട ചുമതല ഉള്ള താങ്കൾ ക്ലിഫ് ഹൗസിൽ ഇരുന്ന് അമ്മായി അപ്പനോടൊപ്പം വീണമീട്ടുന്നത് ജനങ്ങളെ കൊഞ്ഞനം കുത്തുന്നതിന് തുല്യമാണ്. എന്തിനാണ് ഇങ്ങനൊരു മന്ത്രി? റോഡുകളുടെ ശോചനീയ അവസ്ഥ പരിഹരിക്കാത്ത താങ്കൾക്ക് ആ കസേരയിൽ ഇരിക്കാൻ ഒരു നിമിഷം പോലും അർഹതയില്ല. താങ്കൾ മരാമത്ത് മന്ത്രി കസേര ഒഴിഞ്ഞ് ജനങ്ങളെ രക്ഷിക്കണം.
അമ്മായി അപ്പനോട് പോലിസ് വകുപ്പ് തരാൻ ആവശ്യപ്പെടുക. യുവരാജാവിന് നല്ലത് പോലിസ് വകുപ്പാണ്. ജനകീയ ബന്ധമുള്ള മറ്റേതെങ്കിലും മന്ത്രിക്ക് മരാമത്ത് വകുപ്പ് നൽകുക. അയാൾ റോഡ് നന്നായി പരിപാലിക്കട്ടെ. റോഡിലിറങ്ങുന്ന ജനങ്ങൾ തിരിച്ച് വീട്ടിൽ സംതൃപ്തിയോടെ മടങ്ങിയെത്തട്ടെ. ആ നല്ല നാളെക്കായി മരാമത്ത് മന്ത്രി കസേര ഒഴിയാൻ താങ്കൾ തയ്യാറാകണം. പോലിസ് മന്ത്രിയായി പോലിസുകാരെ വീണ മീട്ടി ശേഷം കാലം താങ്കൾക്ക് വാഴാം.
യുവരാജാവിന് വിപ്ലവ അഭിവാദ്യങ്ങൾ.
അഡ്വ സി ആർ പ്രാണകുമാർ
കെ പി സി സി സെക്രട്ടറി