സർക്കാർ ഓഫീസുകളിലും ബിൽ കൗണ്ടറുകൾക്കും ഉൾപ്പെടെ പൊതുജനങ്ങൾ ഇടപാട് നടത്തുന്ന സ്ഥലങ്ങളിൽ മുതിർന്നവർ, ഭിന്നശേഷിക്കാർ, ഗുരുതര രോഗം ബാധിച്ചവർ ഇനി ക്യൂ നിൽക്കേണ്ടതില്ല. മുതിർന്ന പൗരൻമാർക്ക് പ്രത്യേക പരിഗണന നൽകണമെന്നും അവർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ ആവശ്യത്തിനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നും ഓർമ്മിപ്പിച്ച് സംസ്ഥാന സർക്കാർ.
സർക്കുലറിൽ പറയുന്നത് ഇങ്ങനെ!
സർക്കാർ ഓഫീസുകൾ നികുതി ബിൽ കൗണ്ടറുകൾ തുടങ്ങി പൊതുജനങ്ങൾ ഇടപാടുനടത്തുന്ന സ്ഥലങ്ങളിലെല്ലാം മുതിർന്ന പൗരന്മാർക്ക് പ്രത്യേക പരിഗണന നൽകണമെന്നും അവർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ മതിയായ സൗകര്യങ്ങൾ എല്ലാ സർക്കാർ/ അർദ്ധസർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഫീസുകളിലും ഏർപ്പെടുത്തുന്നതിന് എല്ലാ വകുപ്പ് മേധാവികൾക്കും സർക്കാർ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ പ്രസ്തുത നിർദ്ദേശം പല ഓഫീസുകളിലും ശരിയായി പാലിക്കപ്പെടുന്നില്ലെന്ന് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സർക്കാർ ഇത് വളരെ ഗൗരവമയി കാണുകയും സർക്കാർ ഓഫീസുകൾ, നികുതി ബിൽ കൗണ്ടറുകൾ തുടങ്ങി പൊതുജനങ്ങൾ ഇടപാടു നടത്തുന്ന എല്ലാ സേവനകേന്ദ്രങ്ങളിലും മുതിർന്ന പൗരന്മാർ, ഗുരുതരമായി രോഗം ബാധിച്ചവർ, ഭിന്നശേഷിക്കാർ എന്നിവർക്ക് വരി (ക്യൂ) നിൽക്കാതെ മുൻഗണനയിൽ സേവനം ലഭ്യമാക്കേണ്ടതാണെന്ന് എല്ലാ വകുപ്പ്/സ്ഥാപന മേധാവികൾക്കും കർശന നിർദ്ദേശം നൽകുന്നു.