സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴ കിട്ടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആലപ്പുഴ,കോട്ടയം,ഇടുക്കി ജില്ലകളില്‍ യെലോ അലര്‍ട്ടും നിലവിലുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കക്കും തമിഴ്നാടിനും ഇടക്ക് സ്ഥിതിചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്തിലാണ് മഴ ശക്തമായത്. ശനിയാഴ്ച മുതല്‍ മഴയുടെ ശക്തി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.
ശ്രദ്ധിക്കുക
- പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം.
- താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.
- മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.
- വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാധ്യത.
- ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.
- മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകൾക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്.