ക്യാമ്പസ് സംഘർഷം: എസ്.എഫ്.ഐ ഒന്നാമത്; 270 കേസുകൾ

KSU and SFI attacks in campus

പിണറായി വിജയൻ സർക്കാർ അധികാരത്തിലേറിയ 2016 മുതൽ 2024 ജൂലൈ രണ്ടുവരെ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ കോളേജ് ക്യാമ്പസിൽ അതിക്രമങ്ങള്‍ നടത്തിയതിന്റെ പേരിൽ 500 കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ 270 കേസുകൾ എസ്.എഫ്.ഐ പ്രവർത്തകർ പ്രതികളായതും 112 കേസുകളിൽ കെ.എസ്.യു പ്രവർത്തകരും, 36 കേസുകൾ എ.ബി.വി.പി പ്രവർത്തകർ പ്രതികളായതുമായത്.

2016 മുതൽ 2021 വരെ മുസ്ലിംലീഗിന്റെ വിദ്യാർത്ഥി സംഘടനയായ എം.എസ്.എഫ് ഉൾപ്പെട്ട അക്രമസംഭവം ഒരെണ്ണം ആയിരുന്നെങ്കിൽ 2021ന് ശേഷം 2024 ജൂൺ വരെ 24 ആയി ഉയർന്നു. എ.ഐ.എസ്.എഫ്, ക്യാമ്പസ് ഫ്രണ്ട് എന്നീ സംഘടനാ പ്രവർത്തകർ ഏഴുകേസുകളിലും മറ്റുള്ളവ 14 കേസിലുമാണ് ഉൾപ്പെട്ടിട്ടുള്ളത്. പിണറായി സർക്കാറുകളുടെ കാലത്ത് 3183 വിദ്യാർത്ഥി സംഘടനാ പ്രവർത്തകരാണ് പ്രതികളായിട്ടുള്ളത്.

KSU and SFI Kerala campus attacks

ടി. സിദ്ധീഖ് എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ഈ കണക്കുകൾ വെളിപ്പെടുത്തിയത്. ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതൽ ഈവർഷം ജൂൺ വരെ മൂന്ന് വിദ്യാർത്ഥികൾ കോളേജുകളിൽ മരണപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറയുന്നു. കോളേജ് ക്യാമ്പസുകളിൽ മരണപ്പെട്ട അഭിമന്യു, ധീരജ്, സിദ്ധാർത്ഥ് എന്നിവരുടെ മരണത്തിൽ കേസുകളെടുത്ത് അന്വേഷണം നടത്തിവരികയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Students death in Kerala College campuses

അതേസമസം, ഇന്നലെ കണ്ണൂർ തോട്ടട ഐടിഐയിലെ വിദ്യാർത്ഥി സംഘർഷവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ – കെഎസ്‌യു പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. കൂട്ട മർദ്ദനത്തിൽ പരുക്കേറ്റ കെഎസ്യു പ്രവർത്തകൻ മുഹമ്മദ് റിബിന്റെ പരാതിയിൽ 11 എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെയും പരുക്കേറ്റ എസ്എഫ്‌ഐ പ്രവർത്തകൻ ആഷിക്കിന്റെ പരാതിയിൽ 6 കെ.എസ്.യു പ്രവർത്തകർക്ക് എതിരെയുമാണ് കേസെടുത്തത്. പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിൽ 17 എസ്എഫ്‌ഐ, കെഎസ്യു പ്രവർത്തകരുടെ പേരിലും കേസുണ്ട്. സംഭവത്തിൽ നാളെ മുഴുവൻ രാഷ്ട്രീയ സംഘടനകളെയും ഉൾപ്പെടുത്തി പോലീസ് സർവകക്ഷിയോഗം ചേരും.

കെ.എസ്.യു പ്രവർത്തകരെ എസ്.എഫ്.ഐ പ്രവർത്തകർ വളഞ്ഞിട്ട് മർദ്ദിച്ച സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തുവന്നു. സി.പി.എം അടുത്ത തലമുറയിലേക്കുള്ള ക്രിമിനലുകളെ എസ്.എഫ്.ഐയിലൂടെ വളർത്തുകയാണെന്നും വിദ്യാർത്ഥികളെ ക്രൂരമായി ആക്രമിക്കാൻ ഒത്താശ ചെയ്യുന്ന സി.പി.എം നേതൃത്വം ഏതു കാലത്താണ് ജീവിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. കണ്ണൂരിൽ സി.പി.എം അടുത്ത തലമുറയിലേക്കുള്ള ക്രിമിനലുകളെ എസ്.എഫ്.ഐയിലൂടെ വളർത്തുകയാണ്. ഐ.ടി.ഐയിലെയും തൊട്ടടുത്ത പോളിടെക്നിക്കിലെയും യൂണിയൻ ഓഫീസുകൾ ഇടിമുറികളാണ്. അവിടെ കെ.എസ്.യുക്കാരെ മാത്രമല്ല, എസ്.എഫ്.ഐ അല്ലാത്ത എല്ലാവരെയും ആക്രമിക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ ലൈക്ക് ചെയ്തതിന്റെ പേരിൽ കെ.എസ്.യു അനുഭാവി അല്ലാത്ത കുട്ടിയെ ഇടിമുറിയിൽ എത്തിച്ച് മർദ്ദിച്ചു. ഈ സംസ്ഥാനത്ത് എന്താണ് നടക്കുന്നത്? അടിയന്തിരമായി ഐ.ടി.ഐയും പോളിടെക്നിക്കും റെയ്ഡ് ചെയ്ത് പൊലീസ് ആയുധങ്ങൾ പിടിച്ചെടുക്കണം – പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments