ജനുവരി 24ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ തൻ്റെ അഞ്ചാമത് ബജറ്റ് അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. 2021- 22 ലെ പുതുക്കിയ ബജറ്റ്, 2022- 23, 2023- 24 , 2024- 25 സാമ്പത്തിക വർഷങ്ങളിലെ ബജറ്റ് എന്നിങ്ങനെ 4 ബജറ്റുകളാണ് ബാലഗോപാൽ ഇതുവരെ അവതരിപ്പിച്ചിട്ടുള്ളത്.
പ്രഖ്യാപനങ്ങൾ പലതും നടത്തുമെങ്കിലും 80 ശതമാനം പ്രഖ്യാപനങ്ങളും നടപ്പിലാകില്ല എന്നതാണ് ബാലഗോപാലിൻ്റെ ബജറ്റിൻ്റെ പ്രത്യേകതകൾ.
ക്ഷേമ പെൻഷനെ പറ്റി ബാലഗോപാൽ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചതും നടന്നതും പരിശോധിക്കുകയാണ് മലയാളം മീഡിയ ലൈവ്. ബജറ്റ് പ്രസംഗം ഖണ്ഡിക 528 ൽ ബാലഗോപാലിൻ്റെ പ്രഖ്യാപനം ഇങ്ങനെ “കൃത്യമായും സമയബന്ധിതമായും സാമൂഹ്യ ക്ഷേമ പെൻഷൻ കൊടുത്തു തീർക്കാനുള്ള പ്രത്യേക നടപടികൾ സർക്കാർ സ്വീകരിക്കും”.
എന്നാൽ നടന്നതോ 4 മാസത്തെ ക്ഷേമ പെൻഷൻ ഇപ്പോഴും കുടിശികയാണ്. 6400 രൂപ വീതം ഓരോ ക്ഷേമ പെൻഷൻകാരനും ലഭിക്കാനുണ്ട്. 4 മാസത്തെ ക്ഷേമ പെൻഷൻ കുടിശിക കൊടുക്കാൻ 3968 കോടി വേണം. ക്ഷേമ പെൻഷൻ കൊടുക്കാൻ രൂപികരിച്ച പെൻഷൻ കമ്പനിക്ക് ധനവകുപ്പ് 15000 കോടിയാണ് കൊടുക്കാനുള്ളത്.
ഇതിന് പുറമെയാണ് അനർഹർ കോടി കണക്കിന് രൂപ ക്ഷേമ പെൻഷൻ്റെ പേരിൽ തട്ടിയെടുത്തതും. ഇവരുടെ പേര് പോലും ബാലഗോപാൽ ഇതുവരെ പുറത്ത് വിട്ടില്ല. തട്ടിപ്പ് നടത്തിയവരിൽ ഭൂരിഭാഗവും സർക്കാരിന് വേണ്ടപ്പെട്ടവർ ആണെന്ന ആക്ഷേപമാണ് ഇതോടെ ഉയർന്നത്.
ക്ഷേമ പെൻഷൻ 2500 രൂപ ആക്കുമെന്നായിരുന്നു 2021 ലെ പ്രകടന പത്രികയിലെ പ്രഖ്യാപനം. 4 ബജറ്റ് അവതരിപ്പിച്ചിട്ടും 100 രൂപ പോലും ക്ഷേമ പെൻഷനിൽ ബാലഗോപാൽ വർധന വരുത്തിയതും ഇല്ല.