ട്രഷറി നിയന്ത്രണം 25 ലക്ഷമാക്കി ഉയർത്തി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ധന പ്രതിസന്ധിയെ തുടർന്ന് സെപ്റ്റംബറിൽ ട്രഷറി നിയന്ത്രണം 5 ലക്ഷമാക്കി കുറച്ചിരുന്നു. ഇതാണ് ഇപ്പോൾ 25 ലക്ഷമാക്കി ഉയർത്തിയത്. ട്രഷറി ഡയറക്ടർക്ക് ഇത് സംബന്ധിച്ച നിർദ്ദേശം ധന വകുപ്പിൽ നിന്ന് നൽകി.
ക്രിസ്മസ് വരെ 25 ലക്ഷമാക്കി നിലനിർത്താൻ സാധിക്കുമെന്ന കണക്ക് കൂട്ടലിലാണ് ധനവകുപ്പ്. ശമ്പളവും പെൻഷനും കൊടുക്കേണ്ടതിനാൽ ഡിസംബർ അവസാനം ട്രഷറി നിയന്ത്രണം വീണ്ടും 5 ലക്ഷമാക്കി കുറയ്ക്കും. സാമ്പത്തിക വർഷത്തിൻ്റെ തുടക്കത്തിൽ തന്നെ ട്രഷറി നിയന്ത്രണം 5 ലക്ഷമാക്കിയിരുന്നു. തുടർന്ന് ജൂണിലാണ് 25 ലക്ഷമാക്കി ഉയർത്തിയത്.
സെപ്റ്റംബറിൽ വീണ്ടും 5 ലക്ഷമാക്കി. ഡിസംബറിൽ 25 ലക്ഷമാക്കി. ഞാണിൻമേൽ കളിയിലാണ് കെ.എൻ ബാലഗോപാൽ എന്ന് വ്യക്തം. ട്രഷറി നിയന്ത്രണം എന്നാൽ ഭരണ സ്തംഭനം എന്നർത്ഥം. ഒരു കാണ കെട്ടാൽ പോലും 5 ലക്ഷം രൂപക്ക് മുകളിൽ പണം വേണം. പണി പൂർത്തിയായാൽ കരാറുകാർക്ക് പണം കിട്ടില്ല.
അതിന് ധനവകുപ്പിൻ്റെ പ്രത്യേക അനുമതി വേണം. 25 ലക്ഷമാക്കി ഉയർത്തിയത് ചെറിയ കരാറുകാർക്ക് താൽക്കാലിക ആശ്വാസം ആണെങ്കിലും അത് എത്ര ദിവസം നീണ്ടു നിൽക്കും എന്ന ആശങ്കയിലാണ് കരാറുകാർ. ട്രഷറി നിയന്ത്രണം കൂട്ടിയും കുറച്ചും തട്ടിയും മുട്ടിയും ധനവകുപ്പ് പ്രവർത്തിക്കുമ്പോൾ പദ്ധതി പ്രവർത്തനങ്ങൾ മൊത്തം താറുമാറിലായി.
സാമ്പത്തിക വർഷം തീരാൻ 3 മാസം മാത്രം ഉള്ളപ്പോഴും പദ്ധതി ചെലവ് വെറും 37 ശതമാനം മാത്രം. ധന പ്രതിസന്ധി പരിഹരിക്കാൻ ഡിസംബർ 3 ന് 1500 കോടി കൂടി കേരളം കടം എടുത്തിരുന്നു. ഇതോടെ ഈ സാമ്പത്തിക വർഷം കടമെടുത്തത് 30, 747 കോടിയായി. 37,512 കോടി കടമെടുക്കാൻ കേരളത്തിന് കേന്ദ്രം അനുമതി നൽകിയിരുന്നു.
കിഫ്ബിയുടേയും പെൻഷൻ ഫണ്ട് കമ്പനിയുടേയും കടമെടുപ്പ് കുറച്ചതോടെ 28,512 കോടിയായി കടമെടുപ്പ് പരിധി കുറഞ്ഞു. സെപ്റ്റംബർ ആദ്യം തന്നെ 21,523 കോടി രൂപ ഇതിൽ കടമെടുത്തു തീർത്തു. ഓണക്കാലത്തെ പ്രതിസന്ധി മൂർച്ഛിച്ചതോടെ അത് പരിഹരിക്കാൻ 4,200 കോടി കൂടി കേന്ദ്രം അനുവദിച്ചു. ഇതോടെ കടമെടുപ്പ് പരിധി 32,712 കോടിയായി. നവംബറിൽ 2,249 രൂപ കൂടി കടമെടുത്തതോടെ മൊത്ത കടം 30,747 കോടിയായി. ഇനി കടം എടുക്കാൻ ബാക്കിയുള്ളത് 1965 കോടിയും.
സാമ്പത്തിക വർഷത്തിന്റെ അവസാന മാസങ്ങളിലാണ് ഏറ്റവും കൂടുതൽ ചെലവുകൾ വരുന്നത്. കേന്ദ്രം കടമെടുക്കൽ തുക വീണ്ടും ഉയർത്തിയില്ലെങ്കിൽ ശമ്പളവും പെൻഷനും മുടങ്ങും എന്ന് കണക്കുകളിൽ നിന്ന് വ്യക്തം.