സിറിയയിൽ 54 വർഷത്തെ കുടുംബവാഴ്ച്ചക്ക് അവസാനമായിരിക്കുന്നു.. രാജ്യത്ത് 13 വർഷമായി നിലനിന്നിരുന്ന ആഭ്യന്തര യുദ്ധത്തിൽ തോറ്റ് ബഷർ അൽ അസദ് എന്ന ഭരണാധികാരി റഷ്യയുടെ കുടക്കീഴിൽ അഭയം പ്രാപിച്ചിരിക്കുന്നു.
ഇപ്പോൾ രാജ്യം വിട്ടോടിയിരിക്കുന്ന ബഷർ അൽ അസദിന്റെ പിതാവ് ഹാഫിസ് അൽ അസദ്. സിറിയയുടെ പ്രധാനന്ത്രി പദത്തിലെത്തുന്നത് 1970 അതിനാടകീയമായ അട്ടിമറിയിലൂടെയായിരുന്നു. പിന്നീട് പ്രസിഡന്റ് പദവിയിലെത്തിയ അദ്ദേഹം 2000ത്തിൽ മരിക്കുന്നത് വരെ പ്രസിഡന്റായി അധികാരത്തിൽ തുടരുന്നു. പിന്നീട് ബഷർ അസദ് അധികാരത്തിലെത്തിയത്. പിതാവിന്റെ പിൻഗാമിയായി അധികാരത്തിലേറിയ ബഷർ അൽ അസദ് രാജ്യത്ത് പുരോഗതി കൊണ്ടുവരുമെന്ന് കരുതിയിരുന്നെങ്കിലും കാര്യങ്ങൾ തകിടം മറിയുന്ന കാഴ്ച്ചയാണ് പിന്നീട് ലോകരാഷ്ട്രീയം കാണുന്നത്.
ആഭ്യന്തരയുദ്ധം കൊണ്ട് ഛിന്നഭിന്നമായ രാജ്യത്തെ അധികാരം നിലനിർത്താനുള്ള അസദിന്റെ ക്രൂരമായ നടപടികൾ ജനങ്ങൾക്ക് മേൽ സമ്മർദമേറ്റി. ജനപ്രതിഷേധങ്ങളേയും പ്രക്ഷോഭങ്ങളേയും നിഷ്‌കരുണം അടിച്ചമർത്തിയതോടെ പ്രതിഷേധങ്ങളുടെ രീതി മാറി. പ്രതിഷേധങ്ങളും കലാപങ്ങളും ആഭ്യന്തര യുദ്ധമായി മാറുകയായിരുന്നു.
ആരാണ് ബഷർ അസദിനെ കെട്ടുകെട്ടിച്ച അബു മൊഹമ്മദ് അൽ ജൊലാനി..
അഞ്ച് ദശാബ്ദങ്ങൾ നീണ്ട ബാത്തിസ്റ്റ് സ്വേച്ഛാധിപത്യത്തെ ഇല്ലാതാക്കിയ വിമതമുന്നേറ്റമായ ഹയാത് അൽ ഷാമിനെ നയിക്കുന്നത് അബു മൊഹമ്മദ് അൽ ജൊലാനിയാണ്. സിറിയയുടെ അധികാരം ജൊലാനിയിലേക്കെത്തുമ്പോൾ ഇനി എന്താണ് സിറിയയിൽ സംഭവിക്കുക. ദശാബ്ദങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ അസദിനെ നാടുകടത്തിയ ജൊലാനി ആരാണ്?
സിറിയയെ വീണ്ടെടുക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ പോരാട്ടത്തിലേർപ്പെട്ടിരുന്ന സായുധ പോരാളികളാണ് ഹയാത് തഹരിൽ അൽ ഷാം അഥവാ എച്ച്.ടി.എസ്. ഒരുകാലത്തെ ജിഹാദി നേതാവിൽ നിന്ന് അസദിനെ താഴെയിറക്കാൻ പ്രായോഗികവാദിയായി മാറിയ ജൊലാനിയാണ് അവരുടെ നായകൻ. വർഷങ്ങളോളം ഒളിഞ്ഞും തെളിഞ്ഞും പോരാടുകയായിരുന്നു ജൊലാനി നയിക്കുന്ന എച്ച്.ടി.എസ്.
അടുത്തിടെയാണ് ജൊലാനി മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടാൻ ആരംഭിച്ചത്. അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകിയും നിലപാടുകൾ വ്യക്തമാക്കിയും ആവശ്യങ്ങൾ ഉറക്കെ പറഞ്ഞും ഈ അടുത്തകാലത്ത് ജൊലാനി സ്‌പോട്ട്‌ലൈറ്റിൽ തന്നെയുണ്ടായിരുന്നു. ജൊലാനിയുടെ വാക്കുകൾ കേൾക്കാൻ ഭൂരിഭാഗം സിറിയൻ പൗരന്മാരും കാതുകൂർപ്പിച്ചു, കാരണം സിറിയയുടെ ഭാവി എന്താണെന്ന സൂചനകൾ ജൊലാനിയുടെ ഓരോ വാക്കിലുമുണ്ടായിരുന്നു.
തുടക്കം തീവ്രവാദിയായി
അൽ ഖ്വയ്ദയിലൂടെ തീവ്രവാദിയായിട്ടായിരുന്നു ജൊലാനിയുടെ തുടക്കം. പിന്നീട് നിലപാടിൽ മാറ്റം വന്നു. മറ്റ് ഇസ്ലാമിക തീവ്രവാദസംഘങ്ങളെ പോലെ പാശ്ചാത്യരാജ്യങ്ങൾക്കെതിരേ കലാപം നയിക്കലല്ല, സിറിയയിൽ സ്വേച്ഛാധിപത്യത്തിലാണ്ട അസദിനെ താഴെയിറക്കൽ മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ജൊലാനി പ്രഖ്യാപിച്ചു.
അൽ ഖ്വയ്ദയുടെ സിറിയൻ ശാഖയായിട്ടായിരുന്നു ഹയാത് അൽ ഷാം പ്രവർത്തിച്ചിരുന്നത്. എന്നാൽ 2016മുതൽ അൽഖ്വയദയുമായി ബന്ധം പുലർത്താതെയാണ് ഹയാത് അൽ ഷാം പ്രവർത്തിച്ചുവരുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
1982ൽ സൗദിയിലെ റിയാദിലാണ് ജൊലാനി ജനിച്ചത്. എണ്ണക്കമ്പനിയിൽ എഞ്ചിനീയറായിരുന്നു പിതാവ്. അതുകൊണ്ടുതന്നെ മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയുള്ള കുടുംബത്തിലായിരുന്നു ജനനം. പഠനത്തിൽ മിടുക്കനായിരുന്ന ജൊലാനിയുടെ യഥാർഥ പേര് അഹമ്മദ് അൽ ഷാറ എന്നായിരുന്നു. പിതാവിന്റെ നാടായ ഡമാസ്‌കസിലാണ് ജൊലാനി വളർന്നത്.
2001ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് ശേഷമാണ് തീവ്രവാദ ചിന്തകളിലേക്ക് ജൊലാനി കടക്കുന്നത്. പിന്നാലെ ഡമാസ്‌കസിന്റെ പ്രാന്തപ്രദേശങ്ങളിലും ചർച്ചകളിലും ഒളിഞ്ഞും രഹസ്യമായും ജൊലാനി പങ്കെടുക്കാനാരംഭിച്ചു. അൽഖ്വയ്ദയിൽ ചേർന്നുപ്രവർത്തിക്കണമെന്നായിരുന്നു ആഗ്രഹം. അതിനാൽ 2003ൽ ഇറാഖിൽ അമേരിക്ക അധിനിവേശം നടത്തുന്നതിന് ആഴ്ചകൾക്ക് മുൻപ് ജൊലാനി ഇറാഖിലെത്തി. ഇറാഖിൽ വെച്ച് അൽഖ്വയ്ദയുമായി സഖ്യം ചേർന്നു. എന്നാൽ ഇറാഖ് സേനയുടെ കസ്റ്റഡിയിലായതിനെ തുടർന്ന് അഞ്ച് വർഷം ജൊലാനി തടവിലാക്കപ്പെട്ടു. അതോടെ ജിഹാദി സംഘടനയുടെ നേതാവായി വളരാനുള്ള അവസരവും ജൊലാനിക്ക് നഷ്ടമായി. 2008ൽ തടവുശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെ ജൊലാനി വീണ്ടും അൽ ഖ്വയ്ദയുടെ പ്രവർത്തനങ്ങളിൽ സജീവമായി.
ചാവേറാക്രമണത്തിലൂടെ എൻട്രി
അന്ന് അബൂബക്കർ അൽ ബാഗ്ദാദി ആയിരുന്നു അൽ ഖ്വയ്ദയെ നയിച്ചിരുന്നത്. 2011ൽ ജന്മനാടായ സിറിയയിൽ അസദ് ഭരണത്തിനെതിരേ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ ബാഗ്ദാദിയുടെ നിർദേശപ്രകാരം ജൊലാനി സിറിയയിലേക്ക് തിരിച്ചെത്തി. സിറിയയിൽ ഒരു ചാവേറാക്രമണം നടത്തിക്കൊണ്ടാണ് ജൊലാനിയുടെ വരവ് അൽ ഖ്വയ്ദ സിറിയയെ അറിയിച്ചത്.
സിറിയയിലെത്തിയ ജൊലാനി അൽ ഖ്വയ്ദയുടെ സിറിയൻ ശാഖയായി അൽ നുസ്ര ഫ്രണ്ട് എന്നൊരു സംഘടനയ്ക്ക് രൂപം നൽകി. അതിതീവ്രമായ പ്രവർത്തനങ്ങളായിരുന്നു അൽ നുസ്ര നടത്തിക്കൊണ്ടിരുന്നത്. സിറിയയിൽ അസദ് ഭരണകൂടത്തിനെതിരേ പോരാട്ടം നയിക്കാൻ സാമ്പത്തികവും മാനുഷികവും സായുധപരവുമായ സഹായങ്ങൾ ബാഗ്ദാദി നൽകിക്കൊണ്ടിരുന്നു. സിറിയയിലെ ആഭ്യന്തരയുദ്ധത്തിനിടെ അൽ നുസ്രത് സംഘടനയും ശക്തിപ്രാപിക്കാൻ തുടങ്ങി. അസദിനെ ഭരണത്തിൽ നിന്ന് പുറത്താക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ആദ്യം മുതൽക്കേ തന്നെ അൽ നുസ്രത് പ്രഖ്യാപിച്ചിരുന്നു. പ്രവർത്തനങ്ങൾ ശക്തിപ്പെട്ടതോടെ സിറിയയിൽ അധികാരം പിടിക്കാനുള്ള നീക്കങ്ങളിലേക്ക് ജൊലാനി കടന്നു. ഏറ്റവും ആദ്യം രാജ്യത്തെ പ്രധാനമേഖലയായ ഇദ്‌ലിബ് നഗരം അൽ നുസ്ര നിയന്ത്രണത്തിലാക്കി.
അതിനിടെയാണ് 2013ൽ അബൂബക്കർ അൽ ബാഗ്ദാദിയുമായി ജൊലാനി വഴിപിരിഞ്ഞത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ആമിറായി ബാഗ്ദാദിയെ പിന്തുണയ്ക്കണമെന്ന ആവശ്യം ജൊലാനി നിരസിക്കുക മാത്രമല്ല അൽ ഖ്വയ്ദയുടെ അയ്മൻ അൽ സവാഹിരിക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. ഇസ്ലാമിക് സ്റ്റേറ്റിനൊപ്പം ചേരണമെന്ന ബാഗ്ദാദിയുടെ ആവശ്യവും ജൊലാനി നിരസിച്ചിരുന്നു. ജൊലാനിക്ക് സിറിയയിലെ തന്റെ അധികാരം നിലനിർത്താനായിരുന്നു ബഗ്ദാദിയുമായി വിഴിപിരിഞ്ഞത്. ഐഎസ് അല്ല അൽ നുസ്രയാണ് അൽ ഖ്വയ്ദയുടെ യഥാർഥ പ്രതിനിധിയെന്ന് ജൊലാനി വാദിച്ചു. അസാദിനെ പുറത്താക്കി ശരിയത്ത് നിയമത്തിന് കീഴിൽ രാഷ്ട്രം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
അമേരിക്കയെ പിണക്കാതെ അല്‍ ഖ്വയ്ദയെ ഒഴിവാക്കുന്നു
2017ൽ വടക്ക് പടിഞ്ഞാറൻ സിറിയിൽ ഫ്രീ സിറിയൻ ആർമി എന്ന ഇസ്ലാമിസ്റ്റ് സംഘടനയുമായി ജൊലാനിയുടെ എച്ച്.ടി.എസ് കൈകോർത്തു. അസദ് സർക്കാരിന്റെ നിയന്ത്രണത്തിൽ നിന്ന് കൈവിട്ടുപോയ ഇദ്ലിബിന്റെ ഭരണം ജൊലാനിയിലേക്കെത്തി. ഇദ്‌ലിബ് മേഖലയുടെ ആമിറായി ജൊലാനി അധികാരമേറ്റു. ഇദ്ലിബിലെ അധികാരം നിലനിർത്താൻ ആഗ്രഹിച്ച ജൊലാനിക്ക് മുന്നിലെ മറ്റൊരു പ്രതിസന്ധി അൽ നുസ്രയ്‌ക്കൊപ്പമുള്ള അൽ ഖ്വയ്ദ എന്ന പേരായിരുന്നു.
ഒരിക്കൽ അൽ ഖ്വയ്ദയ്ക്ക് വേണ്ടി വാദിച്ചെങ്കിലും അധികാരത്തിലേക്കുള്ള യാത്രയിൽ അതൊരു ബാധ്യതയായാണ് ജൊലാനിക്ക് അനുഭവപ്പെട്ടത്. അൽ ഖ്വയ്ദയുടെ വാലുപിടിച്ച് പ്രവർത്തിക്കുന്നത് പാശ്ചാത്യരാജ്യങ്ങൾ തങ്ങളെ ആക്രമിക്കുന്നതിലേക്ക് നയിക്കുമെന്നും യഥാർഥ ലക്ഷ്യത്തിന് വേണ്ടി പ്രവർത്തിക്കാൻ തടസ്സമാവുമെന്നും ജൊലാനി ഭയന്നു. തുടർന്ന് സംഘടനയുടെ പേര് ജബത് അൽ നുസ്ര എന്നതിൽ നിന്ന് മാറ്റി ഫത്തേ അൽ ഷാം എന്നാക്കി. പിന്നീട് വീണ്ടും പേര് മാറ്റി ഇന്നുള്ള ഹയത് താഹിരിർ അൽ ഷാം എന്നാക്കി മാറ്റി.
പുതിയ സംഘടനയ്ക്ക് അൽഖ്വയ്ദയുമായി യാതൊരു ബന്ധവുമില്ലെന്നാണ് അന്നുമുതൽ ജൊലാനി പറയുന്നത്. പാശ്ചാത്യരാജ്യങ്ങൾക്കെതിരേ അല്ല, അസദിന്റെ സ്വേച്ഛാധിപത്യത്തിനെതിരേ മാത്രമാണ് എച്ച്.ടി.എസ് പ്രവർത്തിക്കുന്നത് എന്നാണ് ജൊലാനി വ്യക്തമാക്കിയത്. വിശ്വസ്തതയുള്ള ഒരു രാഷ്ട്രീയനേതാവാകാനുള്ള ശ്രമങ്ങളായിരുന്നു പിന്നീട് ജൊലാനിയിൽ കണ്ടത്.
ഇദ്ലിബിൽ ജൊലാനി ഒരു സർക്കാരുണ്ടാക്കി, ഉദ്യോഗസ്ഥ സംഘത്തെ രൂപപ്പെടുത്തി, ശരിയത്ത് നിയമം അടിസ്ഥാനമാക്കിയുളള ന്യായസംഹിതകളുണ്ടാക്കി. മറ്റൊരു കറൻസി പോലും ഇദ്ലിബിലേക്കെത്തിച്ചു. തുർക്കിയുടെ കറൻസിയായ ലിറ ആണ് ജൊലാനി ഇദ്ലിബിന്റെ ഔദ്യോഗിക കറൻസിയാക്കി തിരഞ്ഞെടുത്തത്. നയതന്ത്രത്തിലും ജൊലാനി ഇടപെടൽ ശക്തമാക്കി.
ഭരണകൂടത്തിന്റെ സഖ്യകക്ഷികളായ ഹിസ്ബുള്ളയും ഇറാനും സിറിയയിൽ ഇസ്രായേലിന്റെ ആക്രമണത്തിനിരയായപ്പോൾ അദ്ദേഹം അതിലൊന്നും ഇടപെടാതിരിക്കുകയായിരുന്നു. ഇസ്രായേലിനെയും യുഎസിനെയും അസ്വസ്ഥരാക്കാതിരിക്കാൻ ജൊലാനി ശ്രദ്ധിച്ചു, അതിനാൽ തന്നെ ഇസ്രായേലും യുഎസും അദ്ദേഹത്തെ ലക്ഷ്യം വെച്ചതുമില്ല.
അമേരിക്കയുടെ തീവ്രവാദ പട്ടികയിലുൾപ്പെടുത്തിയ നേതാക്കളിലൊരാളാണ് ജൊലാനി. സിറിയയിലൊഴികെ വിഘടനവാദ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും ജൊലാനി ഒരിക്കലും അദ്ദേഹത്തിന്റെ തീവ്രവാദ പ്രത്യയശാസ്ത്രത്തെ തള്ളിപ്പറഞ്ഞിട്ടില്ല.
കൃത്യമായ സമയം, വ്യക്തമായ ആസൂത്രണം
സിറിയയിൽ ആഭ്യന്തരയുദ്ധം കെട്ടടങ്ങുകയാണ് എന്ന് ചിന്തിച്ചിരിക്കുപ്പോഴായിരുന്നു കൃത്യമായ സമയത്ത്, വ്യക്തമായ ആസൂത്രണത്തിലൂടെ ജൊലാനിയും എച്ച്.ടി.എസും സിറിയയുടെ തലസ്ഥാനം ലക്ഷ്യമിട്ട് കടന്നുകയറ്റം ആരംഭിച്ചത്. 2024 നവംബറിൽ ജൊലാനി തന്റെ നീക്കം നടത്തുകയും ചെയ്തു. എച്ച്.ടി.എസ്സിനെ സംബന്ധിച്ച് അത് കൃത്യമായ സമയവുമായിരുന്നു. അസദ് സർക്കാരിനെ സഹായിക്കാനുള്ളവരെല്ലാം മറ്റ് പല യുദ്ധങ്ങളിലും തിരക്കിലായ സ്ഥിതിയായിരുന്നു.
ഇസ്രയേലുമായുള്ള ദീർഘകാലത്തെ പോരാട്ടത്തിന്റെ ക്ഷീണത്തിലാണ് ഹിസ്ബുള്ളയുള്ളത്. ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ സിറിയയിലെ നിരവധി മുതിർന്ന കമാൻഡർമാരെ ഇറാനും നഷ്ടമായി. റഷ്യയാവട്ടെ യുക്രൈനുമായുള്ള യുദ്ധത്തിലുമാണ്. അസദ് ഭരണത്തെ അവസാനിപ്പിക്കാനുള്ള ഏറ്റവും നല്ല സമയം ഇതാണെന്ന് ജൊലാനി കണക്കാക്കി,
തെറ്റിയില്ല. ദിവസങ്ങൾ നീണ്ട പ്രക്ഷോഭത്തിനൊടുവിൽ തലസ്ഥാനമായ ഡമാസ്‌കസ് അടക്കമുള്ള തന്ത്രപ്രധാനമേഖലകൾ എച്ച്.ടി.എസ് നിയന്ത്രണത്തിലാക്കി. ബ്രാഷർ അൽ അസദിന്റെ ഭരണകൂടം നിലംപതിച്ചു. അസദ് നാടുവിടുകയും ചെയ്തു. അധികാരം കൈമാറാൻ തയ്യാറാണെന്നും ജനവിധി അംഗീകരിക്കുമെന്നും അവരുടെ ഇംഗിതത്തിനൊപ്പം സഹകരിക്കുമെന്നും സിറിയൻ പ്രധാനമന്ത്രി മൊഹമ്മദ് അൽ ജലാലി അറിയിക്കുകയും ചെയ്തതോടെ വിജയം വിമതർക്കൊപ്പമെന്ന അംഗീകാരവും ലഭിച്ചു.