ശ്രീവില്ലിപ്പുത്തൂർ ആണ്ടാൾ ക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളിൽ കയറിയ ഇളയരാജയെ തിരച്ചിറക്കി ഭാരവാഹികൾ. ആചാര പ്രകാരം ഭക്തർക്ക് ശ്രീകോവിലിൽ പ്രവേശിക്കാൻ കഴിയില്ലെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. ഇതോടെ ഇളയരാജ തിരിച്ച് ഇറങ്ങുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇളയരാജയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് പ്രചരിക്കുന്ന വീഡിയോയ്ക്ക് താഴെ നിറയുന്നത്.
സാധാരണയായി ശ്രീകോവിലിൽ പൂജാരിമാരല്ലാതെ മറ്റാരും കയറാറില്ലെന്നും, ഇളയരാജയ്ക്ക് എന്തെങ്കിലും ആശയകുഴപ്പം സംഭവിച്ചതാകാമെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. പൊലീസ് സംരക്ഷണത്തോടെ ഇളയരാജ പുറത്തേക്ക് കടക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
ജാതിപരമായ വിവേചനത്തിലൂടെ ഇളയരാജയെ അവഹേളിച്ചെന്നാണ് പ്രധാന ആക്ഷേപം. വിഷയത്തിൽ പ്രതികരണവുമായി ഗാനരചയിതാവ് രാജീവ് ആലുങ്കൽ എത്തിയിട്ടുണ്ട്. ഇളയരാജക്ക് പിന്തുണയുമായാണ് അദ്ദേഹം എത്തിയിരിക്കുന്നത്. ‘ശ്രീലകത്തുനിന്നും ദൈവം പുറത്തിറങ്ങി, നാലകത്ത് സംഗീതം പെയ്തിറങ്ങി. ആചാര്യഹൃദയങ്ങൾ പിന്നെയും പ്രണവത്തെ മറന്നുറങ്ങി’ എന്നാണ് രാജീവ് ആലുങ്കൽ കുറിച്ചിരിക്കുന്നത്.
അതേസമയം, മറ്റൊരു ചടങ്ങിൽ വെച്ച് ആണ്ടാൾ ക്ഷേത്രത്തിലെ പൂജാരികളും ഭാരവാഹികളും ഇളയരാജയെ ആദരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. വിഷയത്തിൽ ഇളയരാജയോ ക്ഷേത്രഭാരവാഹികളോ ഇതുവരെയും പ്രതികരിച്ചിട്ടില്ല.