ലോക ചെസ്സിൽ അത്ഭുതങ്ങൾ തീർത്ത് ഇന്ത്യൻ ഗ്രാന്റ്മാസ്റ്റർ ഡി. ഗുകേഷ്. 4-ാമത്തെ ഗെയിമിൽ 58-ാമത്തെ കരുനീക്കത്തിൽ നിലവിലെ ലോക ചാമ്പ്യൻ ഡിങ് ലിറനെ അട്ടിമറിച്ചാണ് ഗുകേഷ് വിജയക്കൊടി പാറിച്ചത്. ഡിങ് ലിറന് മുൻതൂക്കം ലഭിക്കുമെന്ന് വിലയിരുത്തപ്പെട്ട ടൈബ്രേക്കറിലേക്ക് പോരാട്ടം നീട്ടേണ്ടതില്ലെന്ന ഇന്ത്യൻ താരത്തിന്റെ തീരുമാനം ചരിത്രമായി.
18 വയസ്സുകാരനായ ഗുകേഷ് തമിഴ്നാട് സ്വദേശിയാണ്. പ്രായക്കണക്കിൽ റഷ്യൻ ചെസ് ഇതിഹാസം ഗാരി കാസ്പറോവിന്റെ റെക്കോർഡാണ് ഗുകേഷ് പഴങ്കഥയാക്കിയത്. 1985 ൽ 22-ാം വയസ്സിലാണ് കാസ്പറോവ് ആദ്യമായി ലോക ചാമ്പ്യനാകുന്നത്. നിലവിലെ റെക്കോർഡിനേക്കാൾ നാലു വയസിന്റെ ‘ചെറുപ്പ’വുമായാണ് ഗുകേഷ് ചരിത്രത്തിന്റെ ഭാഗമായത്. വിശ്വനാഥൻ ആനന്ദിനു ശേഷം ലോക ചെസ് ചാമ്പ്യനാകുന്ന രണ്ടാമത്തെ ഇന്ത്യക്കാരനെന്ന നേട്ടവും ഇനി ഗുകേഷിന് സ്വന്തം.
ഗുകേഷിന് മുമ്പ്, ഗാരി കാസ്പറോവ് ലോക ചാമ്പ്യനാകുമ്പോൾ പ്രായം 22 വയസ്സും ആറ് മാസവും 27 ദിവസവുമായിരുന്നു. മാഗ്നസ് കാൾസൻ, 2013-ൽ തന്റെ ആദ്യ ചാമ്പ്യൻഷിപ്പ് നേടുമ്പോൾ 22 വർഷവും 11 മാസവും 24 ദിവസവും ആയിരുന്നു പ്രായം. ഈ പ്രായക്കണക്കിനെ പൊളിച്ചെഴുതിയാണ് ഗുകേഷ് ലോക ചാമ്പ്യനായിരിക്കുന്നത്.
ഗുകേഷിന്റെ വിജയം പ്രഖ്യാപിക്കപ്പെട്ടതോടെ സാക്ഷാൽ ഗസ്പറോവ് തന്നെ അഭിനന്ദ പ്രവാഹവുമായി രംഗത്തെത്തി.
കാസ്പറോവ് തന്റെ ട്വീറ്റുകളിലൂടെ ഇന്ത്യൻ കൗമാര പ്രതിഭയുടെ വളർച്ചയെ പ്രശംസിച്ചു. ഗുകേഷ് തന്റെ കരിയറിലെ ഏറ്റവും ഉയർന്ന കൊടുമുടി കീഴടക്കിയതായും, ഉന്നത സമ്മർദ്ദത്തിലും അദ്ദേഹം കാണിച്ച കരുത്ത് അദ്ഭുതകരമാണെന്നും കാസ്പറോവ് പറഞ്ഞു.
‘ഇന്ന് വിജയിച്ച @DGukesh നെ അഭിനന്ദിക്കുന്നു. അമ്മയെ സന്തോഷിപ്പിക്കുക എന്ന ഏറ്റവും ഉയർന്ന കൊടുമുടി അദ്ദേഹം കീഴടക്കി,’ കാസ്പറോവ് എക്സിൽ കുറിച്ചു.
My congratulations to @DGukesh on his victory today. He has summitted the highest peak of all: making his mother happy!
— Garry Kasparov (@Kasparov63) December 12, 2024
‘ഗുകേഷ് തന്റെ പ്രായം കണക്കിലെടുക്കുമ്പോൾ, തന്റെ മുന്നിലുള്ള എല്ലാ തടസ്സങ്ങളെയും എതിരാളികളെയും അതിശയകരമായി കടന്നുപോയി. അതിലും കൂടുതൽ പ്രതീക്ഷിക്കാൻ കഴിയില്ല. മാഗ്നസിനൊപ്പമുള്ള ചരിത്രപരമായ ലോക ചാമ്പ്യൻഷിപ്പിനെക്കുറിച്ചുള്ള എന്റെ അഭിപ്രായം അറിയാമെങ്കിലും, അത് ഇന്നത്തെ കഥയല്ല.
‘കളിയുടെ നിലവാരം വളരെ ഉയർന്നതായിരുന്നു, കഴിഞ്ഞ മത്സരത്തിന് തുല്യമോ അതിലും കൂടുതലോ. ഡിങ് വലിയ പ്രതിരോധം കാഴ്ചവച്ചു. തെറ്റുകൾ സംബന്ധിച്ചിടത്തോളം, ഏത് ലോക ചാമ്പ്യൻഷിപ്പിലോ ലോക ചാമ്പ്യനിലോ അവ ഇല്ലായിരുന്നോ? എനിക്കും എന്റെ പങ്ക് ഉണ്ടായിരുന്നു, 2014-ലെ കാൾസൻ-ആനന്ദ് മത്സരത്തിലെ ഇരട്ടത്തെറ്റ് ഓർക്കുന്നു. മത്സരങ്ങൾ ക്ഷീണിപ്പിക്കും.
‘ഗുകേഷ് നന്നായി തയ്യാറെടുത്തു, ഏറ്റവും നന്നായി കളിച്ചയാൾ മത്സരം ജയിച്ചു. അദ്ദേഹത്തിന്റെ വിജയം ഇന്ത്യയ്ക്ക് അത്ഭുതകരമായ ഒരു വർഷത്തെ അടയാളപ്പെടുത്തുന്നു. ഒളിമ്പ്യാഡിലെ ആധിപത്യവുമായി ചേർന്ന്, ചെസ് ഇന്ത്യയിലേക്ക് തിരിച്ചെത്തിയിരിക്കുന്നു, ‘വിശിയുടെ മക്കൾ’ എന്ന കാലഘട്ടം യഥാർത്ഥത്തിൽ ആരംഭിച്ചിരിക്കുന്നു!
‘അപരിമിതമായ മനുഷ്യ പ്രതിഭയുള്ള രാജ്യമാണ് ഇന്ത്യ, അത് പര്യവേക്ഷണം ചെയ്യാനും വികസിപ്പിക്കാനുമുള്ള സ്വാതന്ത്ര്യത്തോടെ. ഭാവി ചെസ്സിൽ മാത്രമല്ല, എല്ലാ മേഖലകളിലും പ്രകാശമാണ്. കൊടുമുടി കീഴടങ്ങി, ഇനി അടുത്ത കയറ്റത്തിനായി അതിനെ കൂടുതൽ ഉയർത്തുക എന്നതാണ് ലക്ഷ്യം. വീണ്ടും അഭിനന്ദനങ്ങൾ. ഉയരുക!’
ഗേരി കാസ്പറോവ് 1985-ൽ അനാറ്റോളി കാർപോവിനെ പരാജയപ്പെടുത്തി ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ്സ് ചാമ്പ്യനായി, ഈ റെക്കോർഡ് ഗുകേഷ് ഡിങ് ലിറെനെ പരാജയപ്പെടുത്തുന്നതുവരെ നിലനിന്നു.